Saturday, February 6, 2016

നിറം മങ്ങിയ പ്രഭാതങ്ങള്‍


അതെ, അയാളുടെ പ്രഭാതങ്ങലുടെ നിറം മങ്ങി തുടങ്ങിയിട്ട് നാളേറെയായി , ഇരുളിൻറെ ദൈർഘ്യം പതിവിലും കൂടി വന്നുതുടങ്ങിയപ്പോളാണ്   ശ്രദ്ധിച്ചു തുടങ്ങിയത്. ചുമരിലെ ക്ലോക്കിൽ കണ്ണ് പതിയാത്ത പോലെ , കാഴ്ചകൾ തെന്നിമാറി  ഇരുൾമൂടിയ മൂലകളിൽ അവസാനിച്ചു. പ്രായം ഏറെയെങ്കിലും ആരെയും ശല്യപെടുത്താതെ ജീവിക്കണം എന്നത് അദ്ധേഹത്തിന്റെ  ആഗ്രഹം മാത്രമായിരുന്നില്ല ഒരു ജീവിതചര്യയായിരുന്നു. ജീവിത സൌഭാഗ്യങ്ങലുടെ നടുവിൽ ജീവിക്കുന്ന ഒരു മകന്‍റെ പിതാവായിരുന്നിട്ടും, അയാളുടെ ജീവിതം ആളൊഴിഞ്ഞ ആ പഴയ  തറവാട്ടു വീട്ടിലെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി . ഏകാന്തത അയാൾക്കിഷ്ടമായിരുന്നു, ആ വീടിന്റെ ചുമരുകളിൽ അദ്ധെഹം സ്വന്തം വിയർപ്പുമണം ആസ്വദിച്ചിരുന്നു; അയാളുടെ കഠിനാധ്വനതിന്റെ ഫമായിരുന്നു ആ വീട്, അത് തന്നെയായിരുന്നു ഒറ്റപെടലിന്റെ കാരണവും.

താൻ ജീവിച്ചതിന്റെ സാക്ഷ്യമായി ഈ വീട് നിലനിൽകണനെന്നു അയാൾ ആഗ്രഹിച്ചു , അതുകൊണ്ടു തന്നെ അത് പൊളിച്ചു മാറ്റനാനുള്ള   മകന്റെ  തീരുമാനത്തെ എതിർക്കുകയല്ലാതെ  അദ്ധെഹത്തിന് വേറെ മാർഗ്ഗം ഇല്ലായിരുന്നു . ഒടുവിൽ,  പിണങ്ങി ഇറങ്ങിയ മകനോട് താൻ മരിക്കുവോളമെങ്കിലും ഇതിനെ നിലനിർത്തണമെന്ന് അപേക്ഷിച്ചെങ്കിലും ആ വാക്കുകളുടെ വ്യാപ്തി തിരിച്ചറിയാൻ കഴിയാതെപോയ മകൻ ഭാര്യവീട്ടിൽ താമസത്തിനു പോയി....

 സ്വാതന്ത്ര്യ സമര സേനാനി , വിശിഷ്ട സേവനത്തിനു അവാര്‍ഡ് വാങ്ങിയ  ഒരു സർക്കാർ ജീവനക്കാരൻ , സാമൂഹിക പ്രവർത്തകൻ അങ്ങനെ എല്ലാ തരത്തിലും സമൂഹത്തിൽ നല്ല ഒരു സ്ഥാനം ഉണ്ടായിരുന്നു അയാൾക്ക്‌, പക്ഷേ ഇന്ന് അദ്ധെഹത്തെ ആരും ശ്രദ്ധിക്കാറില്ല. ആളൊഴിഞ്ഞ വീട്ടിലെ ഏകാന്തവാസം അയാളെ സമൂഹത്തിൽ നിന്നും ഒറ്റപെടുതിയിരിക്കുന്നു. വിരസമായ പകലുകളുടെ അവസാനം ഒരു ചെറിയ സായാഹ്ന സവാരി അത് മാത്രാമാണ് എന്നയാള്‍ക്ക് പുറംലോകവുമായുള്ള ഏക ബന്ധം.  

ഭാര്യ മരിക്കുവോളം മിണ്ടാനും പറയാനും ഒരാളുണ്ടായിരുന്നു; ഇപ്പൊ മുറ്റത്തെ മരക്കൊമ്പില്‍ വല്ലോപ്പോഴും വന്നിരിക്കുന്ന കരിങ്കാക്കയെ പറപ്പിക്കാന്‍ മാത്രമേ അയാള്‍ ശബ്ദമെടുക്കാറുള്ളൂ. തന്റെ ശബ്ദം മരിച്ചിട്ടില്ലെന്ന് അയാള്‍ തിരിച്ചറിയുന്നതും അപ്പോള്‍ മാത്രമാണ്.

ഉമ്മറത്തെ ചാരുകസേരയില്‍ ചാഞ്ഞുകിടന്നു നിറം മങ്ങിയ ഓര്‍മകള്‍ക്ക് പുറകെ അലയാന്‍ അയാക്ക് ഇഷ്ടമായിരുന്നു. ഒരു കാലത്ത് കവലകളെ ഇളക്കി മറിച്ച പൊതുയോഗങ്ങളിലെ പതിവ് കാഴ്ചയായിരുന്നു അയാള്‍. ചടുലവും ഗാംഭീര്യമുള്ളതുമായ ശബ്ദത്തില്‍ അയാള്‍ പ്രസംഗിക്കുമ്പോള്‍ മുഴങ്ങിയ നീണ്ട കയ്യടികളുടെ അലയൊലികള്‍ പലപ്പോഴും അയാളെ ആവേശഭരിതമാക്കാറുണ്ടായുരുന്നു. പക്ഷെ പൊതുസമൂഹത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴും വീട് അയാള്‍ക്ക്‌ ഒരു ദു:സ്വപ്നമായിരുന്നു. വൈകി വരുന്ന ഭര്‍ത്താവിനെ കണക്കിന് കുറ്റം പറയുന്ന ഭാര്യ, അത് കണ്ടു വളര്‍ന്ന മകന്‍ അനുസരണക്കെടിന്റെ സഹയാത്രികനയത് സ്വാഭാവികമെങ്കിലും വേദനാജനകമായിരുന്നു.

അയാള്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും മദ്യപിച്ചിട്ടില്ലായിരുന്നു , എന്നിട്ടും  മകന്‍ മദ്യലഹരിയില്‍ ലക്ക്കെട്ടു ഏന്തിവലിഞ്ഞു വീട്ടില്‍ വരുന്നത് സ്ഥിരം കാഴ്ചയായിരിന്നു. പഠിക്കാന്‍ മിടുക്കനായിരുന്നിട്ടും മദ്യം പകര്‍ന്ന വീര്യത്തില്‍ അവന്റെ ഭാവി തകര്‍ന്നു പോകുന്നുത് ആ പിതാവിനു തീരാവേദനയായി. പലതവണ ഉപദേശിച്ചിട്ടും ഫലം വിപരീതമായിരുന്നു.

ഒടുവില്‍, ഒരു വിവാഹം അവനു ജീവിതം  തിരിച്ചു നല്‍കിയാലോ എന്ന ചിന്തയില്‍ ഒരു സാധാരണകുടുംബത്തിലെ വിദ്യാസമ്പന്നയായ ഒരു പെണ്‍കുട്ടിയെ അവനു വിവാഹം കഴിച്ചുനല്‍കി.

“ഇനി നീയാണ് ഇവനു നേര്‍വഴി കാണിക്കെണ്ടത്, ഈ വീടിന്റെ വിളക്കാവേണ്ടതും”,

മകന്‍റെ ഭാര്യയോടു ഇത്രയും പറയുമ്പോള്‍ അയാളുടെ ശബ്ദം ഇടറിയിരുന്നു, പരാജിതനായ ഒരു അച്ഛന്റെ ഗദ്ഗദം ആ വാക്കുകളില്‍ ഒളിഞ്ഞു കിടന്നിരുന്നു.

കുറച്ചുകാലം എല്ലാം ശുഭമായിരുന്നു, സുന്ദരിയായ, വിദ്യാസമ്പന്നയായ ഭാര്യയുടെ സാമീപ്യം ആ ചെറുപ്പക്കാരനെ മാറ്റിയെടുത്തു. പതിയെ കാര്യങ്ങള്‍ മറൊരു ദിശയിലേക്ക് ചലിച്ചുതുടങ്ങി; മദ്യത്തില്‍നിന്നും മോചനം നേടിയെങ്കിലും പെണ്മൊഴികള്‍ക്കൊത്ത് ചലിക്കുന്ന പാവയായി അവന്‍ മാറി. സ്വന്തം അസ്ഥിത്വം ഭാര്യക്ക് അടിയറവെച്ച് അവളുടെ വാക്കുകള്‍ക്കു പുറകെ നടന്ന അവനു ഒടുവില്‍ അച്ഛനും അമ്മയും ഒരു ബാധ്യതയായി. അച്ഛനുമമ്മയില്‍ നിന്നും പരമാവധി അകന്നു കഴിയാന്‍ അയാള്‍ ശ്രമിച്ചു. മകന്‍ തന്നില്‍ നിന്നും അകലുകയാനെന്ന യാഥാര്‍ത്യം പതിയെ അയാള്‍ തിരിച്ചറിഞ്ഞു എങ്കിലും മദ്യത്തില്‍ നിന്നും അവനെ മോചിപ്പിക്കാന്‍ സാധിച്ചതില്‍ അയാള്‍ സന്തുഷ്ടനായിരുന്നു.  

അയാളോട് ആ മകന്‍ ഒട്ടും സംസാരിക്കാറെ ഇല്ലായിരുന്നു, വല്ലപ്പോഴും കാണുമ്പോള്‍ തന്നെ മുഖം തിരിച്ചു കടന്നു പോകുമായിരുന്നു.

പക്ഷെ ഒരു ദിവസം അവന്‍ അച്ഛനെ കാണാന്‍ വന്നു, സംസാരിച്ചു. അവനു ചോദിച്ചു

“അച്ഛാ എനിക്ക് ഒരു സഹായം വേണം , എനിക്കും ഭാര്യക്കും ഒരു ജോലി ശരിയാക്കി തരാമെന്നു ഒരാള്‍ പറഞ്ഞിട്ടുണ്ട്, അതിനു അച്ഛന്‍ ഒന്ന് റെക്കമന്റ് ചെയ്യണം” 

അച്ഛന്റെ പേരും പെരുമയും ആ മകനും ഭാര്യക്കും ഒരു ജോലി തരപ്പെടുത്താന്‍ വേണമായിരുന്നു , എന്നാല്‍ ഒരു സ്വാധീനത്തിനും തന്റെ സല്‍പേര് ഉപയോഗിക്കരുത് എന്ന നിര്‍ബന്ധം അയാള്‍ക്കുണ്ടായിരുന്നതു കൊണ്ട് തന്നെ അദ്ദേഹം  അതിനു സമ്മതിച്ചില്ല.

അയാള്‍ പറഞ്ഞു “സ്വന്തം കഴിവ്കൊണ്ട് ജോലി വാങ്ങിക്കു നീയും നിന്റെ ഭാര്യയും!!, ഞാന്‍ വര്‍ഷങ്ങള്‍ കൊണ്ട് നേടിയ സല്‍പേര് ഒരു ശുപാര്‍സക്കും ഉപയോഗിക്കില്ല അതെന്റെ തീരുമാനാണ്”.   

ഒടുവില്‍ ആ പിതാവിന്റെ  സമ്മതത്തിനു കാത്തുനില്‍ക്കാതെ അവര്‍ ആ അച്ഛന്റെ പേര് ഉപയോഗിച്ച് തന്നെ ഒരു ജോലി വാങ്ങിയെടുത്തു. മുറിവേറ്റ ആ പിതൃഹൃദയം മകനില്‍ നിന്നും കൂടുതല്‍ അകന്നു തുടങ്ങി. ഒരു കൂരക്കുകീഴില്‍ പരസ്പരബന്ധമില്ലാതെ അവര്‍ കഴിഞ്ഞു.

വീട്ടിലെ അവസ്ഥ അയാളെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിന്നും അകാലാന്‍ പ്രേരിപ്പിച്ചു. സ്വന്തം കുടുംബം നേരെയാകാന്‍ പ്രാപ്തനല്ലാത്ത താന്‍ സമൂഹത്തെ ഉദ്ധരിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലന്ന ചിന്ത അയാളെ കൂടുതല്‍ അന്തര്‍മുഖനാക്കി. പലരും നിര്‍ബന്ധിച്ചെങ്കിലും അയാള്‍ തീരുമാനം മാറ്റാന്‍ തയ്യാറായിരുനില്ല   

ഉദ്യോഗസ്ഥരായതില്‍ പിന്നെ  മകനില്‍ നിന്നും  മരുമകമകളില്‍നിന്നും അയാള്‍ക്കും ഭാര്യക്കും കടുത്ത പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നു തുടങ്ങി. ഭാര്യയെ ഒരു വീട്ട് വേലക്കാരിയെപ്പോലെ ജോലിചെയിക്കുന്നത് കണ്ടു നില്‍ക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല. മകനെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ച നിമിഷത്തെ പഴിച്ചുകൊണ്ട് അയാള്‍ ഭാര്യയുടെ കണ്ണീര്‍ തുടച്ചു. സ്നേഹസമ്പന്നയായ ആ അമ്മ മകന്റെ കൂടെയായിരുന്നു.

“സാരമില്ല അവര്‍ ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുന്നതല്ലേ, ഇതൊക്കെ ഞാന്‍ ചെയ്തോളാം” ആ അമ്മക്ക് മകനെ അത്രയ്ക്ക് ഇഷ്ടമായിരുന്നു.

“എനിക്കീ പഴഞ്ചന്‍ വീട്ടില്‍ താമസിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട് ഞാന്‍ ഇത് പുതിക്കിപ്പനിയാന്‍ പോകുന്നു”  മകന്‍റെ ഉച്ചത്തിലുള്ള ശബ്ദം കെട്ടു ചാരുകസേരയില്‍ നിന്നും അയാള്‍ പതിയെ തലഉയര്‍ത്തി നോക്കി.

കയ്യില്‍ ഒരു കെട്ടു കടാലസുമായി എവിടെയോ പോകാനൊരുങ്ങി മകന്‍ നില്‍ക്കുന്നു.

“നീ എന്നോടാണോ പറഞ്ഞത്” സംശയനിവാരണത്തിനായി അയാള്‍ ചോദിച്ചു.

“അതെ നിങ്ങളോട് തന്നെ, ഞാന്‍ ബാങ്കില്‍പോകുന്നു ഒരു ലോണ്‍ എടുക്കാന്‍ ഈ വീട് പുതിക്കിപ്പണിയണം അതിനു നിങ്ങളുടെ ചില ഒപ്പ് വേണം അതാ വന്നത്”

ധിക്കാര സ്വരത്തിലുള്ള മകന്‍റെ സ്വരം അയാളെ വല്ലാതെ നൊമ്പരപ്പെടുത്തി, അതിലേറെ കൊപാകുലനും. ദേഷ്യം ഉള്ളിലൊതുക്കി അയാള്‍ പറഞ്ഞു “നിനക്കറിയാല്ലോ ഈ വീട് പണിയാന്‍ അച്ഛന്‍ എത്ര കഷ്ടപ്പെട്ടുന്നു , ഈ കാണുന്ന പത്രാസൊന്നും അന്നില്ലായിരുന്നു എന്റെ അധ്വാനത്തിനെ വിയര്‍പ്പാണീ വീട് അത് ഞാന്‍ മരിക്കും വരെ നീ പൊളിക്കരുത്, എനിക്കീ വീട്ടില്‍ കിടന്നു മരിക്കണം... ഇനി അധികനാള്‍ നീ കാത്തിരിക്കേണ്ട ഒരു മൂന്നോ നാലോ വര്ഷം അത്രേം നിനക്ക് കാത്തൂടെ”

“മൂന്നോ നാലോ വര്ഷം, അതിനുള്ളില്‍ ചാവും എന്ന് എന്താ ഇത്രഉറപ്പു” ശബ്ദം മകന്‍റെ ഭാര്യയുടെതായിരുന്നു..

“മോളെ ഈ വീടിന്റെ താക്കോല്‍ നിന്നെയാ ഞാന്‍ ഏല്‍പ്പിച്ചത്, എന്റെ ഭാര്യയെപ്പോലും ഏല്‍പ്പിക്കാതെ നിന്നെ... എന്നിട്ടും നിനക്ക് തോന്നിയല്ലോ മോളെ ..” അയാളുടെ ശബ്ദം മുറിഞ്ഞു ഒരു ഗദ്ഗദ്മായി അവസാനിച്ചു.

ഉമ്മറത്ത്നിന്നും ഉച്ചത്തിലുള്ള ശബ്ദം കെട്ടു അയാളുടെ ഭാര്യ ഓടി വന്നു.

“എന്താ!! എന്തിനാ നിങ്ങള്‍ കരയുന്നത്??,  മോനെ നിന്റെ അച്ഛനെ നീ വിഷമിപ്പിക്കരുത്”

“അവനീ വീട് പൊളിച്ചു മാറ്റണം ന്നു .. ഇത് പഴഞ്ചന്‍ ആണ് പോലും..” അയാള്‍ ഭാര്യയുടെ മുഖത്തേക്ക് ദയനീയമായി നോക്കി.

“വേണ്ട എനിക്കീ വീട് വേണ്ട ഞാന്‍ പോകുന്നു, നിങ്ങള്‍ ഈ വീടും കെട്ടിപ്പിടിച് കിടന്നോളൂ.. ഇനി ഒരിക്കലും ഈ നശിച്ച വീട്ടിലേക്കു വരില്ല, നിങ്ങള്‍ മരിച്ചു എന്നറിഞ്ഞാല്‍ പോലും!!!...” ആ ചെറുപ്പക്കാരന്‍ ഭാര്യയുടെ കൂടെ അകത്തേക്ക് നടന്നു. കുറച്ചു സമയത്തിനു ശേഷം കുറെ ബാഗും വസ്ത്രങ്ങളുമായി കാറില്‍ കയറി വേഗത്തില്‍ ഓടിച്ചു പോയി.

മക്കള്‍ ഉപേക്ഷിച്ച വേദനയില്‍ ആ അമ്മ ഏറെ നാള്‍ ജീവിച്ചില്ല. മകനോടുള്ള അടങ്ങാത്ത വാത്സല്യവും ഭര്‍ത്താവിനോടുള്ള  അതിയായ സ്നേഹവും അവരെ കടുത്ത മാനസിക വേദനയില്‍ കൊണ്ടെത്തിച്ചു. ഒടുവില്‍ അയാളെ തനിച്ചാക്കി അവര്‍ മരണത്തിനു കീഴടങ്ങി. വര്ഷം രണ്ടു കഴിഞ്ഞിരിക്കുന്നു അയാളുടെ  ഏകാന്ത വാസത്തിനു.

മുറ്റത്തെ മരക്കൊമ്പില്‍ പതിവ് കാക്ക ആര്‍ത്തലച്ചു കരഞ്ഞു, അയാള്‍ ചിന്തകളില്‍ നിന്നും ഉണര്‍ന്നു. ചാരുകസരയുടെ കൈപ്പിടിയില്‍ കൈകുത്തി  മരക്കൊമ്പിലേക്ക് പാളി നോക്കി പക്ഷെ ഒന്നും തെളിഞ്ഞു കാണാന് സാധിക്കുന്നില്ല. കാഴ്ച തീരെ മങ്ങിയിരിക്കുന്നു, ചുറ്റിലും വലനെയ്ത പോലെ.... ഏതായാലും കാക്കയെ ഓടിച്ചിട്ട് തന്നെ കാര്യം. അയാള്‍ പതിയെ ചാരുകസേരയില്‍നിന്നും എണീറ്റ് ഉമ്മറക്കൊലയയുടെ കൈവരിയില്‍ പിടിച്ചു തപ്പിതപ്പി നടന്നു. വടക്ക്ഭാഗത്തെ കിണറിന്റെ അടുത്താണ് കാക്കഇരിക്കുന്നതെന്ന് അയാള്‍ക്ക്‌ മനസ്സിലായി.

പതിയെ കിണറിനടിത്തെക്ക് വേച്ച് വേച്ച് നടന്നു. കരിങ്കാക്ക നിര്‍ത്താതെ കരഞ്ഞു കൊണ്ടിരുന്നു. വടക്ക്ഭാഗത്തെ വിരകുപുരയും കടന്നു കുറുക്കന്‍ മാവിന്റെ ചുവട്ടിലെ അലക്ക് കല്ലും കടന്നു കിണറിനടുതെക്ക്. അയാളുടെ കാഴ്ച കൂടുതല്‍ മങ്ങുന്നപോലെ . ഇരുട്ട് പരക്കുന്ന പോലെ .. അയ്യോ ഒന്നും കാണാന്‍ കഴിയുന്നില്ല ..ഇല്ല എനിക്കൊന്നും കാണാന്‍ കഴിയുന്നില്ല. അയാളുടെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു.

കാക്ക കിണറില്‍ കരയില്‍ നിന്നും വിറകുപുരയുടെ മുകളിലേക്ക് മാറി. ഇല്ല ഇനി തിരിച്ചു പോണം .. അയാള്‍ ചെവി വട്ടം പിടിച്ചു കാക്കയുടെ കരച്ചില്‍ കേള്‍ക്കുന്നതിന്റെ എതിര്‍ഭാഗത്തേക്ക് നടക്കണം. അയാള്‍ നടന്നു കാക്കയുടെ കരച്ചിലിന് എതിര്‍ഭാഗത്തേക്ക്...... കിണറില്‍ കരയിലേക്ക് നടന്നു. അയാള്‍ക്കറിയില്ലായിരുന്നു കാക്ക വിറകുപുരക്കു മുകളിലേക്ക് പറന്നത്.

തപ്പി തപ്പി മുന്നോട്ടു നടന്നു.  വേഗത്തില്‍ ഉമ്മറക്കൊലയില്‍ എത്തണം ഒന്ന്‍ കിടക്കണം വല്ലാത്ത ക്ഷീണം..... ഇരുട്ടില്‍ ഈ വഴി അയാള്‍ക്കപരിചിതമായിരുന്നു. എങ്കിലും എങ്ങിനെയെങ്കിലും ഉമ്മറത്തെത്തണം എന്ന ചിന്തയില്‍ കണ്ണിലെ ഇരുട്ടിനെ മനസ്സ്കൊണ്ട് കീറിമുറിച്ചു അയാള്‍ വേഗത്തില്‍ നടന്നു. കാക്ക ആര്‍ത്തുകരഞ്ഞു കൊണ്ടെയിരുന്നു.

അതിവേഗത്തില്‍ മുന്നോട്ടു കുതിച്ച അയാളുടെ കാലുകള്‍ കിണറ്റിന്‍ കരയിലെ കല്ലില്‍ ഉടക്കി, അയാള്‍ ദൂരേക്ക്‌ തെറിച്ചു വീണു. ഒരാര്‍ത്ത രോധനത്തോടെ അയാള്‍ കിണറ്റിലെക്ക് പതിച്ചു. കിണറ്റിലെ പടവില്‍ തലതല്ലിത്തകര്‍ന്നു  കിണറിന്റെ അഗാധതയിലേക്ക് അയാള്‍ ആണ്ടുപോയി.

വടക്ക്ഭാഗത്തെ വിറകുപുരക്കു മുകളില്‍ കാലന്‍ കരിങ്കാക്ക അപ്പൊഴും ആര്‍ത്തലച്ചു കരഞ്ഞുകൊണ്ടിരുന്നു. ഇനിയൊരിക്കലും തന്നെ ആട്ടിപ്പായിക്കാന്‍ അയാള്‍ വരില്ലെന്നറിയാവുന്ന പോലെ..

2018 അകലുമ്പോൾ