Saturday, July 16, 2016

മഴയില്‍ നനഞ്ഞ് അവര്‍

തീരുമാനം എടുക്കാനുള്ള സമയം പരിമിതമാണെന്ന് അവര്‍ക്ക് അറിയാമായിരുന്നുവെങ്കിലും, ചോര്‍ന്നോര്‍ലിക്കുന്ന റെയില്‍വേ സ്റെഷനിലെ ഏറ്റവും അറ്റത്തെ ബെഞ്ചില്‍ ചിന്താനിമാഗ്നരായി അരുണും ശ്യാമയും ഇരിക്കാന്‍ തുടങ്ങിയിട്ട് നേരം ഏറെയായി . നേരം പുലര്‍ന്നു വരുന്നേയുള്ളൂ, വിജനമായിരുന്ന റെയില്‍വേ സ്റേഷന്‍ പതിയെ ജനത്തിരക്കേറിവരാന്‍ തുടങ്ങി. 

“വേഗം... ആരെങ്കിലും നമ്മെ തിരിച്ചറിയും മുന്നേ നമുക്ക് തീരുമാനിക്കണം, പക്ഷെ ഈ തീരുമാനം അന്തിമാമായിരിക്കണം”
അരുണ്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞതിന്റെ പൊരുള്‍ ഊഹിച്ചെടുക്കാന്‍ ശ്യാമക്ക് വലിയ സമയം വേണ്ടിവന്നില്ല. വീട് വിട്ടിറങ്ങുമ്പോള്‍ ഒരു തീരുമാനം എടുത്തതാണ് , പക്ഷെ യാത്രയുടെ പാതിവഴിയില്‍ എവിടെയോ ശ്യാമയുടെ മനസൊന്നുലഞ്ഞു, അവള്‍ അത് അരുണിനോട് പറയുകയും ചെയ്തു .. രാത്രി വണ്ടിയുടെ കുതികുതിപ്പിന്റെ കടകട ശബ്ദം ഉയര്‍ന്നും താഴ്ന്നും മനസ്സില്‍ താളം കൊട്ടാന്‍ തുടങ്ങിയിട്ട് മണിക്കൂറുകള്‍ പലത്‌ കഴിഞ്ഞിരിക്കുന്നു. ഇതിനിടയില്‍ എപ്പഴോ ശ്യാമ ഒരു പുനര്‍വിചിന്തനത്തിനു മുതിര്‍ന്നിരിക്കാം എന്നു അരുണിന് മനസിലായി.

കൂടുതല്‍ ഒന്നും സംസാരിക്കാതെ അരുണ്‍ ശ്യാമയുടെ കയ്യില്‍ ബലമായി പിടിച്ചു വലിച്ചു , ചെറിയ ബാഗും കയ്യിലെടുത്ത് അടുത്ത സ്റെഷനില്‍ ഇറങ്ങി. സമയം അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. റെയില്‍വേ സ്റെഷന്റെ  ഇരുള്‍മൂടിയ ഒരു അറ്റത്തായിരുന്നു അവര്‍ ഇറങ്ങിയത് . കോരിചൊരിയുന്ന മഴയില്‍ നനഞുകുതിര്‍ന്നു അവര്‍ പ്ലാറ്റ്ഫോമില്‍ ഒഴിഞ്ഞ ബെഞ്ചില്‍ ഇടം പിടിച്ചു. ആളൊഴിഞ്ഞ ഒരു ചെറിയ റെയില്‍വേ സ്റേഷന്‍, ഇറങ്ങും മുന്‍പേ സ്ഥലം എവിടെയാണെന്നോ എന്നൊന്നും അന്വേഷിച്ചിരുന്നില്ല, അപ്പോഴത്തെ ദേഷ്യത്തിന് ഇറങ്ങിപോന്നത് വേണ്ടായിരുന്നു എന്ന് അരുണിനും തോന്നി. ശ്യാമയുടെ മുഖത്തെ അമ്പരപ്പ് അപ്പോഴും മാറിയിട്ടില്ലായിരുന്നു. അറിയായാതെ മനസ്സില്‍ തോന്നിയത് അരുണിനോട് പറഞ്ഞുപോയതിലുള്ള കുറ്റബോധം അവളുടെ മുഖത്ത് നിഴലിച്ചിരുന്നു.

ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് വര്‍ഷങ്ങള്‍ക്ക് മുന്നേയാണ്, പക്ഷെ അത് ഇങ്ങനെ ആയിരിക്കും എന്ന് ഇരുവരും കരുതിയിരുന്നില്ല. അതിന്റെ എല്ലാ പരിഭ്രമങ്ങളും രണ്ടുപെരിലും ആവോളം ഉണ്ടായിരുന്നുവെങ്കിലും അത് പുറത്ത് കാണിക്കാതെ അരുണ്‍ ആ ബെഞ്ചില്‍ അമര്‍ന്നിരുന്നു.

മഴയില്‍ നനഞ്ഞു കുതിര്‍ന്നിരിക്കുന്ന അവര്‍ക്ക് ചുറ്റും അപരിചിതമായ ഒരു പിടി കണ്ണുകള്‍ പരതി നടക്കുന്നത് അരുണ്‍ ശ്രദ്ധിച്ചു.

ശ്യാമ, ഒരു തീരുമാനം വേഗം വേണം ഇവിടം അത്ര സുരക്ഷിതമല്ല നമുക്ക്. ഒരു പക്ഷെ വലിയ ഒരു കുരുക്കിലെക്കാകും നമ്മള്‍ പോകുന്നത് .. വേഗം തീരുമാനിക്ക് .. പതിഞ്ഞതെങ്കിലും ദ്രിഡമായ  ശബ്ദത്തില്‍ അരുണ്‍ ശ്യാമയുടെ കാതില്‍ മന്ത്രിച്ചു.

അരുണില്‍ സുരക്ഷിതമായ കൈകള്‍ അവള്‍ സ്വപ്നം കണ്ടിരുന്നു, പക്ഷെ എന്തോ ഇപ്പോള്‍ അങ്ങെനെ കരുതാന്‍ അവള്‍ക്ക് കഴിയുന്നില്ല.. സ്വപ്നം കണ്ടത് അത്രയും ഈ അജ്ഞാതമായ റെയില്‍വേ സ്റെഷനില്‍ ഇറക്കി വെക്കാന്‍ അവള്‍ തീരുമാനിച്ചു. പോകണം തിരിച്ചു പോകണം അച്ഛനും അമ്മയും ഏട്ടനും ഉള്ള വീട്ടിലേക്ക്.. ജനിചു വളര്‍ന്ന നാട്ടിലേക്ക്... വാക്ക്കൊണ്ട് പോലും തന്നെ വേദനിപ്പിക്കാത്ത അരുണിനെ വിട്ടുപോകുന്നതില്‍ വിഷമമം ഉണ്ടായിരുന്നുവെങ്കിലും ഒടുവില്‍ അവള്‍ തീരുമാനം അരുണിനെ അറിയിച്ചു.

അപ്രതീക്ഷിതമായിരുന്നു ആ തീരുമാനം, പക്ഷെ ശ്യാമയെ നിര്‍ബന്ധിക്കാണോ മറിച്ചൊന്നും പറയണോ കൂട്ടാക്കാതെ, അരുണ്‍ സമ്മതം മൂളി.

വരൂ നമുക്ക് പോകാം. നാട്ടിലേക്കുള്ള ട്രെയിന്‍ ഏതാണ് എന്ന് നോക്കാം ..

ശ്യാമ... ഇനി നിന്നെ സുരക്ഷിതയായി വീട്ടില്‍ എത്തിക്കെണ്ടത് എന്റെ ഉത്തരവാദിത്വമാണ്.. അതുവരെ ഞാന്‍ ഉണ്ടാവും കൂടെ ഒരു ഏട്ടനെപോലെ.

ആ വാക്കുകള്‍ ഇടിമുഴക്കമായി  ശ്യാമയുടെ ഹൃദയത്തെ കീറിമുറിച്ചു കടന്നു പോയി . പെയ്തു വീഴുന്ന മഴതുള്ളികളില്‍ ഉപ്പുചലിച്ചു അവളുടെ കണ്ണീര്‍തുള്ളികള്‍ അലിഞ്ഞില്ലാതായി.

“വരൂ ശ്യാമ നമുക്ക് എത്രയും പെട്ടന്നു ഇവിടെ നിന്നും പോകണം..”

അവളുടെ കൈ പിടിക്കാന്‍ ആഞ്ഞ അവന്റെ കൈകള്‍ സ്വയം നിശ്ചലമായി.. ഇനി ആ കൈകള്‍ പിടിക്കാന്‍ ഞാന്‍ യോഗ്യനല്ലന്നു മനസ്സ് ഉറക്കെ പറയുന്നത് അവനു കേള്‍ക്കാമായിരുന്നു.

അരുണ്‍ പതിയെ മുന്നോട്ട് നടന്നു . ഒരു കാന്തത്തിലെന്ന പോലെ ശ്യാമയുടെ ചുവടുകള്‍ അവനെ അനുഗമിച്ചു.

ഒന്നായി സഞ്ചരിച്ചു ഇടയില്‍ എവിടെയോ ഒരു ജങ്ങ്ഷനില്‍ നെടുകെ പിളര്‍ന്നു രണ്ടായി അകന്ന്‍ അകന്നു പോകുന്ന തീവണ്ടി പാളം പോലെ ആ മനസുകള്‍ അനന്തമായ വിദൂരതയിലേക്ക് സഞ്ചരിച്ചു......

മഴ അപ്പോഴും നിറഞ്ഞു പെയ്യുകയായിരുന്നു ... അകലെ തെളിഞ്ഞുകത്തുന്ന സിഗ്നല്‍ ലൈറ്റിന്റെ അരുണശോഭയില്‍  പാളങ്ങളില്‍ തലതല്ലി ചിതറിത്തെറിച്ചസതമിച്ച പ്രണയസ്വപ്നങ്ങളായി......

2018 അകലുമ്പോൾ