Thursday, September 4, 2014

തിരോധാനം


ജനുവരി മാസത്തിലെ പതിവിലും തണുപ്പുള്ള ഒരു വെള്ളിയാഴ്ചയായിരുന്നു അന്ന് , ഒഴിവു ദിവസത്തിന്റെ ആലസ്യത്തിൽ ശ്യാം മക്കളെ ചേർത്ത് പിടിച്ചു  കട്ടിലിൽ തന്നെ കിടന്നു. പൊതുവെ ഒഴിവ് ദിവസങ്ങൾ അയാൾക്ക്അങ്ങനെയാണ്, സൂര്യൻ ഉച്ചിയിൽ എത്തുംവരെ അങ്ങനെ കിടക്കും . തലേദിവസം ഉറങ്ങാൻ ഏറെ വൈകിയതിന്റെ ആവാം നല്ല തലവേദന , പാർക്കും സിനിമിയയും ഷൊപ്പിങ്ങുമായി ഇന്നലെ സമയം ഒരുപാടു വൈകിയിരിയിരുന്നു.
ഇന്ദു നേരത്തെ എണീറ്റിരിക്കുന്നു , അടുക്കളയിൽ പാത്രങ്ങളുടെ കലപില ശബ്ദം കേൾക്കാൻ തുടങ്ങിയിട്ട് സമയം ഏറെയായി, പ്രഭാത ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാണവൾ. ഫ്രിട്ജിന്റെ ഹാൻഡ്ലിൽ നിന്നും ടൌവൽ എടുത്തു കൈതുടച്ചു ചുവരിലെ ക്ലോക്കിലേക്ക് ഇന്ദു ഒന്നെത്തി നോക്കി , സമയം പത്തരമണി കഴിഞ്ഞിരിക്കുന്നു ,

ഈശ്വരാ, !! ശ്യാമെട്ടൻ ഇതുവരെ എണീറ്റില്ലേ , എന്തൊരു ഉറക്കാണിത് , "ശ്യമെട്ടാ , ഒന്ന് വേഗം എനീക്ക് സമയം നോക്കിയേ; മാളൂട്ടീ , അച്ചു,  എണീക്കടാ, ബ്രേക്ക്ഫാസ്റ്റ് റെഡിയായി!!!  എത്ര നേരായിന്നറിയൊ!!!?"

ശ്യാം പതിയെ കട്ടിലിൽ നിന്നും എഴുന്നെറ്റു, "മക്കളെ വാ എനീക്ക് ഇല്ലങ്കിൽ നിങ്ങടെ അമ്മക്കു ഇപ്പം വട്ടു വരും ... " ശ്യാം  ഒരു കുസൃതിചിരിയാലെ ഇന്ദുവിനെ  നോക്കി, " ഇന്ന് സാറ് നല്ല മൂടിലാണല്ലോ ,  ഫേസ് ബുക്കിൽ വല്ല ലൈക്കും കിട്ടി കാണും അല്ലെ?" ഇന്ദു ശ്യാമിനെ കളിയാക്കികൊണ്ടു മക്കളെയും കൂട്ടി ടോയിലറ്റിനടുത്തെക്ക് നടന്നു..
മാളൂട്ടി, നീ അച്ചൂനെക്കൂടെ പല്ലുതെപ്പിച്ചു വന്നാ മതിട്ടോ , അമ്മ അടുക്കളയിലേക്ക് പോട്ടെ , ഇന്ദു അടുക്കളയിലേക്ക് നടന്നു . ശ്യാം പല്ലുതേച്ചു , മക്കളെയും കൂട്ടി ഡൈനിംഗ് ടാബിളിനടുതെക്ക് നടന്നു . "ഞാൻ റെഡി , നീ വേഗം വാ ഇന്ദൂ വിശക്കുന്നു , ഉറങ്ങുന്നനെ ഉണ്ണാൻ വിളിച്ചു ചോറില്ല എന്ന് പറയല്ലേ പ്ലീസ്" , ശ്യാം  ഡൈനിംഗ് ടാബിളിൽ താളം പിടിച്ചുകൊണ്ടു പറഞ്ഞു .

"ശ്യാമേട്ടാ ഒരു ചെറിയ കാര്യം ചെയ്യാമോ , ഒന്ന് ഗാർബേജ് താഴെ കളയോ , അപ്പഴേക്കും ചായ തിളക്കേം ചെയ്യും , പ്ലീസ് ശ്യാമേട്ടാ.. കയ്യിൽ ഒരു  ഗാർബേജ് ബാഗും തൂക്കി ഇന്ദു അടുക്കളയിൽ നിന്നും പുറത്തേക്കു വന്നു .ഇതെന്താടോ രാവിലെ തന്നെ മനുഷ്യനെ കളിയാക്കാ ?? താനത് അവിടെങ്ങാനും വെയ്ക്ക് ചായകഴിഞ്ഞു ഞാൻ കൊണ്ടിടാം ... ശ്യാം ഒരൽപം നീരസതൊടെ പറഞ്ഞു ..
"അല്ല ശ്യാമെട്ടാ , ഇത് നോക്കിയേ ഇന്നലയേ കളയെണ്ടതാ സ്മെൽ വന്നു തുടങ്ങി , തിരക്കിനിടെൽ ഞാനും  മറന്നു ഇന്നലെ... പ്ലീസ്  ശ്യമെട്ടാ പ്ലീസ് , പ്ലീസ് ,  പോയി വേഗംവന്നോ, ഇഷ്ടപെട്ട നൂലപ്പവും ഗ്രീൻ പീസ് കറീം  ഉണ്ടാക്കീറ്റുണ്ട് .."

ഒടുവിൽ മനസില്ലാ മനസ്സോടെ ശ്യാം ഗാർബെജുമായി പുറത്തേക്കിറങ്ങി ... 

"മൊബൈൽ എടുത്തില്ലാ,  ഇതാ" ഇന്ദു വാതിലിനരികിൽ നിന്നും വിളിച്ചു പറഞ്ഞു
" വേണ്ട അത് താൻ പുഴുങ്ങി തിന്നോ " ശ്യാം ലിഫ്റ്റിൽ കാലെടുത്തുവച്ച് ഇന്ദുവിനൊടായി പറഞ്ഞു ..

ലിഫ്റ്റ്ക്ലോസ് ചെയ്തു ശ്യാം ഗ്രൌണ്ട് ഫ്ലൊറിലെക്കു പോയി. മെയിൻ റോഡിനു സമീപത്തെ മുനിപാലിറ്റിയുടെ ഗാർബേജ് ബോക്സ്ഒരിത്തിരി ദൂരത്താണ് , സമയം പതിനോന്നായെങ്കിലും  നേരിയ തണുപ്പ് ഇപ്പഴും അന്തരീക്ഷത്തിൽ തങ്ങി
നിൽക്കുന്നു, ഒഴിവു ദിവസമായതിനാലാവം റോഡു വിജനമായിരുന്നു , കൈലി മുണ്ടും ടിഷർട്ടും ധരിച്ച അയാൾ  റോഡിലൂടെ നടന്നു . റോഡരികിലെ അടഞ്ഞു കിടന്ന സലൂണിന്റെ പുറത്തെ കണ്ണാടിയിൽ അയാളുടെ പ്രതിബിംബം പതിഞ്ഞപ്പോഴാണ് ധരിച്ചിരുന്ന വസ്ത്രത്തെ കുറിച്ചുള്ള ബോധ്യം അയാളെ തെല്ലൊന്ന് അസ്വസ്ഥനാക്കിയത് ,വേണ്ടായിരിന്നു , വസ്ത്രം മാറി പുറത്തിറങ്ങിയാൽ മതിയായിരുന്നു . അല്ലേലും ദേഷ്യം വരുമ്പോ ഇങ്ങനയാനല്ലൊ പതിവ് , എന്നിങ്ങനെ ഓരോന്ന് ചിന്തിച്ചു അയാൾ നടന്നു ഗാർബെജു ബിന്നിന് അടുത്തെത്തി  കയ്യിലെ ബാഗ് അവിടെ ഉപേക്ഷിച്ചു തിരിച്ചു നടന്നു.

തൊട്ടു പിന്നിൽ ഒരു പോലീസ് വാഹനത്തിന്റെ സൈറണ്ശ്യാമിനെ ചിന്തയിൽ നിന്നും ഉണർത്തി . പോലീസിന്റെ ലാൻഡ്ക്രൂയിസർ അയാളുടെ തൊട്ടടുത്ത് നിർത്തി  , ചെറുപ്പക്കാരനായ ഒരു പോലീസുകാരൻ പുറത്തിറങ്ങി ,
"അസലാം അലൈക്കും , ഗിവ് മി യുവർ ഡി പ്ലീസ് ", അയാൾ ശ്യാമിനു നേരെ കൈ നീട്ടി ...
മൊബൈലും പെർസും ഒന്നും എടുക്കതെയാണല്ലോ പുറത്തേക്കിറങ്ങിയതു എന്ന സത്യം അയാളെ വല്ലാതെ പരിഭ്രമിപ്പിചു , കഴിഞ്ഞ ദിവസം പത്രങ്ങളിൽ ഉണ്ടായിരുന്നതാണ് ഡി ഇല്ലാതെ പുറത്തിറങ്ങരുത് , പോലീസ് തിരച്ചിൽ വ്യാപകമാണ്  എന്നൊക്കെ , തണുപ്പുള്ള പ്രഭാതത്തിലും ശ്യാം വിയർത്തു തുടങ്ങി . . അയാൾ പോലീസുകരോടു പറഞ്ഞു നോക്കി

ഞാൻ ഗാർബൈജു ഉപേക്ഷിക്കാൻ വന്നതാണ് ,തൊട്ടടുത്താണ് താമസം എന്നൊക്കെ , പക്ഷെ ഫലം കണ്ടില്ല , പോലീസുകാരൻ  ശ്യാമിനെ വണ്ടിയിലേക്ക് കയറ്റി ഇരുത്തി , അയാൾ കേണപേക്ഷിച്ചു തന്റെ ഭാര്യയും മക്കളും തനിച്ചാണ് , ഡി
എവിടെ വേണമെങ്കിലും എത്തിക്കാം എന്നൊക്കെ , പക്ഷെ രോദനം ആരും കേട്ടില്ല ... പോലീസുകാർ പരസ്പരം തമാശ പറയുകയും ഉറക്കെ ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു , അവർ വാഹനം അതിവേഗം ഓടിച്ചു പോയി .

ഏറെ നേരം കഴിഞ്ഞും ശ്യാമിനെ കാണാത്തത് ഇന്ദുവിനെ തെല്ലൊന്നു പരിഭ്രമിപ്പിചു, അവൾ ശ്യാമിന്റെ മൊബൈൽ കയ്യിലെടുത്ത് നെടുവീർപ്പിട്ടു , മൊബൈൽ എടുക്കാതെ  ആണല്ലോ പോയത് അല്ലങ്കിൽ വിളിച്ചു നോക്കുകയെങ്കിലും  ചെയ്യാമായിരുന്നു ... സമയം കഴിയും തോറും ഇന്ദുവിന്റെ ആധി കൂടികൂടി വന്നു , ആരോടു പറയും , ഒന്ന് നാൻസിയെ വിളിച്ചു നോക്കാം , ചിലപ്പോഴൊക്കെ ജോസഫെട്ടനോടു സംസാരിക്കാൻ പൊകാറുണ്ടല്ലൊ ഇനി എന്നോടുള്ള ദേഷ്യത്തിന് അവിടെ എങ്ങാൻ കയറിയാലോ , ഇന്ദു ശ്യാമിന്റെ മൊബൈൽ ഫോണെടുത്ത് നാൻസിയെ വിളിക്കാൻ ശ്രമിച്ചു , പക്ഷെ ഫോണിന്റെ സ്ക്രീൻലോക്ക് മാറ്റിയിരിക്കുന്നു , കുറെ ശ്രമിച്ചപ്പോൾ ഫോണ്ലോക്ക്ആവുകയും ചെയ്തു, ഇന്ദു സ്വന്തം മൊബൈൽ എടുത്തു ഡയൽ ചെയ്തു പക്ഷെ ബാലൻസു തീർന്നിരിക്കുന്നു , വിളിക്കാൻ കഴിയുന്നില്ല , ഈശ്വരാ ഇനി എന്തുചെയ്യും !!!!, ഇന്ദുവിന്റെ ആത്മഗതം ഒരു നിലവിളിയുടെ വക്കോളമെത്തി .
ചിന്തകൾ കാടുകയറി തുടങ്ങി , ശ്യാമിനെ പുറത്തേക്കു പറഞ്ഞയച്ച അയച്ച നിമിഷത്തെ സ്വയം ശപിചു ഡൈനിംഗ് ടേബിൾ മുഖമമർത്തി ഇന്ദു കരഞ്ഞു തുടങ്ങി , അമ്മയുടെ കരച്ചിൽ കുട്ടികളെയും അസ്വസ്ഥമാക്കി , കാര്യമറിയാതെ അവരും കരയാൻ തുടങ്ങി.

ഹെയി ഒന്നുല്ലമക്കളെ, അച്ചൻ ഇപ്പവരും ,   തണുത്തു തുടങ്ങിയ ചായയും മറ്റും ടാബിളിൽ നിന്നും അടുക്കളയിലേക്ക് മാറ്റി ഇന്ദു സ്വയം ആസ്വസിക്കാനുള്ള വഴികൾ തേടുകയായിരുന്നു .
മിനിറ്റുകളും മണിക്കൂറുകളും നാഴിക മണിയിലൂടെ പറന്നകന്നു , കാത്തിരിപ്പിന്റെ ദൈർഘ്യം പ്രതീക്ഷിച്ചതിലും എത്രയോ അധികമായപ്പോൾ , ഇന്ദു മക്കളെയും കൂട്ടി നാൻസിയുടെ ഫ്ലാറ്റിലെക്കു നടന്നു . ഇന്ദുവിന്റെയും മക്കളുടെയും കരഞ്ഞു
കലങ്ങിയ മുഖം നാൻസിയുടെ മനസ്സിൽ തെല്ലു ഭീതി ജനിപ്പിച്ചു . പ്രവാസ ജീവിതത്തിലെ വർഷങ്ങളുടെ പരിചയത്തിനിടയിൽ ഒരിക്കൽ പോലും അവർ ഇന്ദുവിനെ കരഞ്ഞ മിഴികളോടെ കണ്ടിട്ടില്ല.
എന്തുപറ്റി ഇന്ദൂ നീയെന്താ ഇങ്ങനെ ? നാൻസിയുടെ ചോദ്യത്തിന് പൊട്ടിപൊട്ടിയുള്ള ഒരു കരച്ചിലായിരുന്നു ഇന്ദുവിന്റെ മറുപടി ... കരച്ചിലിടയിൽ അവ്യക്തമായി അവർ കാര്യങ്ങൾ പറഞ്ഞു തീർത്തു ...

ജോസഫേട്ടനും നാൻസിയും അവളെ ആശ്വസിപ്പിച്ചു .. നമുക്ക് നോക്കാം , ദോഹയിൽ എവിടെ ആയിരുന്നാലും നമുക്ക് കണ്ടുപിടിക്കാന്നെ, പേടിക്കേണ്ട, എന്ന് പറഞ്ഞു ജോസഫേട്ടൻ വണ്ടിയുടെ കീയുമായി പുറത്തേക്കു പോയി .
സുഹ്രുത്തുക്കലുടെ അടുത്തൊന്നും പോവില്ല എന്നാലും വെറുതെ വിളിച്ചു ചോദിക്കാം എന്ന് കരുതി പലരെയും അയാൾ വിളിച്ചു , പക്ഷെ ആർക്കും അറിയില്ലായിരുന്നു , കുറെ സമയം പ്രദേശങ്ങളിൽഎല്ലാം നോക്കി , വഴിയിൽ

പരിചയക്കാരെ ആരെങ്കിലും കണ്ടാൽ അവരോടു തിരക്കി , ഒടുവിൽ നിരാശനായി അയാൾ തിരികെ ഫ്ലാറ്റിലെക്കു പുറപ്പെട്ടു .ഫ്ലാറ്റിനു താഴെ  വണ്ടി പാർക്ക് ചെയ്തു . ഇന്ദുവിനൊട് എന്തുപറയും എന്നറിയാതെ അയാൾ ചിന്താധീതനായി വണ്ടിയിൽ തന്നെ ഇരുന്നു ...

സമയം ഇഴഞ്ഞു നീങ്ങിയപ്പോൾ അയാൾ ഫ്ലാറ്റിലെക്കു നടന്നു , പ്രതീക്ഷയുടെ തിരിനാളവുമായി ഇന്ദുവും നാൻസിയും അയാൾക്കരികിൽ എത്തി , പക്ഷെ അയാളുടെ കയ്യിൽ അവർക്ക് നൽകാൻ ഒരു ശുഭവാർത്തയും  ഇല്ലായിരുന്നു . ഇന്ദുവിന്റെ സങ്കടം ഉച്ചത്തിലുള്ള നിലവിളിയായി , വാവിട്ടു കരഞ്ഞുകൊണ്ട്മാളൂട്ടിയും അച്ചുവും ...  ഇതികർതവ്യമൂഡരായി ജോസഫെട്ടനും നാൻസിയും അവർക്കരികിൽ തരിച്ചു നിന്നു.
********************************
അങ്ങ് ദൂരെ ഏതോ ഒരു പോലീസ് സ്റ്റെഷനിൽ എവിടെ നിന്നോക്കയോ പിടിച്ചു കൊണ്ടുവന്ന പല ദേശക്കാരുടെ കൂടെ ശ്യാം വിറങ്ങലിച്ചു നിന്നു , ആദ്യമായി പോലീസ് സ്റ്റെഷനിൽ എതിയതിന്റെ ആധി അയാളിൽ പ്രകടമായിരുന്നു . ഓരോരുത്തരെയായി സ്പോണ്സർമാര് വന്നു കൂട്ടി പോകുന്നത് അയാൾ കണ്ടു . ഒടുവിൽ , അവിടെ കാവൽ നിന്നിരുന്ന പോലീസുകാരനോട്മൊബൈൽ ഒന്ന് തരുമോ ഭാര്യയെ ഒന്ന് വിളിക്കനാനെന്നു അപേക്ഷിച്ചപ്പോൾ ദയ തോന്നിയ അയാൾ ശ്യാമിനു ഫോണ്നൽകി .

അയാൾ സ്വന്തം മൊബൈലിലേക്ക് വിളിച്ചു , ഫോണ്എടുത്തത് ജോസഫേട്ടൻ ആയിരുന്നു , ഇടറുന്ന ശബ്ദതൊടെ അയാൾ നടന്ന കാര്യം പറഞ്ഞു . ജോസഫേട്ടൻ ഇന്ദുവിന്റെ അടുത്തു നിന്നും ശ്യാമിന്റെ ഡി വാങ്ങി , എല്ലാവരും കൂടെ പോലീസ് സ്റ്റെഷനിലെക്കു പുറപ്പെട്ടു ... കരഞ്ഞു തളർന്ന ഇന്ദുവിന്റെ മുഖത്ത് ആശ്വാസത്തിന്റെ നിഴൽപാടുകൾ തെളിയുന്നുണ്ടായിരുന്നു .
ഏറെ നേരത്തെ യാത്രക്ക് ശേഷം അവർ പോലീസ് സ്റ്റെഷനിൽ എത്തി , ജോസഫേട്ടൻ മാത്രം പോലീസ് സ്റ്റെഷനു അകത്തേക്ക് പോയി ഒരു മൂലയിൽ ഏകനായി നിൽക്കുന്ന ശ്യാമിന്റെ അടുത്ത് ചെന്ന് ഡി കൊടുത്തിട്ടു അത് പോലീസ് ഓഫീസറെ കാണിക്കാൻ പറഞ്ഞു . അവർ കാണിച്ച പെയിപറിൽ ഒപ്പിട്ടു ശ്യാമും ജോസഫേട്ടനും പുറത്തേക്കു നടന്നു .

കാത്തിരിപ്പിന്റെ വീർപുമുട്ടലിൽ ഇന്ദു വല്ലാതെ അസ്വസ്ഥയായി , പോലീസ് സ്റ്റെഷനിൽ നിന്നും ഇറങ്ങി വരുന്ന ശ്യാമിനെ കണ്ടയുടനെ ഇന്ദു വണ്ടിയിൽ നിന്നും ഇറങ്ങി ശ്യാമിന്റെ അടുത്തേക്ക് ഓടി ..... കണ്ണുനീർ ധാര ധാരയായി ഒഴുകി,... 
പടികളിറങ്ങി നടന്നുവരുന്ന ശ്യാമിന്റെ തൊട്ടടുത്തെത്തി അവൾ ഒന്ന്നിന്നു പിന്നെ കൈകൾ  കൂപ്പി ശ്യാമിന്റെ കാലിലേക്ക് അവൾ വീണു... കാലുകൾ കണ്ണീർ കൊണ്ടു കുതിർന്നു , ശ്യാം പതിയെ ഇന്ദുവിന്റെ എഴുന്നേൽപിച്ചു ആശ്വസിപ്പിച്ചു

സന്ധ്യയുടെ നിഴലുകൾ ഇരുട്ടിൻറെ കൈത്തലം പുൽകിയിരുന്നെങ്കിലും , അടർന്നു വീഴുന്ന കണ്ണുനീർതുള്ളികൽക്കിടയിൽ  ആശ്വാസത്തിന്റെ ഒരു നേർത്ത പുഞ്ചിരി ഇന്ദുവിൽ വിടരുന്നത് മറ്റാരും കണ്ടില്ലെങ്കിലും ശ്യാം കാണുന്നുണ്ടായിരുന്നു ..
ആകാശ സീമയിൽ ആരുടെയൊക്കയൊ സ്വപ്നങ്ങൾ പേറി ഒരു വിമാനം, പറന്നു പറന്നു , ചെറുതായി ചെറുതായി ഒടുവിൽ അങ്ങ് വിഹായസ്സിൽ അത് അപ്രതക്ഷമായി.
 

------------------------------------------

നന്ദിയെന്ന രണ്ടക്ഷരത്തിൽ ഒതുക്കി നിർത്താവുന്നതിലും അപ്പുറം , ഒരു കഥാബീജം എന്നിൽ സന്നിവേശിപ്പിച്ച എന്റെ പ്രിയ സുഹൃത്ത്രജീഷിനു സമർപ്പിക്കുന്നു കഥയും കഥാപാത്രങ്ങളും

2018 അകലുമ്പോൾ