Sunday, October 4, 2015

ചിതലുകള്‍ (ചെറുകഥ)

പ്രാഭാത ഭക്ഷണം കഴിച്ചു ഓഫീസിലേക്ക് ഇറങ്ങുമ്പോഴാണ് അത് ശ്രദ്ധിച്ചത്, വരാന്തയുടെ പുറം ചുമരില്‍ രണ്ടു മൂന്നു ചിതലുകള്‍; അവ ചിതല്‍പ്പുറ്റ് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഒരു സ്ഥിര താമസത്തിനുള്ള തയ്യാറെടുപ്പ്പോലെ തോന്നിയതിനാലാവാം, ഭാര്യയെ വിളിച്ച് അവയെ കൊല്ലാന്‍ പറയാം എന്ന് കരുതി അവളെ നീട്ടി വിളിച്ചു.

“നിങ്ങള്‍ ഇനിയും പോയില്ലേ”!!?? 

അടുക്കളപ്പുറത്ത് നിന്നും ഭാര്യയുടെ നീട്ടിയുലള്ള മറുപടി അത്ര പന്തിയല്ലെന്ന് കണ്ട്, മതി!!, എന്നാലവ അവിടെ കിടക്കട്ടെയെന്ന് ആത്മഗതം ചെയ്തു സ്കൂട്ടറില്‍ കയറി നേരെ ഓഫീസിലേക്ക് വെച്ച് പിടിച്ചു.

വഴിയരികിലെ സ്ഥിരം സമരവേദികള്‍ പ്രത്വേകിച്ചു പ്രതികരണമൊന്നും മനസ്സില്‍ ശ്രിഷ്ടിച്ചില്ലെങ്കിലും, ഒരു അനുഭാവം ചെറുതായി വളരുന്ന പോലെ ഒരു തോന്നല്‍. അഴിമതിക്കാരനായ മന്ത്രിയെപുറത്താക്കണം എന്നതാണത്രേ അവരുടെ ആവശ്യം, പക്ഷെ അങ്ങീകരിക്കാന്‍ മുഖ്യനും കഴിയുന്നില്ല, എന്നാ താന്‍ അഴിമതിക്കാരനല്ല എന്ന് തെളിയിക്കനുള്ള ബാധ്യതയൊ അതൊട്ട്‌ മന്ത്രിക്കില്ലതാനും. ആഹ! എന്തേലും ആവട്ടെ അഴിമതി നടത്തുകയോ നടത്താതിരിക്കുകയോ ഒക്കെ ചെയ്യട്ടെ, എന്റെ കാശു ആരും അടിച്ചുമാറ്റാതിരുന്നാ മതി!! ഇങ്ങനെ ഓരോന്നു ചിന്തിച്ചു ഓഫീസില്‍ എത്തിയപ്പോ മണി 10.30; അറ്റന്റന്‍സ് റെജിസ്ടര്‍ കാണാനില്ല!!

ആ പുതിയ സൂപ്രണ്ട് ഒരിത്തിരി കണിശക്കാരനാ, ചിതലിന്റെ പിന്നാലെ പോകണ്ടായിരുന്നു, വെറുതെ സമയം പോയി, ഭാര്യേടെ വായിലിരിക്കുന്നതും കേട്ടു; ഇനി ഈ സൂപ്രണ്ടിന്റെ കൂടെ കേട്ടാ പൂര്‍ത്തിയായി.!!

“മെ ഐ കംഇന്‍ സര്‍?” വിനയപുരസരമുള്ള എന്റെ ചോദ്യത്തിനു സൂപ്രണ്ട് ഗൌരവത്തോടെ അമര്‍ത്തിയൊന്നു മൂളി, “ഉം, എന്ത് വേണം” ?? ഒപ്പിടനാണോ,? ഇന്നത്തെ ഒപ്പോക്കെ കഴിഞ്ഞു, തന്റെ അരദിവസം പോയി ഇനി ഉച്ചക്ക് വന്നാ മതി“.

ഇടിത്തീപോലത്തെ മറുപടികെട്ടു എന്ത് പറയണമെന്നറിയാതെ പകച്ചു നിന്ന എന്നോട് “എന്തിനാ ഇനി നില്‍ക്കുന്നത്? തനിക്കു പോയ്ക്കൂടെ എന്ന് കൂടെ പറയിപ്പിക്കാനാണോ" ?? സൂപ്രണ്ട് ചോദിച്ചു.

ഇനി ഇവിടെ നിന്നിട്ട്  കാര്യമില്ല  എന്ന് ബോധ്യം വന്നപ്പോ സീറ്റിലേക്ക് നടന്നു. സൂപ്രണ്ടിന്റെ മൂഡ്‌ ശരിയാകുമ്പോ ഒന്ന്കൂടെ ചോദിക്കാം എന്നാ പ്രതീക്ഷയില്‍ സീറ്റില്‍ കുത്തിയിരുന്നു. അപ്പുറത്തിരിക്കുന്ന അന്നമ്മേം, ഇപ്പുറത്തിരിക്കുന്ന  അജിത്തും കാണാതെ ഫേസ്ബുക്കില്‍ ഒന്ന് എത്തിനോക്കി. ഇന്നലെയിട്ട സെല്‍ഫിക്ക് പ്രതീക്ഷിച്ച അത്ര ലൈക്ക് കിട്ടിയില്ലലോ എന്ന നിരാശയില്‍ ഫേസ്ബുക്ക് വാളിലൂടെ കണ്ണോടിച്ചു.

അടുക്കളയിലേക്ക് എത്തിനോക്കുന്ന ശൂലം!! 
ഇതെന്താപ്പാ ഇത് ഇവന് മനുഷ്യന് മനസ്സിലാവുന്ന വല്ലതും പോസ്റ്റരുതോ?
അല്ലേലും ഈ കമ്യുനിസ്റ്റുകാരിങ്ങനാ മനുഷ്യന് മനസ്സിലാവുന്നത് വല്ലതും പറയോ? ഇല്ലേ.. 
അടുക്കളയില്‍ ശൂലം അല്ല വെട്ടുകത്തീം ചിരവയുംആണെന്ന് ഇവനോട് ഒരു കമന്റിട്ടാലോ എന്ന് ആലോചിച്ചു ടൈപ്പ് ചെയ്യാന്‍ തുടങ്ങിയപ്പോഴാ കാണുന്നത് അടിയേറ്റു തലതകര്‍ന്ന ഒരു വൃദ്ധന്റെ ഫോട്ടോ!!

ഇയാളെ ആരാ ഈ വയസുകാലതിങ്ങനെ തല്ലികൊന്നത്?? നരാധമന്മാര്‍!! അതും ഈ ശൂലവുമായി വല്ല ബന്ധോം കാണോ? എന്നാപിന്നെ അവന്റെ പോസ്റ്റ്‌ വായിച്ചിട്ട് തന്നെ കാര്യം എന്നിങ്ങനെ ഓരോന്ന് ചിന്തിച്ചു  പോസ്റ്റ്‌ മൊത്തം വായിച്ച് തീര്‍ന്നതും കാര്യം പിടികിട്ടി;

അടുക്കളയിലേക്ക് മറ്റാരോക്കയോ എത്തിനോക്കുന്നു എന്ന സത്യം. എന്ത് കഴിക്കണം എന്ന് മറ്റോരുത്തനോടു ചോദിക്കണം എന്ന് സാരം.. എന്റെ ദൈവമേ ഈ നാട് എങ്ങോട്ടാ?? ആത്മഗതം ഇത്തിരി ഉറക്കെയായിപ്പോയി.

“എന്താ സാറേ, ഒറ്റയ്ക്ക് സംസാരിക്കുന്നത് ഇന്നലത്തെ ഫോട്ടോക്ക് ലൈക് കുറവാ ഇല്ലേ ?” ചോദ്യം അജിത്തിന്റെയായിരുന്ന.

അതഅല്ല അജിത്തേ, നീ കണ്ടില്ലേ ഈ വൃദ്ധനെ തല്ലികൊന്നത്? എന്തൊരു കഷ്ടാ ഇത്? ഇങ്ങനെ നമ്മുടെ നാട്ടില്‍ നടക്കോ? 

ഹെയി!! കേരളം അത്ര അധഃപതിച്ചിട്ടൊന്നുല്ല.

എന്റെ സാറേ ഇത് ഇന്നൊന്നും അല്ല നടന്നത് കുറച്ചു നാളായി. സാറീ പത്രോം ടിവീം ഒന്നും കാണാറില്ലേ?
പിന്നെ കേരളത്തില്‍ നടക്കാത്തതെ ഞങ്ങള്‍ ഇവിടെ ഉള്ളത് കൊണ്ടാ, ഇല്ലായിരുന്നേല്‍ കാണായിരുന്നു.  

അജി, വീട്ടില്‍ സീരിയലാ വൈകീട്ട്  റിമോട്ട് ഭാര്യ തരില്ല, പിന്നെ പത്രം, അത് സ്പോര്‍ട്സ് പേജു മാത്രേ ഞാന്‍ വായിക്കൂ എനിക്കീ പോളിടിക്സ് അത്ര ഇഷ്ടം അല്ല എന്ന് നിനക്കറിയാല്ലോ. പിന്നെ നീ പറഞ്ഞില്ലേ കേരളത്തില്‍ നടക്കാത്തത് നിങ്ങള്‍ ഉള്ളത് കൊണ്ടാന്നു അത് വെറുതെയാ, കേരളം പണ്ടേ അങ്ങാനയാ, വിദ്യാസമ്പന്നമായ സ്റേറ്റ് അല്ലെ, അതാ ...

ഞാന്‍ തര്‍ക്കിക്കുന്നില്ല സാറേ, സാറ് സമയം കിട്ടുമ്പോ കേരളത്തിന്റെ ചരിത്രം ഒന്ന് പഠിക്കണം. പിഎസ്സിക്ക് മാര്‍ക്ക് കിട്ടാന്‍ പഠിക്കുന്ന പോലെ അല്ല മനസിരുത്തി പഠിക്കണം അപ്പൊ അറിയാം എന്തായിരുന്നു അവസ്ഥ എന്ന് ..

ശരി ശരി നിന്നോടു രാഷ്ടീയം പറയാന്‍ ഞാന്‍ ഇല്ല , നിങ്ങള്‍ ഒക്കെ അങ്ങനെയേ പറയൂ.

സൂപ്രണ്ടിനെ കണ്ടു കാലുപിടിച്ചു ഒരു വിധം ഹാജര്‍ബുക്കില്‍ ഒപ്പിട്ടു, ഇനി വൈകില്ല എന്ന് ഒരായിരം തവണ അയാള്‍ പറയിപ്പിച്ചു. എന്നാലും സാരല്ല ഇന്നത്തെ കാര്യം ഒത്തല്ലോ, നാളെ നേരത്തെ വരാം. എന്നൊക്കെ ആലോചിച്ചു സമയം കടന്നു പോയി.

കൃത്യം 5 മണിക്ക് തന്നെ ഓഫീസില്‍ നിന്നും ഇറങ്ങി നേരെ വീട്ടിലേക്കുപുറപ്പെട്ടു. പച്ചക്കറി വാങ്ങണം എന്ന് ഭാര്യ പറഞ്ഞത് ഓര്‍ത്തുകൊണ്ട് പച്ചക്കറി മാര്‍ക്കട്ടിലെക്ക് അടിച്ചുവിട്ടു. ചന്തയില്‍ എത്തും  മുന്‍പേ റോഡരികില്‍ ഒരു ചുവന്ന ബോര്‍ഡ് “ജനകീയ ജൈവ പച്ചക്കറി, വിഷമില്ലാത്ത പച്ചക്കറി” ചുറ്റിലും ചുവന്ന തോരണങ്ങള്‍ കൊണ്ട് അലങ്കരിചിരിക്കുന്നു. ആഹ! ഇത് കൊള്ളാലോ,  സമരപന്തലോ പാര്‍ട്ടികാരെ പരിപാടിയോ മറ്റോ ആയിരിക്കും എന്നാ കരുതിയത്, ഇത് ഏതായാലും ഒന്ന് നോക്കീട്ടു തന്നെ കാര്യം.

വിഷമില്ലാത്ത പച്ചക്കറിയെ കുറിച്ച് ജുബ്ബയിട്ട ഒരാള്‍ പ്രസംഗിക്കുന്നു. ചുറ്റിലും വലിയ ഒരാള്‍ക്കൂട്ടം സൂക്ഷമായി അയാളുടെ വാക്കുകള്‍ക്കു കാതോര്‍ത്ത് ഇരിക്കുന്നുണ്ടായിരുന്നു.

അല്ലേലും ഈ കമ്യുനിസ്റ്റുകാരിങ്ങനാ ഏതിനും എന്തിനും കുറ്റം കണ്ടു പിടിക്കും, “കോര്പരെറ്റ്”, “ആഗോളവല്‍കരണം” “മുതലാളിത്വം” എന്നൊക്കെ പറഞ്ഞു മനുഷ്യനു മനസ്സിലാവാത്ത കാര്യങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണെന്നു മനസ്സില്‍ പറഞ്ഞു .

ആഹ! പച്ചക്കറി കൊള്ളാം എല്ലാം ഓരോ കിലോ വാങ്ങിക്കാം ഇനി കിട്ടീല്ലെങ്കിലോ എന്ന് ചിന്തിച്ചു ചുവന്ന തലേക്കെട്ട് കെട്ടിയ ചേട്ടനോട് വേണ്ടസാധനങ്ങളുടെ ലിസ്റ്റ് കൊടുത്ത് കാത്തിരുന്നു. മാര്‍ക്കറ്റിലെത്തിലും കുറഞ്ഞ വിലയനാണല്ലോ ചേട്ടാ എന്നൊരു കമന്റും പാസാക്കി അവിടെ നിന്നും പുറത്തുകടന്നു. ജുബ്ബയിട്ട ആള്‍ അപ്പോഴും ഘോരഘോരം പ്രസംഗിക്കുണ്ടായിരുന്നു.

റോഡിലെ തിരക്ക് നീന്തികടന്നു ഒരു വിധം വീട്ടില്‍ എത്തി. “രമേ നീ ഒരു കാപ്പി ഉണ്ടാക്കു ഭയങ്കര ക്ഷീണം” എന്ന് പറഞ്ഞു പച്ചക്കറി കെട്ടു ഭാര്യയുടെ കയ്യില്‍ കൊടുത്തു. നേരം ഏറെ കഴിഞ്ഞിട്ടും കാപ്പി കിട്ടാതായപ്പോ അടുക്കളയില്‍ കേറി നോക്കി , ഭാര്യയതാ പച്ചക്കറിയുടെ ഭംഗി നോക്കി , ഓരോന്ന് തരം തിരിച്ചു വെക്കുന്നു  “ഇതെവിടുന്നാ, ഇത് നാടന്‍ പച്ചക്കറിയാണല്ലോ” എന്ന് ചോദിച്ചുകൊണ്ട് എന്റെ നേരെ തിരിഞ്ഞു.

“ഇത് ഏതോ പാര്‍ട്ടിക്കാരന്റെ ജൈവ പച്ചക്കറി!!, അപ്പം തിന്നാ പോരെ നീ എന്തിനാ കുഴിഎണ്ണുന്നത്, ഞാന്‍ എത്ര നേരമായി കാപ്പിക്ക് കാത്തിരിക്കുന്നു”. കാപ്പി കിട്ടാത്ത ദേഷ്യമത്രയും പച്ചക്കറിയില്‍ തീര്‍ത്ത് ഉമ്മറത്തെക്ക് നടന്നു.

ഉമ്മറത്തെ ടീപ്പോയില്‍ കിടക്കുന്ന പത്രമെടുത്ത് നിവര്‍ത്തി, ബീഫ് കഴിച്ചതിനു വൃദ്ധനെ കൊന്ന വാര്‍ത്തയുടെ വിശദംശങ്ങള്‍  അന്നത്തെ പത്രത്തിലും ഉണ്ടായിരുന്നു . പക്ഷെ ഞാന്‍ ആദ്യമായി ആയിരന്നു ആ വാര്‍ത്ത കാണുന്നത്. വാര്‍ത്തയിലൂടെ പോയപ്പോള്‍ പഴയ പത്രത്തില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയണമെന്ന് തോന്നി രണ്ടു ദിവസം മുന്നേയുള്ള പത്രവും വായിചിരിക്കുംബോഴാണ് കാപ്പിയുമായി ഭാര്യവന്നത്.

ടീപ്പോയില്‍ പതിവില്ലാതെ മൂന്നുനാല് പത്രങ്ങള്‍ കണ്ടപ്പോള്‍ അവളും ഒന്നെടുത്തു നോക്കി . ഈ പത്രങ്ങള്‍ ഞാന്‍ അകത്തെ ബോക്സില്‍ കൊണ്ടിട്ടതാണല്ലോ., പിന്നെങ്ങനെ എവിടെ എത്തി ?

“ഇത് നിങ്ങള്‍ എടുത്തതാണോ ഈ പഴയ പത്രങ്ങള്‍ ? നിങ്ങള്‍ക്കെന്താ മനുഷ്യാ വട്ടായോ പഴയ പത്രം വായിച്ചിരിക്കാന്‍!! അതോ ഇന്നത്തെ പത്രത്തില്‍ വാര്‍ത്ത ഒന്നും ഇല്ലേ?”

“അതല്ലെടീ, നീ ഇത് കണ്ടോ , ഒരു വൃദ്ധനെ കൊന്നത് അതും ബീഫ് കഴിച്ചുംന്നു പറഞ്ഞു , ഞാന്‍ ഓര്‍ത്തുപോയതാ ഇന്നലെ നമ്മള്‍ എന്താ കഴിച്ചെന്നു , ബീഫ് ഫ്രൈ അല്ലായിരുന്നോ ... നമ്മലെങ്ങാന്‍ ആ ഉത്തരേന്ത്യയില്‍ ആയിരുന്നെങ്കില്‍ എന്റെ ദൈവമേ !!!”

“അതേയ് ഇവിടെ അങ്ങനെ ഒന്നും ഉണ്ടാവില്ലാന്നു നിങ്ങക്കറിയില്ലേ ? ഇവിടെയെ സാക്ഷരത ഉണ്ട് സാക്ഷരത അതാ .. “ ഭാര്യയുടെ വാക്കില്‍ ആത്മവിശ്വാസം തുളുമ്പിനിന്നു.

നമ്മുടെ അജിത്‌ല്ലേ , ഓഫീസിലെ ക്ലാര്‍ക്ക്,  അവന്‍ പറയാ ഇവിടെ അവരുടെ പാര്‍ട്ടിക്കാര്‍ ഉള്ളത് കൊണ്ടാന്ന്‍. ആയിരിക്കും എന്ന് എനിക്ക് ഇപോ തോനുന്നു , 'മറ്റവന്മാര്‍' ഇല്ലാത്തത് കേരളത്തിലല്ലേ ഉള്ളൂ .. ബാക്കി എല്ലാ സ്ഥലത്തും ഇല്ലേ.. അജിത്തിന്റെ പാര്‍ട്ടിക്കാര് സമ്മതിക്കാത്തതു കൊണ്ട് തന്നെയാ, എനിക്കിപ്പം ഒറപ്പാ”.. 
ഈ പാര്‍ട്ടി വേണം കേരളത്തില്‍ ഞാനും അവരെ കൂടെ കൂടും ... അജിത്തിനെ എന്നും ഞാന്‍ പുഛ്ചിക്കുമായിരുന്നു. ഇനി അതുണ്ടാവില്ല .. വേണം അവര്‍ വേണം കേരളത്തില്‍ എന്നാലെ കേരളം കേരളമായി നില്‍ക്കൂ ...

എന്റെ ആത്മവിശ്വാസത്തിന്റെ തിളക്കം ഭാര്യയിലും പ്രതിഫലിച്ചു .. അതെ നമ്മള്‍ കഴിക്കുന്ന ജൈവപച്ചക്കറി പോലും അവരുടെയാ.. അങ്ങീകരിച്ചേ പറ്റൂ ...

ഈ വരുന്ന തെരഞ്ഞെടുപ്പില്‍ എന്റെ വോട്ടു അവര്‍ക്ക് തന്നെ ചെയ്യും, ആദ്യമായി, ഇനി എന്നും ഉറച്ച ശബ്ദത്തോടെ അവള്‍പറഞ്ഞു നിര്‍ത്തി..

വരാന്തയുടെ ഓരത്ത് ചിതലുകള്‍ അപ്പോഴും അവയുടെ മണ്‍പുറ്റുനിര്‍മാണം തകൃതിയായി തുടരുകയായിരുന്നു.

Thursday, July 23, 2015

നിലക്കാത്ത ശബ്ദം


പള്ളിമുക്കിലെ കടയിൽനിന്നും രാത്രീലേക്കുള്ള  കപ്പയും വാങ്ങി നേരെ മീൻകാരൻ അബ്ദുള്ളയുടെ അടുത്തേക്ക് ഭാസ്കരൻ വേച്ച് വേച്ച് നടന്നു. ആടി ആടി മീൻകോട്ടയിലേക്ക് ഒന്ന് എത്തിനോക്കി പിന്നെ തലപെരുപ്പിക്കുന്ന കള്ളിന്റെ കരുത്തിൽ അബ്ദുല്ലയോടു ഒന്ന് കയർത്തു .

"മീനന്താ ഔള്ളാ നിന്നെപ്പോലെതന്നെ ചീഞ്ഞുപോയത് , നിനക്ക് നല്ല മീനൊന്നും തന്നൂടെ , ഞാനും പൈസല്ലേ ഡാ തരുന്നത് ?"

ഭാസ്കരനോടു തർക്കിക്കാൻ ഒട്ടും താൽപര്യമുണ്ടായിട്ടല്ല , എങ്കിലും ആ വാക്കുകൾ അബ്ദുള്ളയെ ഒരുത്തിരി ദേഷ്യംപിടിപ്പിച്ചു  "ഭാസ്കരാ അത് നിന്റെ വയറ്റിലെ കള്ളിന്റെ കൊഴപ്പാ , മീൻ ചീഞ്ഞതല്ല, നീ മെല്ലെ വീട്ടിൽ പോ വെറുതെ തർക്കിക്കാതെ " നിനക്കുള്ള മീൻ ഞാൻ വീട്ടിൽ തരും നീ ഇപ്പൊ പോ  ..

ഭാസ്കരനും വിടാൻ ഭാവമില്ലായിരുന്നു , " ആഹ!! നീ എനിക്ക് മീൻ തരില്ലേ , എന്താടാ എനിക്ക് കൊഴപ്പം , ഞാൻ പോലയനായതാ ? എന്റെതും കാശല്ലെ ? പകലന്തിയോളം വെയില് കൊണ്ട കാശാ ഇത് അറിയോ ?" ഭാസ്കരാൻ അബ്ദുള്ളയുടെ മീൻകോട്ടയിൽ കൈ വെച്ചു. അബ്ദുള്ളക്കോ കണ്ടു നിന്ന നാട്ടുകാർക്കോ എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപേ ഒറ്റ വലിക്കു മീൻ മുഴുവൻ റോഡിൽ വീണു ചിതറി ..

"ഭാസ്കരാ !!" അബ്ദുള്ള അലറി , കള്ള ഹിമാറെ നീ എന്റെ മീൻ............നിന്നെ ഞാൻ കൊല്ലൂടാ "

അബ്ദുള്ളയുടെ കൈ ഭാസ്കരന്റെ മുതുകിൽ ആഞ്ഞു പതിച്ചു .  കള്ള് തലയ്ക്കു പിടിച്ചു നേരെ നിലക്കാൻ കെൽപ്പില്ലാത്ത ഭാസ്കരൻ അടിയുടെ ശക്തിയിൽ റോഡരികിലെ ചെളിവെള്ളത്തിലേക്ക് തെറിച്ചു വീണു.

ആളുകൾ ചുറ്റും കൂടി , കൂട്ടത്തിൽ പഞ്ചായത്ത് മെമ്പർ കണാരെട്ടൻ പറഞ്ഞു "അബ്ദുള്ളാ ഇനി ഭാസകാരനെ അടിക്കരുത് ; കള്ളിന്റെ പൊറത്ത് ചെയ്തതാ , മീനിന്റെ കാശു നമുക്ക് വാങ്ങിക്കാം അവന്റെ കയ്യീന്ന് തന്നെ നീ സമാധാനിക്കു "

“എനിക്കവന്റെ കാശൊന്നും വേണ്ട കണാരേട്ടാ എന്നാലും അവനീപ്പണി ചെയ്യാവോ ; അവനും കൂടെയുള്ള മീനാ ഈ കൊട്ടലത് അറിയോ നിങ്ങള്‍ക്ക് ”  അബ്ദുള്ള ചോദിച്ചു

ചെളിയിൽ കിടന്നു പുളയ്ക്കുന്ന ഭാസകാരനെ പിടിചെഴുന്നെൽപ്പിക്കാൻ ഒന്ന് രണ്ടു പേർ അയാളുടെ അടുത്തെത്തി ,  "തൊടരുത് എന്നെ!!!, എനിക്കറിയാം ... എനിക്കറിയാം എന്താ വെണ്ടെന്ന് , ആരും വേണ്ടാ ഭാസ്കരൻ ഒറ്റക്കാ എന്നും ഒറ്റക്കാ !! ", ഭാസ്കരൻ എല്ലാവരോടുമായി പറഞ്ഞു..

ഉരുണ്ടു വീണു ഒരു വിധം എണീറ്റ ഭാസകര്ന്റെ കൈ അരയിലെ പിച്ചാത്തി കയ്യിൽ പിടിമുറുക്കി . ആടി ആടി അബ്ദുള്ളക്കടുതെക്ക് നടന്നടുത്തു ..

"ഭാസ്കരാ നീ പോ ", അടുത്തേക്ക് വരുന്ന ഭാസ്കരനെ പിന്നിലേക്ക്‌ തള്ളി അബ്ദുള്ള പറഞ്ഞു .. രണ്ടടി പിന്നോട്ട് മാറി പിന്നെ മുന്നോട്ട് കുതിച്ച ഭാസകരൻ കത്തി വലിച്ചൂരി അബ്ദുള്ളയുടെ കഴുത്തിൽ കുത്തി ഇറക്കി .

ഒരലർചയൊടെ അബ്ദുള്ള റോഡിലേക്ക് വീണു, ആളുകൾ ഓടിക്കൂടി .. സംഭവിച്ചതെന്താനെന്നു മനസ്സിലാക്കാൻ ഒരൽപം സമയമെടുത്തു എല്ലാവരും. കുത്തും എന്ന് ആരും പ്രതീക്ഷിച്ചില്ല അതിന്റെ അമ്പരപ്പ് എല്ലാവരിലും ഉണ്ടായിരുന്നു ..

"വേഗം ഒരു വണ്ടി എർപ്പാടാക്ക്  , പെട്ടന്ന് ആസ്പത്രീലെത്തിച്ചാ രക്ഷിക്കാം , മെഡിക്കൽ റപ്പ് നാരയണേട്ടൻ പറഞ്ഞു ..

അത് വഴി വന്ന 'ആപ്പ' ഓട്ടോറിക്ഷയിൽ അബ്ദുല്ലയെ കയറ്റി നേരെ ഇ എം എസ് ആശുപത്രിയിലേക്ക് വെച്ച് പിടിച്ചു .

"കഴുത്തിൽ ആഴത്തിൽ മുറിയുണ്ട് പെട്ടന്ന് മെഡിക്കൽ കോളേജിൽ എത്തിക്കണം , ആംബുലൻസ് എർപ്പാടാക്കണം" ഡോക്ടർ കൂടെ വന്നവരോട് പറഞ്ഞു .

"തലൂക്കാശ്പത്രീലെ ആബുലൻസു വിളിക്കാം നമ്മുടെ അജു അല്ലെ അതിലെ ഡ്രൈവർ , ഓനെ ഞാൻ വിളിക്കാം " കൂടെ വന്ന റഷീദ് പറഞ്ഞു. 

വിവരമറിഞ്ഞ അജു പെട്ടന്ന്തന്നെ ആംബുലന്‍സുമായി ആശുപത്രിയില്‍ എത്തി അബ്ദുള്ളയെയും കൊണ്ടു ആംബുലൻസ് മെഡിക്കൽ കോളെജിലേക്ക് കുതിച്ചു പാഞ്ഞു ..

ഭാസകാരനെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചിരുന്നു, കള്ളിന്റെ കെട്ടുവിട്ട ഭാസ്കരന് താന്‍ അബ്ദുള്ളയെ കുത്തി എന്ന സത്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. തൊട്ടടുത്ത വീട്ടിലെ, അതും ബാല്യകാലം മുതലേ തന്റെ ചങ്ങാതിയായ, എന്നും വീട്ടില്‍ കാശുവാങ്ങാതെ മീന്‍ തരാറുള്ള അബ്ദുള്ളയെ.... “എനിക്ക് വയ്യായേ, എന്റെ പടച്ചവനേ .. എന്നോടു പൊറുക്കണേ എന്റ്റെ മുത്തപ്പാ .. അബ്ദുള്ളക്കു ഒന്നും സംഭവിക്കല്ലേ.. മുത്തപ്പന് വെള്ളാട്ട് നേരാമേ  “ ഭാസ്കരന്‍ പോലീസ് സ്റെഷനില്‍ ഇരുന്നു കരയാന്‍ തുടങ്ങി ..

“ഒരുത്തനെ കുത്തി കൊല്ലാന്‍നോക്കീട്ടു കെടന്നു മോങ്ങുന്നോടാ പട്ടീ “, എസ് ഐ അലറി . ഇടിച്ചു നിറെ നെഞ്ചിന്‍കൂടു ഞാന്‍ പൊളിക്കും തെമ്മാടീ .. കള്ളുകുടിച്ചാ വയറ്റില്‍ കിടക്കണമെടാ .. അല്ലാതെ വല്ലോരുടെം നെഞ്ചത്ത് കേറി അഭ്യാസം കാണിച്ചാ ഇതാ ഗതി .. പട്ടി !!”

കലി തീരാതെ എസ് ഐ , ഭാസ്കരനെ കുനിച്ചു നിര്‍ത്തി രണ്ടു ഇടീം കൊടുത്തു ..

“സാറ് എന്നെ എത്ര വേണേലും തല്ലിക്കോ , എന്നെ കൊന്നോ എന്നാലും എന്റെ സങ്കടം തീരില്ലാ സാറേ , ഞാനും അബ്ദുള്ളയും  അങ്ങനെ നടന്നതാ സാറെ , അറിയാതെ ... ഈ കള്ളുകുടിച്ചതാ സാറേ എല്ലാത്തിനും കാരണം ഇനി കുടിക്കില്ല .. ഇനി കുടിക്കില്ല “ ഭാസ്കരന്റെ കണ്ണ് നിറഞ്ഞു ...

“ആഹ! ഇനി നീ കുടിക്കണ്ട, നീ ഇനി പുറത്തിറങ്ങീട്ട് വേണ്ടെടാ കുടിക്കാന്‍“ എസ് ഐ തിരിഞ്ഞു നടന്നു ..

ഐസിയുവില്‍ അബ്ദുള്ള പതിയെ കണ്ണ് തുറന്നു. ഒബ്സര്‍വേഷനിലുള്ള ഡോക്ടര്‍ പുറത്തു വന്നു അബ്ദുള്ളയുടെ ഭാര്യയോടും മറ്റും പറഞ്ഞു  

“കഴുത്തില്‍ വലിയ പരിക്കാണ് പറ്റിയത് , എന്തോ ഭാഗ്യം കൊണ്ടു രക്ഷ പെട്ടൂ , കണ്ണ് തുറന്നിട്ടുണ്ട് “.

“എന്റെ റബ്ബേ , പടച്ചതമ്പുരാന്‍ കാത്തു..” ആമിനഉമ്മയുടെ കണ്ണ് നിറഞ്ഞു. ഞാനൊന്നു കണ്ടോട്ടെ ഡാക്ടറെ, ഒന്ന് കണ്ടാ മാത്രം മതി .... ആമിന ഉമ്മ ഡോക്ടറോട് കെഞ്ചി . കഴിഞ്ഞ പത്തിരുപത് മണിക്കൂറായി അവര്‍ ഈ ചോദ്യം തന്നെ ചോദിക്കുന്നു .. പക്ഷെ ആരും അനുവദിച്ചില്ല ..

“ശരി , കണ്ടോളൂ , പക്ഷെ സംസാരിക്കരുത് , ദൂരെ നിന്ന് ഒന്ന് കണ്ടോളൂ “ ഡോക്ടരുടെ അനുമതി വരമായി സ്വീകരിച്ചു അവര്‍ ഐസി യുനിറ്റിലേക്ക് നടന്നു .

കഴുത്തില്‍ വലിയയൊരു കെട്ടുകെട്ടി കട്ടിലില്‍ മലര്‍ന്നു കിടക്കുന്ന അബ്ദുള്ളയെ കണ്ണീരോടെ കണ്ടു ആമിനഉമ്മ തിരിച്ചു നടന്നു ..

“ന്നാലും എന്റെ ഭാസ്കരാ നീ ഈപ്പണി ചെയ്തല്ലോ . എത്ര മീന്‍ നീ ഈ ഇക്കാന്റെ കയ്യീന്ന് വെറുതെ വാങ്ങി തിന്നതാ? ഒരിത്തിരി നന്ദി നിയ്യ് കാണിച്ചില്ലാലോ .. നിന്റെ ഒള് മരിച്ചപ്പോ ഞാനല്ലേ ഭാസ്കരാ നിറെ പെണ്മക്കളെ പോറ്റിയത് ?” ആമിനഉമ്മ ആരോടെന്നില്ലാതെ കരഞ്ഞു പറഞ്ഞു.

അബ്ദുള്ളയുടെയും ഭാസകരന്റെയും കുടുംബങ്ങള്‍ അത്ര ഒരുമയോടെ ആയിരുന്നു കഴിഞ്ഞത്. ഭാസ്കരന്റെ ഭാര്യ അസുഖം വന്നു മരിച്ചപ്പോള്‍ അയാളുടെ മക്കളെ വളര്‍ത്തിയതും ആ കുടുംബത്തിനു ആശ്വാസമായതും അബ്ദുള്ളയും ഭാര്യയും ആയിരുന്നു . മക്കളില്ലാതിരുന്ന അവര്‍ ഭാസ്കരന്റെ മക്കളെ സ്വന്തം മക്കളെ പോലെ വളര്‍ത്തി.

മക്കള്‍ വളര്‍ന്നെങ്കിലും ഇപ്പോഴും അവര്‍ക്ക് കൂട്ടിരിക്കുന്നത് ആമിനയുമ്മയാണ്. ഭാസ്കരന്റെ കള്ളുകുടി അവസാനിപ്പിക്കാന്‍ അവര്‍ എന്നും പറയുമായിരിന്നു ..

ഒടുവില്‍ അതെ ഭാസ്കരന്റെ കൈകൊണ്ടു തന്നെ ഇങ്ങനെ സംഭവിച്ചതിലുള്ള വേദന ആമിനഉമ്മ മറച്ചുവെച്ചില്ല.

മെഡിക്കല്‍ റിപ്പോര്‍ട്ട് പോലീസിനു കിട്ടി , അബ്ദുള്ള മരിച്ചിട്ടില്ല , ഭാസ്കരനെ വധശ്രമ കേസില്‍ പ്രതിയാക്കി കോടതിയില്‍ ഹാജരാക്കി കോടതി അയാളെ  പോലീസ് കസ്റ്റടിയില്‍ വിട്ടു കൊടുത്തു .

കോടതിയില്‍ നിന്നും തിരികെ പോരുമ്പോള്‍ ഭാസ്കരന്‍ കൂടെയുണ്ടായിരുന്ന പോലീസുകാരനോട് ചോദിച്ചു , “അബ്ദുള്ള , അബ്ദുള്ള മരിച്ചിട്ടില്ലാ ല്ലേ “?

“എന്താടാ .. നിനക്ക് ഇനീം കുത്തണോ അയാളെ ? എങ്കില്‍ പറയടാ നീ പിന്നെ പുറം ലോകം കാണില്ല തെമ്മാടീ ..”  പോലീസ്കാരന്‍ രോഷം കൊണ്ടു ചുവന്നു.

“ചവിട്ടി നിന്റെ നാഭി കലക്കും ഞാന്‍ “ പോലീസുകാരന്‍ ജീപ്പിന്റെ കമ്പിയില്‍ പിടിച്ചു കാലുയര്‍ത്തി.

“അയ്യോ സാറേ അതല്ല , ഞാന്‍ ഇന്നലെ മുത്തപ്പനോട്‌ നേര്ന്നതാ അവന്റെ ജീവന്ടുക്കല്ലേന്നു .. അറിയാതെ പറ്റിപ്പോയതാ സാറേ ,... കള്ളു തലേക്കേറിയപ്പം ഞാന്‍ .... “ ഭാസ്കരന്റെ ശബ്ദം നേര്‍ത്തുവന്നു .

ഭാസ്കരനെ സ്റെഷനിലെ സെല്ലില്‍ അടച്ചു. അയാളുടെ മനസ്സില്‍ കുറ്റബോധതിന്റെ കനല്‍ എരിയാന്‍ തുടങ്ങി . അബ്ദുള്ളയോടൊപ്പം ഒരുമിച്ചു കഴിഞ്ഞ കാലം മനസ്സിലൂടെ മിന്നി മാഞ്ഞു. കുട്ടിക്കാലം മുതലേ ഒന്നിച്ചു വളര്‍ന്നവരായിരുന്നു. പാടത്ത് പണിക്കു പോകുമ്പോള്‍ അബ്ദുള്ളയുടെ വീട്ടിലെ കഞ്ഞികുടിച്ചാണ് പോയിരുന്നത് . ഭാര്യ മരിച്ച ശേഷം ആമിന ഉമ്മയാണ് മക്കളെ വളര്‍ത്തിയത് ... എന്നിട്ടും ഏതോ നശിച്ച സമയത്ത് ഞാന്‍ അബ്ദുള്ളയെ .......... അയാളുടെ കണ്ണ് നിറഞ്ഞു

സമയം ഉച്ചയായി ഭാസ്കരന് ചോറ് കൊടുത്തു പക്ഷെ അയാള്‍ കഴിക്കാന്‍ കൂട്ടാക്കിയില്ല . അടുത്തുണ്ടയിരുന്ന പോലീസുകാരനോട്‌ അയാള്‍ ചോദിച്ചു

“എസ് ഐ സാറിനെ ഒന്ന് കാണാന്‍ പറ്റുമോ , ഒരു കാര്യം ചോദിക്കാനാ “

അയാള്‍ കേട്ട ഭാവം നടിച്ചില്ല , ഭാസ്കരന്‍ വീണ്ടും വീണ്ടും ചോദിച്ചു , ഒടുവില്‍ അയാള്‍ സമ്മതിച്ചു . അയാളെ എസ് ഐ യുടെ അടുത്ത് കൊണ്ടുപോയി .

“സാറേ എനിക്ക് അബ്ദുള്ളയെ ഒന്ന് കാണണം എനിക്കുറങ്ങാന്‍ പറ്റുന്നില്ല , ചോറ് കഴിക്കാന്‍ പറ്റുന്നില്ല. എന്നിക്ക് അബ്ദുള്ളയെ ഒന്ന് കാണണം സാര്‍”

“ഫ!! ഒരു മനുഷ്യനെ മൃതപ്രായനാക്കിട്ട് നിന്ന് കെഞ്ചുന്നോടാ”, എസ് ഐ അയാളെ ആട്ടി. “കൊണ്ടു പോയി സെല്ലില്‍ അടക്ക് അവിടെ പട്ടിണി കിടക്കട്ടെ”..

ഭാസകരനെ വീണ്ടും സെല്ലില്‍ അടച്ചു. ദിവസം രണ്ടു കഴിഞ്ഞു ഒരു പോലീസുകാരന്‍ എസ് ഐയെ കണ്ടു കാര്യം പറഞ്ഞു

“ആ ഭാസ്കരന്‍ രണ്ടു നാളായി വല്ലതും കഴിച്ചിട്ട് , അവന്‍ ചത്ത്‌ പോകും സാറേ , ആ വിക്ടിമിനെ കാണണം എന്ന ഒറ്റ ആവശ്യമാ .. നല്ല കുറ്റബോധം ഉണ്ടയാള്‍ക്ക്.. ഒന്ന് ആശുപത്രിയില്‍ കൊണ്ടുപോയി കാണിച്ചാലോ ”

താന്‍ ഒന്ന് മിണ്ടാതിരി, ഈ പ്രതി അയാളെ ആശുപത്രിയില്‍ വെച്ച് ആക്രമിച്ചാലോ? താന്‍ സമാധാനം പറയോ? അല്ലെങ്കില്‍ അയാളുടെ ബന്ധുക്കള്‍ ഇയാളെ വല്ലതും ചെയ്താലോ? തനിക്കു ജോലി വേണം എങ്കില്‍ മിണ്ടാതിരുന്നോ .. എസ് ഐ ഒരല്‍പം പരുഷമായി അയാളോട് പറഞ്ഞു .

കൂടുതല്‍ ഒന്നും പറയാതെ പോലീസുകാരന്‍ തിരികെ പോയി.

ആശുപത്രിയില്‍ അബ്ദുള്ളയുടെ നില മെച്ചപ്പെട്ടു വന്നു . അതെ സമയം ഭാസകന്റെ നില കൂടുതല്‍ വഷളായി അയാള്‍ ജലപാനം പോലുമില്ലാതെ ഒരേ കിടപ്പ് തന്നെ .ഒടുവില്‍ കാര്യങ്ങള്‍ കൈവിടുമെന്ന അവസ്ഥയില്‍ എസ് ഐ,  ഭാസ്കരനെ അബ്ദുള്ളയുടെ അടുത്ത് കൊണ്ടുപോകാന്‍ തീരുമാനിച്ചു .

ഭാസ്കരനെ കൂട്ടി പോലീസ് ആശുപത്രിയിലേക്ക് വന്നു. ബന്ധുക്കളുടെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. പക്ഷെ അവരെ പോലീസ് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി .

ഭാസ്കരന്‍ ഐ സി യുവില്‍ അബ്ദുള്ളയുടെ അടുത്തേക്ക് നടന്നു, അയാള്‍ നല്ല ഉറക്കമായിരുന്നു. പതിയെ അയാളുടെ കാലില്‍ മുഖം ചേര്‍ത്ത് കരഞ്ഞു. അബ്ദുള്ളയുടെ കാലുകള്‍ കണ്ണീരില്‍ കുതിര്‍ന്നു.

അബ്ദുള്ള മെല്ലെ കണ്ണ് തുറന്നു . അയാള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല .. മെല്ലെ കാലുകള്‍ ഇളക്കിയപ്പോള്‍ ഭാസ്കരന്‍ മുഖമുയത്തി അബ്ദുള്ളയെ നോക്കി. അബ്ദുള്ള കൈ പതിയെ ഉയത്തി ഭാസകര്നെ മാടി വിളിച്ചു..

ഒരു കൊച്ചുകുട്ടിയെ പോലെ വാവിട്ടു കരഞ്ഞു കൊണ്ടു അയാള്‍ പുലമ്പി

“പറ്റിപ്പോയി അറിയാണ്ട് പറ്റിപ്പോയി.. ഇനി കള്ളുകുടിക്കൂല ഞാന്‍.... സത്യം.... മുത്തപ്പനാണെ സത്യം .... എന്നോടു പൊറുത്തു എന്നൊന്ന് പറ അബ്ദുള്ള .. എന്റെ ഒരു സമാധാനത്തിനു മാത്രം ...  ഇതിന്റെ ശിക്ഷ എത്ര വലുതാണെലും ഞാന്‍ സഹിക്കും “

പക്ഷെ അബ്ദുള്ളയുടെ നാവ് അനങ്ങിയില്ല , അയാളുടെ കണ്ണില്‍ നിന്നും രണ്ടുതുള്ളി കണ്ണുനീര്‍ കവിളിലേക്ക് ഒലിച്ചിറങ്ങി ....

അബ്ദുള്ളയുടെ കയ്യില്‍ പിടിച്ചു വികാരാധീനനായി നില്‍ക്കുന്ന ഭാസ്കരനെ പോലീസുകാരന്‍ പിടിച്ചു മാറ്റി .. വേണ്ടെന്ന ഭാവത്തില്‍ അബ്ദുള്ള കൈയുയര്‍ത്തി തടയാന്‍ ശ്രമിച്ചെങ്കിലും അയാളെ പിടിച്ചു മാറ്റുക തന്നെ ചെയ്തു.

“ഇനി അബ്ദുള്ള സംസാരിക്കില്ല , ഒരിക്കലും“ പോലീസുകാരന്റെ വാക്കുകള്‍ ഒരു മിന്നല്‍പിണര്‍ പോലെ ഭാസ്കരന്റെ നാഡീവ്യൂഹത്തെ സ്തബ്ദ്മാക്കി.

ഭാസകരന്റെയും അബ്ദുള്ളയുടെയും കണ്ണില്‍ നിന്നും കണ്ണുനീര്‍ തുള്ളികള്‍ കവിളിലൂടെ ഒലിച്ചിറങ്ങി..

ഒരിക്കല്‍ കൂടെ അബ്ദുള്ളയെ തിരിഞ്ഞു നോക്കി ഭാസ്കരന്‍ പോലീസുകാരന്റെ കൂടെ പടികളിറങ്ങി; അരയിലെ പിച്ചാത്തി പിടിയില്‍ കൈ മുറുക്കിയ നിമിഷത്തെ വീണ്ടും വീണ്ടും ശപിച്ച് കൊണ്ടു അയാള്‍  ആ വലിയ കോണിപ്പടികളിലൂടെ താഴേക്കിറങ്ങി..

ഒടുവിലത്തെ ചിത്രം

ഒടുവിലാ ചിത്രം ഒരൊർമയായി തന്നു നീ
വിടചൊല്ലി , ക്രൂരജന്മങ്ങളുടെ താഴ്വരയിൽ നിന്നും
കലിപൂണ്ട കത്തിയുടെ മിന്നുന്ന വായ്ത്തല ...
വിളറിയ ചുണ്ടിന്റെ രോദനം കേൾക്കാതെ
പലകുറി ആഞ്ഞു പതിചൊരാ പിഞ്ചു കഴുത്തിൽ

കാറ്റു പകച്ചു പോയി !!,

വിങ്ങി വിതുമ്പിയ മഴയിൽ ഗഗനം കണ്ണീർ വാർത്തു
മൌനം മൂടിയ നീല വിരിപ്പിൽ
മണ്ണിലമർന്നൊരു വദനമിരിപ്പൂ ,
കളിചിരിമാഞ്ഞൊരു പിഞ്ചു ജഡം

ഒടുവിലാ ചിത്രം ഒരൊർമയായി ഒരൊർമയായി തന്നു
അകലേക്ക്‌ നീ മാഞ്ഞുപോവെ
ആശിക്കുന്നു ഞാനും
മത ഭാന്തിന്റെ ഒടുവിലത്തെ രക്തസാക്ഷിയാവട്ടെ നീ
ഇനി ഒരു കുഞ്ഞും മരിക്കാതിരിക്കട്ടെ
മതാന്ധത കത്തിയേന്തിയ വിഭ്രാന്തിയിൽ ..

-------------------------------------------------------------------
മനുഷ്യത്വം മരവിച്ച ഇരുകാലി മൃഗങ്ങൾ പെരുകുന്ന കേരള സമൂഹത്തിൽ അറുത്തു മാറ്റപ്പെട്ട കബന്ധങ്ങൾ ഗ്രാമ കാഴ്ചകളെപോലും ഭീതിതമാക്കുന്ന വർത്തമാനകാലത്തിൽ മനസ്സാക്ഷി മരവിച്ചു പോയ സമൂഹത്തിന്റെ നിസ്സംഗത വല്ലാതെ അലോസരപ്പെടുത്തുന്നു .

Sunday, July 19, 2015

തിരികെ യാത്ര


ആര്‍ത്തലച്ചു മുന്നോട്ടു പായുന്ന തീവണ്ടിയില്‍ താടിക്കു കൈകുത്തി ജനലരികിലെ സീറ്റില്‍ അയാള്‍  ഇരിക്കാന്‍ തുടങ്ങിയിട്ട് നേരം ഏറയായി ചുറ്റിലും നടക്കുതൊന്നും അറിയാതെ അയാള്‍ ഗാഡമായ ഏതോ ചിന്തയില്‍ നിമഗ്നനായിരിക്കുകയാണ്. പതിവിലും തിരക്കുണ്ടായിരുന്ന തീവണ്ടിയില്‍ ഒരു വിധത്തിലാണ് ഒരു സീറ്റ് തരപ്പെട്ടത് അതും അയാള്‍ക്ക് ഏറെ പ്രിയപ്പെട്ട ജനാലക്കരികില്‍ തന്നെ. ജനാലയിലൂടെ മിന്നിമറയുന്ന മനോഹരമായ ഗ്രാമകാഴ്ചകള്‍ക്കുപോലും അയാളുടെ ചിന്തകളെ തെല്ലും ആലോസരപ്പെടുത്താന്‍ കഴിഞ്ഞില്ല . ചിന്തകളില്‍ ഉരുകി ഉരുകി, കുതിച്ചുപായുന്ന തീവണ്ടിക്കൊപ്പം ആടിയുലഞ്ഞ് അയാളും മുന്നോട്ടു പായുകയാണ്.

ചിന്തകള്‍ക്ക് തീ പിടിച്ചു, മാനസ്സുരുകി, ഒടുവില്‍ അവ കണ്ണീര്‍ തുള്ളികളായി  അയാളുടെ കവിള്‍ തടങ്ങളില്‍ ചാലുതീര്‍ത്തു ഒഴുകി തുടങ്ങി .എതിര്‍വശത്തെ സീറ്റിലിരുന്നു  ഏറെ നേരമായി ഞാന്‍ അയാളെ തന്നെ ഇമവെട്ടാതെ നോക്കിയിരിക്കുകയായിരുന്നു, പക്ഷെ ആ കണ്ണീര്‍ ധാരകള്‍ എന്റെ മനസ്സിനെയും പതിയെ മുറിവേല്‍പ്പിച്ചു തുടങ്ങി. ഒരു സഹയാത്രികന്റെ സ്വകാര്യതയിലേക്ക് എത്തി നോക്കാന്‍ ഒട്ടും താല്‍പര്യമില്ലതിരുന്നിട്ടും, അയാളെ ഒന്ന് തട്ടി വിളിച്ചാലോ എന്ന ചിന്ത ഒരു ത്വരയായി വളര്‍ന്നു , കൈകളിലേക്ക് ഒരു ഊര്‍ജപ്രവാഹമായി കുതിച്ചെത്തി , ഒടുവില്‍ കൈകള്‍ പതിയെ അയാളെ തട്ടി വിളിച്ചു . ചിന്തകള്‍ക്കൊരു ഇടവേളയിട്ട് അയാള്‍ എന്റെ മുഖത്തേക്ക് നോക്കി. ഒഴുകിപ്പരന്ന കണ്ണുനീരിന്റെ ജാള്യത മറക്കാന്‍ അയാള്‍ വല്ലാതെ പാടുപെടുന്നത് ഞാന്‍ കണ്ടില്ലെന്നു നടിച്ചു.

എന്ത് പറ്റി മിസ്റര്‍, നിങ്ങള്‍ വല്ലാതെ സങ്കടപ്പെട്ടുന്നു എന്ന് തോനുന്നു . പറയാന്‍ പ്രയാസമില്ലെങ്കില്‍.... , ഒരു സുഹൃത്തിനെപോലെ കരുതി എന്നോടു പറയൂ, നിങ്ങളെ വല്ലാതെ ഉലയ്ക്കുന്ന ആ വിഷമത്തിന്റെ കാരണമെന്താണ്? ഒരു പക്ഷെ ഞാന്‍ നിസ്സഹായനായിരിക്കാം , എങ്കിലും താങ്കളെ ആശ്വസിപ്പിക്കാന്‍ ഒരു പക്ഷെ എനിക്ക് കഴിഞ്ഞെന്നിരിക്കാം.... ചുവന്നു കലങ്ങിയ അയാളുടെ കണ്ണുകള്‍ പക്ഷെ ഒരു പ്രതികരണം പോലും തരാതെ അങ്ങ് ദൂരെ അസ്തമയ സൂര്യന്‍ ചുവപ്പിച്ച ഗ്രാമ കാഴ്ചകളെ ആവാഹിച്ചു നിര്‍വികാരമായി നിന്നതേയുള്ളൂ .. എങ്കിലും എന്തൊക്കയോ ചിന്തകളെ അടക്കിനിര്‍ത്താന്‍ അയാള്‍ പാടുപെടുന്നത്തിന്റെ പ്രതിദ്വനികള്‍ പലപ്പോഴായി ആ മുഖത്ത് മിന്നിമഞ്ഞു കൊണ്ടേയിരുന്നു.

അയാളുടെ കണ്ണുകളിലെ ആ നിര്‍വികാരത എന്നിലും നിരാശയുടെ നേരിയ ലാഞ്ചന പകര്‍ന്നുതന്നു, വേണ്ടായിരുന്നു, ഒന്നും  ചോദിക്കണ്ടായിരുന്നു, മനസ്സ് അറിയാതെ മന്ത്രിച്ചുകൊണ്ടിരുന്നു.. ജാലകകമ്പിയില്‍ കൈകള്‍ ചേര്‍ത്ത് വെച്ച് പുറം  കാഴ്ചകള്‍ക്ക് മനസ്സ് കൊടുത്തു ഞാനും അയാളില്‍നിന്നും  ശ്രദ്ധയെ മാറ്റാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.. കൊയ്യാന്‍ പാകമായ നെല്‍വയലുകളിലെ സ്വര്‍ണ്ണവര്‍ണ്ണ കതിരുകളില്‍ സൂര്യരശ്മികള്‍ വര്‍ണ്ണരാചികള്‍ വിരാചിക്കുന്ന ആ സായാഹ്നം മനോഹരമായിരുന്നെങ്കിലും , അപരിചിതനായ ആ സഹയാത്രികന്റെ കണ്ണില്‍ നിന്നും അടര്‍ന്നു വീണ കണ്ണീരിന്റെ ചൂട് അപ്പോഴും എന്റെ മനസ്സിനെ വല്ലാതെ പൊള്ളിച്ചു കൊണ്ടിരുന്നു. ഒരു സഹായാത്രികനെക്കാള്‍ ഒരു സഹജീവിയുടെ വെന്തമനസ്സിന്റെ ആവിയായിരുന്നു ആ കണ്ണീരെന്ന തിരിച്ചറിവായിരിക്കാം, അല്ലെങ്കില്‍,  അന്യന്റെ ശബ്ദം  ഒരു സംഗീതം പോലെ ആസ്വദിക്കണമെന്നു പഠിപ്പിച്ച പ്രതെയശാസ്ത്രത്തെ മുറുകെ പിടിച്ചത് കൊണ്ടാവാം ... അറിയില്ല എന്തായിരുന്നു എന്നെ ഏറെ നോവിച്ചതെന്നു....

നിമിഷങ്ങള്‍ കടന്നു പോയിക്കൊണ്ടെയിരുന്നു, കുതിച്ചു പായുന്ന തീവണ്ടിക്കൊപ്പം മറഞ്ഞു പോകുന്ന കാഴ്ച്ചകളുടെ സ്വര്‍ണ്ണവര്‍ണ്ണവും അലിഞ്ഞലിഞ്ഞു ഇല്ലാതിയ്ക്കൊണ്ടിരുന്നു , ഗ്രാമ കാഴ്ചകളെ ഇരുട്ട് പൊതിഞ്ഞു തുടങ്ങി , സൂര്യന്‍ പടിഞ്ഞാറെ ചക്രവാളവും കടന്നു പോയിരിക്കുന്നു ... കണ്ണുകള്‍ ഉറക്കത്തെ മാടിവിളിച്ചു, മനസ്സ് ഇരുട്ടിലേക്ക് ആഴ്ന്നിറങ്ങി.

ഒരു നനുത്ത കരസ്പര്‍ശം എന്റെ മനസ്സിനെ ഉണര്‍ത്തിയപ്പോള്‍, ജാലക കമ്പിയില്‍നിന്നും മുഖമുയര്‍ത്തി മെല്ലെ നോക്കി, അത് സഹയാത്രികന്റെ കൈകളായിരുന്നു . തെല്ലു കുറ്റബോധത്തോടെ കൈകളില്‍ പിടിച്ചു അയാള്‍ പറഞ്ഞു എന്നോടു ക്ഷമിക്കൂ , താങ്കള്‍ ചോദിച്ചതിനുള്ള  മറുപടി എങ്ങനെ പറയും എന്നുള്ള അങ്കലാപ്പിലായിരുന്നു .. പൊതുവേ അഭിമാനിയാണ് ഞാന്‍ , കൂട്ടുകാര്‍ എപ്പഴും പറയുമായിരുന്നു , പട്ടിണികിടാന്നാലും  വയറുനിറച്ചും ഉണ്ടൂ എന്നേപറയൂ എന്ന് !!.. . ഒരു പക്ഷെ ഒരു മുഖവുരക്ക് വേണ്ടി പരതിയതായിക്കന്നം അയാള്‍, എങ്ങിനെ, എവിടെ തുടങ്ങണം എന്നറിയാതെ ഉഴറുന്നത് ആ മുഖത്തുനിന്നും വായിച്ചെടുക്കാമായിരുന്നു.
നോക്കൂ താങ്കള്‍ എന്നെ ഒരു നല്ല സുഹൃത്തായി കരുതൂ  , ഞാന്‍ എന്നെ ആദ്യം പരിചയപ്പെടുത്താം , അത് ഒരു പക്ഷെ താങ്കളുടെ അകല്‍ച്ച ഒരല്‍പം കുറച്ചേക്കാം . ഞാന്‍ ഒരു പ്രവാസിയാണ്, പേര് ശ്യാം ,  ഒരു സ്വകാര്യ സ്ഥാപനത്തിലെ മാനേജാരായി ജോലി നോക്കുന്നു, ഇപ്പോള്‍ ലീവിന് നാട്ടില്‍വന്നതാണ് കൂടാതെ എഴുത്തുകാരനാണ് , അത്യാവശ്യം വാരികകളിലും ആനുകാലികങ്ങളിലും എഴുതാറുമുണ്ട്. ഒരു സുഹൃത്തിനെ കാണാന്‍ ബോംബയിലേക്കുള്ള യാത്രയിലാണ്. താങ്കളുടെ കണ്ണില്‍ നിന്നും ഒഴുകി പരന്ന കണ്ണുനീര്‍ ചാല്കീറിയത് എന്റെ ഹൃദയത്തിലേക്കാണ്. അതിന്റെ ചൂട് എന്നെ വല്ലാതെ നൊമ്പരപെടുതുന്നു .ഞാന്‍ പഠിച്ച  പ്രത്യേയശാസ്ത്രം വേദനിക്കുന്നവന്റെ കൂടെയാണ്.. താങ്കളുടെ നൊമ്പരം കാണാതിരിക്കാന്‍ എനിക്ക് കഴിയില്ല  ഇനി പറയൂ താങ്കള്‍ ആരാണ് , എന്താണ് താങ്കളെ വല്ലാതെ വേട്ടയാടുന്നത് ?
പറയാം , ഞാന്‍ എല്ലാം പറയാം .. താങ്കളില്‍ ഒരു നല്ല മനുഷ്യനെ ഞാന്‍ കാണുന്നു, ഒരു പക്ഷെ നമ്മുടെ പ്രത്യേയശാസ്ത്രങ്ങള്‍ ഒരേ ദ്രുവങ്ങിലൂടെ സഞ്ചരിക്കുന്നതവാം എന്നെ എല്ലാം പറയാന്‍ പ്രേരിപ്പിക്കുന്നത് .. അയാളുടെ കണ്ണുകളില്‍ ഒരു പ്രകാശശോഭ തെളിഞ്ഞു .

അയാള്‍ തുടര്‍ന്നു പേര് ജയന്‍ , താങ്കളെ പോലെ ഒരു പ്രവാസിയിരുന്നു , സാധാരണ കുടുംബത്തില്‍ നിന്നും എഞ്ചിനിയര്‍ ആയ ഒരാള്‍ , പഠനത്തിനും മറ്റും‍ കടം വാങ്ങി ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ പെട്ട കാലം .  പ്രാരാബ്ദത്തിന്റെ നാളുകളില്‍ ജീവിതം പച്ച പിടിപ്പിക്കമെന്ന മോഹവുമായി മണലാരന്യത്തിലെത്തിയ ഒരു സാധാരണക്കാരന്‍. കണ്ടതോക്കയും  പാഴ്കിനാക്കളായിരുന്നെന്നു വൈകാതെ മനസ്സിലാവുമ്പോഴെക്ക് രക്ഷപ്പെടാനുള്ള അവസാനത്തെ തീരവും കടലെടുത്തിരുന്നു . പരാധീനതകലുടെ ഘോഷയാത്രയായിരുന്നു ചുറ്റും. പിന്നെ ചുട്ടുപൊള്ളുന്ന മണല്‍ പരപ്പുകളെയും ശരീരത്തിലെ പച്ചമാംസം കരിഞ്ഞു മണക്കുന്ന കൊടും ചൂടിനേയും അതിജീവിച്ചു രണ്ടു വര്‍ഷം കൊടും വെയിലില്‍ ജോലി ചെയ്തു . എന്നെ ജോലിക്കെടുത്ത ആള്‍ ക്കറിയില്ലയിരുന്നു ഞാന്‍ ഒരു എഞ്ചിനിയര്‍ ആണെന്ന് , ഒടുവില്‍ സത്യം മനസ്സിലാക്കിയ അയാള്‍ എന്നെ പോകാനനുവദിച്ചു. പുറത്തു വേറെ ജോലി നോക്കി,  അയാളും സഹായിച്ചു , ഒടുവില്‍ ഒരു കണ്‍സല്‍ട്ടന്‍സിയില്‍ ജോലി കിട്ടി , നല്ല ശമ്പളം, മികച്ച ജീവിത സാഹചര്യം .

പിന്നീട് പതിനാലു വര്‍ഷങ്ങള്‍ നല്ല നിലയില്‍ ജീവിച്ചു , അതിനിടയില്‍ വിവാഹം , രണ്ടു കുട്ടികള്‍ , അവര്‍ക്ക് ഗള്‍ഫില്‍ തന്നെ മികച്ച വിദ്യാഭ്യാസം. ജീവിതം കെട്ടഴിച്ചു വിട്ട ഒരു നൌക പോലെ താളലയത്തില്‍ ഒഴുകുകയായിരുന്നു . പ്രാരബ്ദങ്ങലുടെ ഭൂതകാലം ഞാന്‍ മറന്നു പോയി . കിട്ടിയതത്രയും അവിടെ തന്നെ ചിലവഴിച്ചു ജീവിതം മുന്നോട്ടി കൊണ്ടു പോയി .. 

വീട് വാടകയും മക്കളുടെ വിദ്യാഭ്യാസ ചിലവും, മറ്റ് ചിലവുകളും പലപ്പോഴും വരുമാനത്തിനു എത്രയോ അപ്പുറത്തേക്ക് എത്തി തുടങ്ങി . പക്ഷെ എന്നെ സഹായിക്കാന്‍ ബങ്കുകള്‍ തയ്യാറായിരുന്നു . അവര്‍ ലോണ്‍ ആയും ക്രഡിറ്റ് കാര്‍ഡായും എന്നെ ആവോളം സഹായിച്ചു .
ഞാന്‍ ഒരു കേള്‍വിക്കാരന്റെ മാത്രം രൂപത്തിലേക്ക് മാറി കഴിഞ്ഞിരുന്നു . അയാള്‍ തുടര്‍ന്നു , നോക്കൂ ശ്യാം , ഞാന്‍ അങ്ങനെ വിളിച്ചോട്ടെ, താങ്കള്‍ക്ക് എന്നെക്കാള്‍ ഒരിത്തിരി പ്രായം കുറവാണെന്ന് തോന്നുന്നു,
തീര്‍ച്ചയായും ജയേട്ടന് എന്നെ അങ്ങനെ തന്നെ വിളിക്കാം ,  ഞാന്‍ ഇടയില്‍ പറഞ്ഞു ഒരു സിനിമ കഥ പോലെ തോനുന്നു താങ്കളുടെ ജീവിതം!!. താങ്കള്‍ പറയൂ ..
അയാളുടെ മനസ്സ് ഓര്‍മകളിലേക്ക് ഊളിയിട്ടു. ജോലി സ്ഥലത്തെ കാര്യങ്ങള്‍ പതിയെ പന്തിയല്ലാതായി , ജനറല്‍ മാനേജര്‍ക്ക് എല്ലാ കാര്യങ്ങള്‍ക്കും ഞാന്‍ മാത്രം മതിയായിരുന്ന ഒരു കാലമുണ്ടായിരുന്നു അവിടെ നിന്നും കാര്യങ്ങള്‍ പതിയെ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയിരിക്കുന്നു. മാനസികമായ എന്തോ അകല്‍ച്ച ഞങ്ങള്‍ക്കിടയില്‍ അനുദിനം കൂടി വരുന്ന പോലെ അനുഭപ്പെട്ടു തുടങ്ങി. ആരോക്കയോ എനിക്കെതിരായി അവിടെ കരുക്കള്‍ നീക്കുന്ന പോലെ ,... മനസ്സിനെ ഒരു ആധി പിടികൂടാന്‍ തുടങ്ങിയെന്ന സത്യം പതിയെ ഞാന്‍ തിരിച്ചറിഞ്ഞു . ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വന്നു തുടങ്ങി. പലപ്പോഴും മാനേജരുമായി വഴക്കായി . ഒടുവില്‍ ഞാന്‍ പ്രതീക്ഷിച്ച പോലെ ആ ദിനം വന്നെത്തി , എന്നെ ജോലിയില്‍ നിന്നും ഒഴിവാക്കികൊണ്ടുള്ള നോട്ടീസ് കയ്യില്‍ തന്നു മാനേജര്‍ പറഞ്ഞു , ഇനി താങ്കളുടെ സേവനം കമ്പനിക്ക് ആവശ്യമില്ല , രണ്ടു മാസം നോട്ടീസ് പിരീഡ് , വീട്ടില്‍ ഇരുന്നാല്‍ മതി , ശമ്പളം തരും . വേറെ ജോലി കണ്ടെത്താന്‍ എല്ലാ വിധ ആശംസകളും നേരുന്നു.

എത്ര നിര്‍വികാരതയോടെയാണ്, ആ മാനേജര്‍,  ഒരുകാലത്ത് തന്റെ പ്രിയപ്പെട്ടവനായിരുന്ന  ജീവനക്കാരനെ പിരിച്ചുവിടുന്നത്. മനസ്സാക്ഷികുത്തിന്റെ ഒരു കണികപോലും ആ മുഖത്ത് കാണാന്‍ സാധിച്ചില്ല .  നീണ്ട പതിനാലു വര്‍ഷത്തെ സേവനം മതിയാക്കി ഞാന്‍ പടിയിറങ്ങി . പക്ഷെ പ്രതീക്ഷയുണ്ടായിരുന്നു ഒരു പാടു സുഹൃത്തുക്കള്‍ ഈ പ്രവാസലോകത്തെ വിവിധ സ്ഥാപനങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നു . പലരും പലപ്പോഴും പറഞ്ഞുട്ടുണ്ട് ഇതിനെകാള്‍ മികച്ച ജോലി വാങ്ങിത്തരാമെന്ന് , പക്ഷെ അപോഴക്കെ ഞാന്‍ അത് നിരസിക്കുമായിരുന്നു.

അക്കങ്ങളുടെ കണക്കു പുസ്തകത്തിലേക്ക് മനസ്സ് പായിച്ചപ്പോള്‍ ഒന്ന് ആളിപോയി  , ബാങ്കിലെ കടം , സമ്പാദ്യം ഒന്നും ഇല്ലാത്ത അവസ്ഥ.. തുടങ്ങിവെച്ച വീട്പണി.. ഭാര്യ മക്കളുടെ വിദ്യാഭ്യാസം , വാടക ... എവിടെയും  ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ .... പതിയെ വീടിലേക്ക്‌ വണ്ടി ഓടിച്ചു , പാര്‍ക്കിങ്ങില്‍ വണ്ടി നിര്‍ത്തി ലിഫ്ടിലേക്ക് കയറുമ്പോള്‍ ഭാര്യയോടു ഈ കാര്യം എങ്ങനെ അവതരിപ്പിക്കുന് എന്ന ചിന്തയായിരുന്നു . എല്ലാ പറയാനുറച്ചു പത്താമത്തെ ഫ്ലോറില്‍ ലിഫ്റ്റില്‍ നിന്നും ഇറങ്ങി ഫ്ലാറ്റിന്റെ വാതിലിനടുത്തേക്ക് നടന്നു . കോളിഗ് ബെല്ലില്‍ കൈ അമര്‍ത്തി . ഈ സമയത്ത് ഇതാരാണെന്ന ഭാവത്തില്‍ ഭാര്യ വാതില്‍ തുറന്നു എന്ത് പറ്റി സുഖമില്ലേ, അതോ ഇന്ന് ഓഫിസ് ഇല്ലേ ? നീ ഇത്തിരി വെള്ളംതാ ഞാന്‍ എല്ലാം പറയാം എന്നാ ആമുഖത്തോടെ സോഫയിലേക്ക് ഇരുന്നു , കാര്യങ്ങള്‍ ഒരു വിധം അവളെ ധരിപ്പിച്ചു . ഇനി നമ്മള്‍ എന്ത് ചെയ്യും ? ആശങ്ക നിറഞ്ഞ ആ ചോദ്യത്തെ എങ്ങനെ നേരിടണമെന്നറിയാതെ ഞാന്‍ കുഴങ്ങി. സാരമില്ല നമുക്ക് ബന്ധങ്ങള്‍ ഒരുപാടില്ലേ ഈ പ്രവാസലോകത്ത് ആരെങ്കിലും സഹായിക്കാതിരിക്കില്ല . ആ വാക്കുകള്‍ അവളില്‍ ഒരിത്തിരി ആശ്വാസത്തിന്റെ വെട്ടം തെളിച്ചു.

സുഹൃത്തുക്കള്‍ പലരെയും സമീപിച്ചു ബയോഡാറ്റ കൊടുത്തു , നോക്കാമെന്ന ഒഴുക്കന്‍ മറുപടിയില്‍ ചിലര്‍ , പരമാവധി ശ്രമിക്കാമെന്ന പ്രതീക്ഷ നല്‍കി വേറെ ചിലര്‍ .. ദിവസങ്ങള്‍ കടന്നു പോയി പക്ഷെ ജോലി ഒന്നും ശരിയായില്ല, സുഹൃത്തുക്കളില്‍ പലരും ഫോണ്‍ വിളിച്ചാല്‍ എടുക്കാതായി , ചിലര്‍ തിരക്കാണ് തിരിച്ചു വിളിക്കമെന്ന മറുപടിയില്‍ ഫോണ്‍ കട്ട് ചെയ്തു. നാട്ടിലെ ബന്ധുക്കള്‍ പോലും സംസാരിക്കാതെയായി. എല്ലാവരും ഒഴിവാക്കുകയാനെന്ന സത്യം പതിയെ തിരിച്ചറിഞ്ഞു തുടങ്ങി .

കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയിലേക്ക് എത്തുകയാനെനു മനസ്സിലായി . ഭാര്യയെയും മക്കളെയും നാട്ടില്‍ വിടാനും കുട്ടികളുടെ വിദ്യാഭ്യാസം നാട്ടിലാക്കാനും തീരുമാനിച്ചു. ദീര്‍ഘനാളത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു അവര്‍ നാട്ടിലേക്ക് യാത്രയായി. ആശ്വാസത്തിന്റെ അവസാന കണികയും എന്നില്‍ നിന്നും അകന്നുപോയെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ മനസ്സ് വിസമ്മതിച്ചു . ആ രാത്രി ഒരു പോള കണ്ണടക്കാതെ കരഞ്ഞു തീര്ത്തു. എല്ലാവരും ഉപേക്ഷിച്ചപ്പോഴും ഓരോ ദിവസവും ആശ്വസിപ്പിച്ചിരുന്ന ഭാര്യയും , മക്കളുംകൂടെ കൂടെയില്ലാതെ ഒറ്റപ്പെട്ട ആ രാത്രി ഒരു ദുസ്വപ്നമായി ഇപ്പോഴും എന്നെ വേട്ടയാടുന്നു.

ഫൈനല്‍ സെറ്റില്‍മേന്റില്ലാതെ ശമ്പളം ബാങ്കിലേക്ക് അയക്കില്ലെന്ന അറിവ് കാര്യങ്ങളെ കൂടുതല്‍ ഗുരുതരമാക്കി. ശമ്പളം ബാങ്കില്‍ ഏതാതായതോടെ അവര്‍ വിളിതുടങ്ങി ലോണ്‍ അടവ് മുടക്കിയാല്‍ പോലീസില്‍ പരാതി കൊടുക്കും , ക്രഡിറ്റ് കാര്‍ഡ് പെട്ടന്ന് അടച്ചു തീര്‍ക്കണം ഇല്ലങ്കില്‍ താങ്കള്‍ നിയമനടപടി നേരിടേണ്ടി വരും എന്നിങ്ങനെ നിരന്തരമായ വിളികള്‍ വല്ലാത്ത അലോസരമായ അവസ്ഥ .. ഞാന്‍ ഓര്‍ക്കുകയായിരുന്നു , എന്ത് സ്നേഹമായിരുന്നു ഈ ബാങ്കുകള്‍ക്ക് , ലോണ്‍ തരാന്‍ മത്സരമായിരുന്നു ബാങ്കുകള്‍ തമ്മില്‍ . ഇവരുടെ പ്രതിനിധികള്‍ എന്നും ഓഫീസില്‍ കുത്തിയിരിക്കുമായിരുന്നു... ഇപ്പൊ അവര്‍ എന്നെ ഭീഷണി പെടുത്തുന്നു ..ആവര്‍ക്ക്‌ എന്നെ നിയമനടപടിക്കു വിധേയനാക്കണം പോലും..

എന്റെ കഥകള്‍ ശ്യാമിനെ ബോറടിപ്പിക്കുന്നില്ല എന്ന് കരുതുന്നു . യാത്ര വളരെ നീണ്ടതാണ് , മടുത്തു എങ്കില്‍ പറയാന്‍ മടിക്കണ്ട .. എനിക്ക് തന്നേ മടുത്തൂ ഈ ജീവിതം പിന്നല്ലേ താങ്കള്‍ക്ക് ...
ജയെട്ടാ .. ഞാന്‍ പറഞ്ഞില്ലേ ഈ ജീവിതം അറിയാന്‍ ഞാന്‍ അല്ലെ ചോദിച്ചത് പിന്നെ മടുക്കാണോ ? ഒരുള്‍ക്കിടിടിലതോടെ ഞാന്‍ കേള്‍ക്കുകയാണ് താങ്കളെ .. ആ ജീവിതത്തെ ... ഏതു മനുഷ്യനും അഭിമിഖീകരിചെക്കാവുന്ന അവസ്ഥകളെ ...
ജയേട്ടന്‍ തുടരൂ , കേള്‍ക്കട്ടെ
അയാള്‍ തുടര്‍ന്നു

ഒരു അടവ് പോലും തെറ്റിക്കാതെ, ലോണ്‍ ഞാന്‍ അടച്ചു പക്ഷെ ശമ്പളം വരാതയതോടെ ബാങ്കുകാര്‍ നിയനടപടി തുടങ്ങി . അങ്ങനെ ഒരു ദിവസം പോലീസില്‍ നിന്നും വിളി വന്നു , അടുത്ത പോലീസ സ്റ്റേഷനില്‍ വരണം ചില കാര്യങ്ങള്‍ സംസാരിക്കണം അതിനാണ് എന്നൊക്കെ. ഉള്ളിലെ ഭയം പെരുമ്പറയായി മുഴങ്ങി , ഒരു സുഹൃത്തിനെയും  കൂട്ടി പോലീസ്  സ്റ്റേഷനില്‍ പോയി, തനിച്ചു ഉള്ളിലേക്ക് . അറബി ഭാഷ കൈകാര്യം ചെയ്യാനറിയാത്ത ഞാന്‍ ആശയവിനിമയത്തിന് വല്ലാതെ ബുദ്ധിമുട്ടി . ചില കടലാസുകളില്‍ ഒപ്പിടുവിച്ചു അവിടെ നിന്നും  മറ്റൊരു ഓഫീസറുടെ അടുത്തേക്ക്, പിന്നെ കയ്യിലുള്ളതെല്ലാം അവിടെ വാങ്ങിവെച്ചു ഒരു പോലീസ് കാരന്റെ കൂടെ വിശാലമായ ഒരു ഇരുണ്ട  ഇടനാഴിയിലൂടെ താഴേക്കു നടന്നു , കയ്യില്‍ ഒരു തലയിണയും , പുതപ്പും തന്നു പോലീസുകാരന്‍ ഒരു ജയില്‍ മുറിയിലേക്ക് ചൂണ്ടി .. അവിടേക്ക് പോകാന്‍ ആംഗ്യം കാണിച്ചു .. പ്രതീക്ഷകള്‍ അസ്തമിക്കുന്നുവോ , ഒരു മൊബൈല്‍ ഫോണ്‍ പോലും കയ്യിലില്ലാതെ , വസ്ത്രം പോലും മാറ്റിവെച്ചു അവര്‍ തന്ന ജയില്‍ വസ്ത്രം ധരിച്ചു ഇടിവെട്ടെറ്റ പോലെ ആ ജയിലറക്കുള്ളില്‍..... ബോധം മറയുന്ന പോലെ ഒരു തോന്നല്‍ പിന്നെ തളര്‍ന്ന ചെമ്പില പോലെ തറയിലേക്കു വീണു .

ഒരു പോലീസ്കാരന്‍ ഓടി വന്നു , ഉടനെ നേഴ്സ് വന്നു മുഖത്ത് തണുത്ത വെള്ളംകുടഞ്ഞു, ഇന്ഗ്ലീഷ് അറിയാവുന്ന അയാളോട് ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു ഇന്ന് തന്നെ പണമടച്ചാല്‍   രക്ഷപ്പെടാമെന്ന വസ്തുത അയാളില്‍ നിന്നും ഞാന്‍ അറിഞ്ഞു. പുറത്തു നില്‍ക്കുന്ന സുഹൃത്തിനെ ഒന്ന് വിളിക്കാന്‍ സഹായിക്കണമെന് അപേക്ഷിച്ച് പ്പോള്‍ നല്ലവനായ അയാള്‍ സമ്മതിച്ചു . സുഹൃത്ത് എവിടെനിനോക്കെയോ പണം കൊണ്ടുവന്നു ബാങ്കില്‍ അടച്ചു ആ രസീതിയും കൊണ്ടു പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി. അന്ന് രക്ഷപ്പെടാമെന്ന ഒരു പ്രതീക്ഷയും ഇല്ലായിരുന്നു . പക്ഷെ , കാര്യങ്ങള്‍ ശുഭമായി , ഒരു പോലീസുകാരന്‍ എന്റെ പേര് ഉറക്കെ വിളിച്ചു , പിന്നെ ജയിലറ തുറന്നു നീണ്ട ഇരുണ്ട ഇടനാഴിയിലൂടെ  പോലീസ് സ്റ്റേഷന്റെ ഓഫീസിലേക്ക് , വസ്ത്രങ്ങളും ഫോണും തിരികെ തന്നു നന്ദി പറഞ്ഞു പുറത്തിറങ്ങുമ്പോള്‍, ദൈവരൂപത്തില്‍ പ്രത്യക്ഷപ്പെട്ട ആ സുഹൃത്തിനെ കെട്ടി പിടിച്ചു ഞാന്‍ കരഞ്ഞു മതിയാകും വരെ....

ദിവസങ്ങള്‍ അതിവേഗം കടന്നു പോയി , ജോലി അന്വഷണം നിരന്തമായി തുടര്‍ന്നെങ്കിലും ഒരു ഇന്റെര്‍വ്യു പോലും ലഭിച്ചില്ല. വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയമോ കയ്യിലെ സര്ടിഫിക്കറ്റുകാളോ ഒരു ഗുണവും ചെയ്തില്ല . സഹായിക്കാമെന്നെറ്റ സുഹൃത്തുക്കളും കയ്യോഴിഞ്ഞപ്പോള്‍, ഇനി മടക്കയാത്രയാകം എന്ന ചിന്ത മനസ്സിനെ പിടികൂടി . ഏകാന്തമായ താമസം ഒരു പക്ഷെ എന്നെ ഒരു ഭ്രാന്തനാക്കിയെക്കാം എന്ന തിരിച്ചറിവ് ഈ ചിന്തക്ക് ഊര്‍ജം പകര്‍ന്നു. കയ്യിലെ പണം തീര്‍ന്നു കഴിഞ്ഞിരുന്നു മിക്കവാറും ദിവസവും പട്ടിണി തന്നെയായിരുന്നു. വല്ലപ്പോഴും വന്നു പോകുന്ന ചില സുഹൃത്തുക്കള്‍ മാത്രമായിരുന്നു ഏക ആശ്വാസം , അവര്‍ വാഗ്ദാനം ചെയ്യുന്ന പണം വാങ്ങാന്‍ പലപ്പോഴും എന്റെ അഭിമാനം സമ്മതിച്ചില്ല . ഒടുവില്‍ വീട്ടിലെ സാധനങ്ങള്‍ ഓരോന്നായി വില്‍ക്കാന്‍ തുടങ്ങി . ആദ്യം വണ്ടി വിറ്റു, കുറെ നാള്‍ പിടിച്ചു നില്‍ക്കാനുള്ള പണം അങ്ങനെ കിട്ടി പക്ഷെ പറഞ്ഞ തുക മുഴുവന്‍ തരാതെ അയാള്‍ പറ്റിച്ചു.  പിന്നീട് തന്റെ പ്രിയപ്പെട്ട ടിവി തൊട്ടു വില്‍ക്കാനവുന്ന അത്രയും... ഇലക്ട്രോണിക്ക് സാധനങ്ങള്‍ മുതല്‍ വീട്ടു പാത്രങ്ങള്‍ വരെ എല്ലാം..

കമ്പനി അനുവദിച്ച രണ്ടു മാസത്തെ സമയം അവസാനിക്കാന്‍ പോകുന്നു  , എത്രയും പെട്ടന്ന് ഈ നാട് വിടണം എന്ന ചിന്തയില്‍ ഒരോ ദിവസവും തള്ളി നീക്കി. ഫൈനല്‍ സെറ്റില്‍മെന്റു തന്നു വിസ ക്യാന്‍സല്‍ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി ആരംഭിച്ചു .ഈ രണ്ടു മാസം കൊണ്ടു കടം ഏറെ വരുത്തിയിരിക്കുന്നു . നാട്ടിലെ അവസ്ഥ അതിലേറെ പരിതാപകരമായിരുന്നു . ഭാര്യയുടെ അവസാനത്തെ ആഭരണവും വിറ്റു കഴിഞ്ഞു . മക്കളുടെ സ്കൂള്‍ അഡ്മിഷന്‍ മുതല്‍ വീട്ടു ചിലവിനുവരെ പണം കണ്ടത്തെണ്ട അവസ്ഥയിലായിരുന്നു ഭാര്യ. ബന്ധുക്കള്‍ എല്ലാം കയ്യൊഴിഞ്ഞു. പതിവിനു വിപരീതമായി ഗള്‍ഫില്‍ നിന്നും വന്ന ഭാര്യയെയും മക്കളേയും കാണാന്‍ ആരും എത്തിയില്ല .  

കമ്പനിയില്‍ നിന്നും ലഭിച്ച പണം മുഴുവന്‍ കടം വീട്ടാന്‍ വേണ്ടി വന്നു , ബാങ്ക് ലോണ്‍ അടക്കാന്‍ സഹായിച്ചവരുടെ പണം കൊടുത്തു കഴിയുമ്പോഴേക്കും ഏറെക്കുറെ കീശ കാലിയായിരുന്നു . മക്കള്‍ക്ക്‌ ഒരിത്തിരി ചോക്ലേറ്റു വാങ്ങാനുള്ള കാശുകയ്യില്‍ വെച്ച് ബാക്കിയെല്ലാം കൊടുത്തു തീര്‍ത്തു. ഒടുവില്‍ പഴയ വസ്ത്രങ്ങളും എന്റെ പ്രിയപ്പെട്ട പുസ്ഥകങ്ങലുമായി തിരികെ നാട്ടിലേക്ക് ...
ജയന്റെ കണ്ണില്‍ നിന്നും കണ്ണനീര്‍ ധാര ധാരയായി ഒഴുകി, ഇരു കൈകളും കൊണ്ടു മുഖം പൊത്തിപ്പിടിച്ചു അയാള്‍ കരഞ്ഞു. ഒന്ന് ആശ്വസിപ്പിക്കാന്‍ പോലുമാകാതെ ഞാന്‍ ആ ജീവിത യാഥാര്‍ത്യങ്ങലുടെ മുന്നില്‍ പകച്ചു നിന്നു. താങ്കള്‍ മതിയാവും വരെ കരയൂ മനസ്സിലെ സങ്കടം മാറട്ടെ .. എന്റെ ആശ്വാസവാക്കുകള്‍ക്ക് അവിടെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല .

കയ്യിലെ തൂവലകൊണ്ടു മുഖം തുടച്ചു , ജയന്‍ തുടര്‍ന്നു . ക്ഷമിക്കൂ , അറിയാതെ .. ഞാന്‍ ...
തല്‍ക്കാലത്തേക്ക് പിടിച്ചു നില്‍ക്കാന്‍ നാട്ടില്‍ ഒരു ജോലി തരപ്പെടുത്താം എന്ന പ്രതീക്ഷയായിരുന്നു അവിടം വിടുമ്പോള്‍ . അങ്ങനെ ജോലി തേടി മഹാനഗരങ്ങളില്‍ അലഞ്ഞു , പക്ഷെ അവിടെ എന്നാക്കാല്‍ എത്രയോ മിടുക്കരായവര്‍ ജോലി തേടി അലയുന്നുണ്ടായിരുന്നു. കാലം ഒരു പ്രതികാരത്തോടെ എന്നെ തോല്പ്പിക്കുകയായിരുന്നു. നിത്യ ചിലവിനുള്ള ഒരു ചെറിയ ജോലി പോലും എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. ബയോഡാറ്റ വാങ്ങിവെച്ച കമ്പനികള്‍ നൂറു കണക്കിന് പക്ഷെ  ആരും വിളിച്ചില്ല.

ഇന്നേക്ക് കൃത്യം ഒരു വര്ഷം തികയുന്നു പ്രവാസ ഭൂമിയില്‍ നിന്നും തിരികെ എത്തിയിട്ട്. ഒരു വര്‍ഷം , നീണ്ട അലച്ചില്‍ ... പക്ഷെ .. അയാളുടെ ശബ്ദം പാതിയില്‍ മുറിഞ്ഞു!! . 

അയാളുടെ മനസ്സ് മാറ്റാന്‍ ഞാന്‍ ചോദിച്ചു ,, ഇപ്പൊ എങ്ങോട്ട് പോകുന്നു ?

ഇന്നലെ ഒരു കമ്പനി വിളിച്ചിരിക്കുന്നു ആദ്യമായി , അവിടെ നാളെ ഇന്റര്‍വ്യു ആണ് .. ശരിയാകും എന്ന പ്രതീക്ഷയുണ്ട് മനസ്സില്‍ ...

ശരിയാകും ജയെട്ടാ , ഈ ജോലി താങ്കള്‍ക്ക് തന്നെ ലഭിക്കും , എല്ലാ കയറ്റങ്ങള്‍ക്കും ഒരു ഇറക്കമുണ്ടാവും ..

തീവണ്ടി പാളങ്ങളില്‍ തീ പടര്‍ത്തി കുതിച്ചു പാഞ്ഞു കൊണ്ടേയിരുന്നു ,പതിയെ  പ്രഭാതം തലപൊക്കി എത്തിനോക്കി.. ഏതോ നഗരത്തിന്റെ പ്രാന്തപ്രദേശത്തെ ചേരികളിലൂടെ  തീവണ്ടി വേഗം കുറച്ചു സഞ്ചരിച്ചു ..

ജയന്‍ പറഞ്ഞു എനിക്കിറങ്ങാനായി, അടുത്ത സ്റെഷനില്‍ ഞാന്‍ ഇറങ്ങും .. ശ്യാം താങ്കളോട് വല്ലാത്ത ഒരു അടുപ്പം തോനുന്നു , ഒരു പക്ഷെ ഒട്ടും മടുപ്പില്ലാതെ എന്റെ ജീവത്തിനു കാതോര്‍ത്തത്‌ കൊണ്ടാവാം, അറിയില്ല , അല്ലെങ്കില്‍ ..  ഒരു പക്ഷെ നമ്മുടെ പ്രത്യേയശാസ്ത്രങ്ങള്‍ ഒരേ ദ്രുവങ്ങിലൂടെ സഞ്ചരിക്കുന്നതവാം...


ഇനിയും എവിടെയെങ്കിലും കാണാം എന്ന് കരുതുന്നു .. താങ്കളുടെ എഴുതുകളിലൂടെ ഞാന്‍ തീര്‍ച്ചയായും ശ്യാമിനെ കാണും .. അയാള്‍ എന്റെ കരം ഗ്രഹിച്ചു വികാരാധിനനായി ..
എന്റെ നമ്പരും ഇമെയിലും കുറിച്ചോളൂ , ഞാന്‍ അടുത്ത മാസം ഞാന്‍ അവധി കഴിഞു പോകും , കുറെ പേര്‍ക്ക് ബയോഡാറ്റ കൊടുത്തതല്ലേ ഒരെണ്ണം എനിക്കും തരൂ . പ്രവാസ ലോകത്ത് എവിടെയെങ്കിലും ഒരു ജോലി താങ്കളെ കാത്തിരിക്കുന്നുണ്ടാവും ...

തീവണ്ടി പതിയെ സ്റെഷന്ടുത്തെത്തി നിന്നു. ജയന്‍ ഒരു ഷേക്ക്‌ ഹാന്‍ഡ്‌ തന്നു ബാഗുമെടുത്ത് പുറത്തേക്കു നടന്നു , തീവണ്ടി പാളം പോലെ നീണ്ട പ്ലാറ്റ്ഫോമിലൂടെ ചുമലില്‍ ബാഗും തൂക്കി നടന്നു പോകുന്ന്ന ജയനെ മഹാനഗരത്തിന്റെ തിരക്കുകള്‍ വിഴുങ്ങുന്നത് ഒരു നെടുവീര്‍പ്പോടെ നോക്കിനിക്കിനിന്നു. ഈ ജോലിയെങ്കിലും ആ ചെറുപ്പക്കാരനെ തേടിയെത്തന്നേ എന്ന പ്രാര്‍ത്ഥനയോടെ ....

        
   

  
          
           
   

    


      
 


     

2018 അകലുമ്പോൾ