Monday, December 24, 2018

വോയ്‌സ് മെസ്സേജ്

മണിക്കൂറുകൾ നീണ്ട മീറ്റിങ്ങ് കഴിഞ്ഞു നീരജ് കാറിലേക്ക് കയറി .തിരക്കൊഴിഞ്ഞ നേരത്ത് മെസ്സഞ്ചറിലൂടെ വിരലോടിച്ചു പോകുന്നതിനിടയിൽ പതിവില്ലാതെ അച്ഛന്റെ വോയിസ് മെസ്സേജ് സ്ക്രീനിൽ തെളിഞ്ഞു വന്നു..
പൊതുവെ അച്ഛന്റെ മെസ്സേജുകൾ നോക്കാറില്ല.. പരിഭവങ്ങൾ അല്ലെങ്കിൽ പരാതികൾ ഇതൊക്കെയാവുമെന്ന മുൻവിധിയിൽ ഒഴിവാക്കാറാണ് പതിവ്. പക്ഷെ  ഇതാദ്യമായാണ് അച്ഛൻ  വോയിസ് മെസ്സേജ് അയക്കുന്നത് .
എന്തായാലും നോക്കാമെന്ന ചിന്തയിൽ വോയിസ് മെസ്സേജിന്റെ പ്ലേ ബട്ടണിൽ വിരലമർന്നു. "മോനെ നീ ഇത് കേൾക്കുമോ എന്നെനിക്കറിയില്ല .." കേട്ട് തഴമ്പിച്ച അച്ഛന്റെ ശബ്ദം ബ്ലൂടൂത്ത് വഴി  കാറിന്റെ സറൗണ്ട് സ്പീക്കറിലൂടെ കാതിലെത്തി..
നാശം!!, ഇവിടെയും മനംമടുപ്പിക്കുന്ന ശബ്ദം.. നീരജ് മെസഞ്ചറിൽ നിന്നും എക്സിറ് ചെയ്തു ആക്സിലറേറ്ററിൽ കാലമർത്തി; നഗരത്തിന്റെ തിരക്കിലലിഞ്ഞു വീട് ലക്ഷ്യമാക്കി മുന്നോട്ടു കുതിച്ചു.
ബേസ്മെന്റിലെ പാർകിങ് ഏരിയയിൽ കാർ പാർക്ക് ചെയ്ത് , ഫ്ലോറിലെ  പഞ്ചാബി  സെക്യുരിറ്റിയോടു കുശലം പറഞ്ഞു  നേരെ ലിഫ്റ്റിലേക്ക് കയറി.  ലിഫ്റ്റിലെ ഡിജിറ്റൽ സ്ക്രീനിൽ ഫ്ലോറുകൾ മാറി മറിഞ്ഞു 33 എത്തി നിന്നു.
ഫ്ലാറ്റിലെ കോളിങ്ങ് ബില്ലിൽ വിരലമർത്തി കാത്തിരിക്കുമ്പോൾ എങ്ങനെയെങ്കിലും ഒന്ന് മയങ്ങണം എന്ന ചിന്ത മാത്രമേ അയാൾക്ക്  ഉണ്ടായിരുന്നുള്ളൂ.
"നീരജ്, നീ  ഇന്ന് വൈകിയല്ലോ" പ്രിയങ്ക വാതിൽ തുറന്നുകൊണ്ട് ചോദിച്ചു.
ഇന്ന് വൈകീട്ട് തുടങ്ങിയ മീറ്റിങ് അവസാനിച്ചിട്ട് കുറച്ചു സമയയമായെ ഉള്ളൂ..
എവിടെ എന്റെ മോൻ? ആദി അച്ഛന്റെ ശബ്ദം കേട്ട് ഓടി വന്നു..
എല്ലാ ക്ഷീണവും മറന്നു നീരജ് ആദിയെ കോരിയെടുത്തു .. നീ ഉറങ്ങില്ല ഡാ... അച്ഛന്റെ പൊന്നു മോൻ ?
"അച്ഛന്റെ ‘കുമ്പേമ്മിൽ’ കിടക്കാതെ, കഥ കേൾക്കാതെ ഉറങ്ങില്ലലോ ഈ ആദി".... അവന്റെ കൊഞ്ചിയുള്ള സംസാരം നീരജിന്റെ എല്ലാ ക്ഷീണവും ഇല്ലാതാക്കി.
ആദിയെ നെഞ്ചിൽ കിടത്തി കഥ കേൾപ്പിച്ചുറക്കി, നീരജിനു അത്രയേറെ പ്രിയപ്പെട്ടതാണ് ആദി.. ആദിക്ക് നീരജിനെയും ... കഥകേൾക്കാതെ, നീരജിന്റെ നെഞ്ചിൽ കിടക്കാതെ ഉറങ്ങില്ല അവൻ ..
പ്രിയങ്കാ, ഇന്ന് അച്ഛന്റെ ഒരു വോയിസ് മെസ്സേജ് ഉണ്ടായിരുന്നു, ഞാൻ അത് കേൾക്കാൻ നിന്നില്ല, പരിഭവും പരാതിയുമില്ലാതെ അച്ഛന് വേറൊന്നും പറയാനുണ്ടാവില്ല.
വേണ്ട നീരജ്, അത് കേൾക്കണ്ട….. ഉള്ള മൂട് കളയാൻ !!...
ഓ, അമ്മ മരിച്ചതിൽ പിന്നെ അച്ഛന് പരാതിയെ ഉള്ളൂ.. നമ്മൾ  നോക്കാത്തതിന്റെയാവും..
അല്ലേലും അച്ഛന് എന്തിന്റെ കുറവാ, മാസം പതിനയ്യായിരം രൂപ അവിടെ നമ്മൾ കൊടുക്കുന്നില്ലേ? എല്ലാ സൗകര്യവും അവർ ചെയ്യുന്നുണ്ട്, അത് മതി..
അത് നീ  ഡിലീറ്റ് ചെയ്തു കള നീരജ്!! ..
വേണ്ട പ്രിയങ്ക, അതവിടെ കിടക്കട്ടെ, ഡിലീറ്റ് ചെയ്യേണ്ട.. ശരി നമുക്കുറങ്ങാം...
***********
മൊബൈൽ ഫോണിന്റെ നിർത്താതെയുള്ള റിംഗ് കേട്ട് പ്രിയങ്ക നീരജിന്റെ ഫോൺ എടുത്ത്  നോക്കീ, സമയം 4 മണി ആയിക്കാണും, അച്ഛൻ താമസിക്കുന്ന സദനത്തിലെ നമ്പറിൽ നിന്നുള്ള കാൾ ആയിരുന്നു...
നീരജ്, ആനന്ദ സദനത്തിൽ നിന്നും വിളിക്കുന്നു, നീ ഒന്ന് നോക്കിക്കേ ..
ഹാലോ... , ആരാ?  ഉറക്കച്ചടവോടെ നീരജ് ഫോണെടുത്തു..
സർ .... സർഇത് അജയ് ആണ്,  ആനന്ദ സദന’ത്തിൽ നിന്ന്,  
സാർ ഇവിടേക്ക് വരണം .. അച്ഛന് ....
ഞാൻ വരാം..എന്ത് പറ്റി ?  കുഴപ്പം വല്ലതും
സാറിന്റെ  അച്ഛൻ ... ഇന്നലെ രാത്രി ....... മരിച്ചു...
ഓഹ് !!!!! ...
ശരി .. ഒരു ദീർഘ നിശ്വാസത്തോടെ നീരജ് ഫോൺ കട്ട് ചെയ്തു.
എന്താ? എന്ത് പറ്റി നീരജ് ? ആരാ വിളിച്ചത് ?
പ്രിയങ്കയുടെ ചോദ്യത്തിന് ഒരു നീണ്ട മൗനമായിരുന്നു നീരജിന്റെ മറുപടി..
വാ നമുക്ക് വേഗം നാട്ടിലേക്ക് പോണം, അച്ഛൻ .. അച്ഛൻ ഇനി ഇല്ല !!!...

അച്ഛൻ അയച്ച വോയിസ് മെസ്സേജ് കേൾക്കാതെ പോയതിന്റെ കുറ്റബോധം നീരജിന്റെ അസ്വസ്ഥനാക്കി.
അവസാനമായി അച്ഛന് എന്തോ പറയാനുണ്ടായിരുന്നിരിക്കണം .. അതായിരിക്കാം  മെസ്സേജ്....

വേഗത്തിൽ റെഡിയായി, നീരജ് കാർ സ്റ്റാർട്ട് ചെയ്തു.

യാത്രക്കിടയിൽ ഒരിക്കൽ കൂടെ ആ വോയിസ് മെസ്സേജിന്റെ പ്ലേ ബട്ടണിൽ അയാളുടെ വിരലമർന്നു ... ഹെഡ്സെറ്റിലൂടെ അച്ഛന്റെ നനുത്ത ശബ്ദം ഹൃദയത്തിലേക്ക് കിനിഞ്ഞിറങ്ങി…  പതിയെ ശരീരത്തിന്റെ ഭാരം ഇല്ലാതായ പോലെ, ഒരു സ്വപ്ന ലോകത്തേക്ക് പറന്നുയരുന്നു.. പറന്നു പറന്നു അച്ഛന്റെ തൊട്ടടുത്തിരുന്നു സംസാരിക്കുന്ന പോലെ... 
മോനെ, ഇത് നീ കേൾക്കുമോ എന്നെനിക്കറിയില്ല, എങ്കിലും എന്റെ ഒരു സമാധാനത്തിനു ഇത്രയെങ്കിലും പറയണം എന്ന് തോന്നുന്നു; ഒരു പക്ഷെ, ഇന്ന് നീ ഇത് മുഴുവൻ കേട്ടില്ലെങ്കിലും, ഞാൻ ഇല്ലാതായ ശേഷം, ഒരിക്കലെങ്കിലും അച്ഛന്റെ ശബ്ദം കേൾക്കണം എന്ന് തോന്നിയാൽ,.......... അന്ന് നീ ഇത് കേട്ടാൽ , അച്ഛന് സമാധാനമായി...
നീ വളർന്നു വലുതാവാതിരുന്നെങ്കിൽ എന്നാഗ്രഹിച്ച, നിന്റെ കുഞ്ഞു ശബ്ദം ഓർമയിൽ വല്ലാതെ വീർപ്പുമിട്ടിച്ച രാത്രികളിൽ, നിന്നോടൊരൽപം സംസാരിക്കാൻ കൊതിച്ച നിമിഷങ്ങളിലൊന്നിലാണ് വോയ്സ് റെക്കോർഡ് ചെയ്യാൻ അച്ഛനു തോന്നിയത് ...
ഇപ്പോൾ നീ എന്റെ അടുത്തുള്ള പോലെ,  നിന്റെ  സാമീപ്യം അറിയുന്ന പോലെ; ഇനി എനിക്ക് നിന്നോട് സംസാരിച്ചു തുടങ്ങാം... നീ ഒന്ന് മൂളുകപോലും ചെയ്തില്ലെങ്കിലും എനിക്ക് പരിഭവമില്ല.. നീ എന്നെ കേൾക്കുന്നു എന്ന തോന്നൽ മാത്രം മതി..
നക്കോർമയുണ്ടോ അച്ഛന്റെ അടുത്ത് മാത്രം കിടന്നുറങ്ങാൻ കൊതിച്ച നിന്റെ കുഞ്ഞു മനസിനെ? അച്ഛന്റെ നെഞ്ചിൽ മുഖമമർത്തി താരാട്ടു കേട്ട്, കഥകേട്ട് ഉറങ്ങിയ ബാല്യത്തെ; ഒരു പക്ഷെ നിന്റെ അമ്മയെക്കാൾ നീ സ്നേഹിച്ചത് അച്ഛനെ ആയിരുന്നു.. നീ കൊതിച്ചത് അച്ഛന്റെ സാമീപ്യമായിരുന്നു...
ഒരു ഈർക്കിൽ കൊണ്ട് പോലും നിന്നെ തല്ലാൻ അശക്തനായിരുന്നു അച്ഛൻ ..
അത്രയേറെ നിന്നെ സ്നേഹിച്ച , അല്ലെങ്കിൽ നീ സ്നേഹിച്ച...  നമുക്കിടയിൽ എവിടെ വെച്ചാണ് ഞാൻ നിനക്കൊരു ഭാരമായത് ? 
നീ യൗവനത്തിലേക്കും ഞാൻ വാർദ്ധക്യത്തിലേക്കും നടന്നു കയറിയ ദിനരാത്രങ്ങളിൽ, അച്ഛൻ നിന്റെ മനസ്സിൽ നിന്നും പടിയിറങ്ങി ത്തുടങ്ങിയിരുന്നു അല്ലെ ? അമ്മ മരിച്ചതിൽ പിന്നെ, ഒന്ന് മനസ്സ് തുറന്നു സംസാരിക്കാൻ പോലും എനിക്ക്  ആരുമുണ്ടായിരുന്നില്ലല്ലോ ....
എനിക്ക് പരിഭവമില്ല.. തിരികെ കിട്ടും എന്ന പ്രതീക്ഷയിൽ പിടി സ്നേഹം പോലും നിനക്ക് ഞാൻ തന്നിട്ടില്ല.. 
പക്ഷെ, ചിലപ്പോഴെങ്കിലും ഒറ്റപ്പെടൽ ... അതെനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാകാറുണ്ട് ..നീ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകാറുണ്ട്.... 
എനിക്കറിയാം ഒരുപാട് തിരക്കുകൾക്കിടയിൽ അച്ഛനെ ഓർക്കാൻ നിനക്ക് കഴിഞ്ഞെന്നു വരില്ല.
നിന്റെ കുഞ്ഞുനാളിൽ എപ്പഴോ ഒരിക്കൽ റെക്കോർഡ് ചെയ്ത നിന്റെ ശബ്ദശകലങ്ങൾ അച്ഛൻ സൂക്ഷിച്ചിട്ടുണ്ട്  മൊബൈൽ ഫോണിൽ  ...  
ഒരല്പം പോലും മടുപ്പില്ലാതെ  പല ആവർത്തി കേട്ടിരിക്കുന്നു... നിഷ്കളങ്കമായ ചിരി, ചോദ്യശകലങ്ങൾ , പിണക്കങ്ങൾ എല്ലാം .. അതെന്നെ,  നിന്റെ  ബാല്യത്തിലേക്കും , എന്റെ യൗവ്വനത്തിലേക്കും കൂട്ടികൊണ്ടുപോകും. ഒറ്റപ്പെടലിന്റെ നിമിഷങ്ങളിൽ അതിനോളം മധുരമായത് മറ്റൊന്നും ഞാൻ അറിഞ്ഞട്ടില്ല....  
നിന്റെ  ആദിമോനെങ്കിലും നിന്നെ പിരിയാതിരുന്നെങ്കിൽ എന്ന് ആശയ്ക്കുന്നു.. എനിക്ക് ഉണ്ടായത് നിനക്കൊരിക്കലും ഉണ്ടാകല്ലേ എന്ന പ്രാർത്ഥന മാത്രം.
കൂടുതൽ സംസാരിച്ചു നിന്റെ സമയം കളയുന്നില്ല... പറയാൻ ഒരുപാടുണ്ട് മനസ്സിൽ..
ഇനിയൊരിക്കലൂം പറയാൻ കഴിഞ്ഞില്ലെങ്കിലോ എന്നൊരു  ഭയം കൂടെയുണ്ട്....  മരണത്തിന്റെ തണുപ്പ് തേടിയെത്തും മുന്നേ ഇത്രയെങ്കിലും നിന്നോട് പറയാൻ കഴിഞ്ഞല്ലോ എന്ന സമാധാനത്തട്ടിൽ ഞാൻ ഉറങ്ങാൽ കിടക്കട്ടെ...
മെസ്സഞ്ചറിന്റെ സെന്റ് ബട്ടണിൽ കയ്യമർത്തി പതിവിലും ആശ്വാസത്തോടെ കിടക്കയിലേക്ക് ചാഞ്ഞു. മെസ്സഞ്ചറിന്റെ മെസ്സേജ് ഡെലിവറി ഇരട്ട ശരിഅടയാളത്തോടെ അയാളെ നോക്കി ചിരിച്ചു. റീഡ് റെസിപ്റ്റിന്റെ നീല  ശരി അടയാളത്തിനായി  മൊബൈൽ ഫോൺ താഴെ വെക്കാതെ പ്രതീക്ഷയോടെ  ഫോണിന്റെ സ്ക്രീനിലേക്ക് മിഴിനട്ടു കാത്തിരുന്നു.
ഏറെ നേരത്തെ കാത്തിരിപ്പിന്റെ ഫലം നിരാശയായി; ഒരു പക്ഷെ അവൻ തിരക്കിലായിരിക്കും അതായിരിക്കും അവൻ മെസേജ് നോക്കാതിരിക്കുന്നതെന്ന് സ്വയം ആശ്വാസിപ്പിച്ചു പതിയെ ചെരിഞ്ഞു കിടന്നു.
കുറെ  നാളുകൾക്കു ശേഷം മകനോട് നേരിട്ട് സംസാരിച്ചപോലെ.. മൊബൈൽ തലയിണക്കടിയിൽ തിരുകിവെച്ചു മെല്ലെ ഉറക്കത്തിലേക്കയാൾ  വഴുതിവീണു.
മരണത്തിന്റെ തണുത്ത കൈകൾ അയാളെ തേടിഎത്തി .. ഒരിളം കാറ്റിന്റെ നൈർമല്യത്തോടെ അയാളിലെ ജീവൻ മരണം കവർന്നെടുത്തു , ആർക്കും ഭാരമാകാതെ ഒരപ്പൂപ്പൻ താടിപോലെ .....
*********************************
നീരജ് ഞെട്ടിയുണർന്നു, വിജനമായ നഗരപാതയിലൂടെ കാർ അപ്പോഴും മുന്നോട്ടു കുതിക്കുകയായിരുന്നു, അയാൾ  സ്റ്റെയറിങ്ങിൽ അമർത്തി പിടിച്ചു ;

നീരജിന്റെ കണ്ണുകൾ നിറഞ്ഞു, അച്ഛനോടൊപ്പമുണ്ടായിരുന്ന നല്ല നാളുകൾ ഓർമയിലേക്ക് പതഞ്ഞെത്തി.. 
ഒരു പക്ഷെ നാളെ ആദിയും...!!!
അയാളുടെ കൈകൾ ആദിയുടെ കുഞ്ഞുകൈത്തലം പുൽകി.. അവൻ അപ്പോഴും പ്രിയങ്കയുടെ മടിയിൽ ഉറക്കമായിരുന്നു... എത്രയും വേഗം അച്ഛനെ കാണാൻ കൊതിക്കുന്ന മനസ്സുമായി  "ആനന്ദ സദനം" ലക്ഷ്യമാക്കി നീരജ് കാറിന്റെ ആക്സിലറേറ്ററിൽ ആഞ്ഞു ചവിട്ടി...

No comments:

Post a Comment

2018 അകലുമ്പോൾ