Wednesday, March 8, 2017

പെണ്മക്കള്‍ ..... അവരും ജീവിക്കാന്‍ അനുവദിക്കപ്പെട്ടവര്‍ തന്നെ......



പെണ്മക്കളുള്ള ഓരോ രക്ഷിതാവിന്റെയും മനസ്സില്‍ തീക്കൊരിയിടുന്ന വാര്‍ത്തകളുമായി പുലരുന്ന പ്രഭാതങ്ങളും, കാമകണ്ണുമായി കുഞ്ഞുമക്കളെ പോലും വേട്ടയാടുന്ന വൈകൃത പുരുഷജന്മങ്ങളുമുള്ള ഒരു കെട്ടകാലത്തെ വനിതാദിനം ആണ് ഇന്ന് ...

ഭീതിതമായ പിഞ്ചുകണ്ണുകള്‍ തിരയുന്നത് സുരക്ഷിതമായ ഒരു ഇടമാണ്, സ്നേഹത്തിന്റെ വാത്സല്യത്തിന്റെ മിഠായിപൊതികള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്നത് ഹീനമായ കാമത്തിന്റെ ഗൂഡചിന്തകളാണെന്ന് അറിയാതെ പോയ ബാല്യത്തിന്റെ വേദനകളാണ്; തുറന്നുവെച്ച മൊബൈല്‍ കണ്ണുകള്‍ പകര്‍ത്തിയെടുക്കുന്നത് തന്റെ ജീവനാണെന്ന് തിരിച്ചറിയാതെ പോയ പെണ്മക്കളുടെ രോദനമാണ്.....
ഈ സമൂഹത്തെ ചങ്കുറപ്പോടെ നേരിടാന്‍ ഭയന്ന് ഒരു കയറില്‍തുമ്പില്‍, റെയില്‍വേ ട്രാക്കില്‍, ജീനവനോടിക്കിയവര്‍ ഒരു വശത്ത് ....

എല്ലാം തുറന്നു പറഞ്ഞു പോലീസ് സ്റെഷനുകളിലും, തെളിവെടുപ്പ് സ്ഥലങ്ങളിലും, കോടതിവരാന്തകളിലും, ഒരുകെട്ടുകാഴ്ചയായി ജീവച്ഛവമായി ജീവിതം ഹോമിച്ചവര്‍ മറുവശത്ത്.....

പീഡനത്തിനു ഇരയാവുന്നവരെ കാണാനുള്ള വൃത്തികെട്ട ആര്‍ത്തിയോടെ ചുറ്റും കൂടിനിന്ന് ആര്‍പ്പുവിളിക്കുന്ന ഈ സമൂഹത്തിന്റെ  മനസ്ഥിതി മാറാതെ ഒരു പെണ്ണും സുരക്ഷിതയല്ല.....  

നമ്മുടെ പെണ്മക്കള്‍ക്ക് വേണ്ടത് ആത്മവിശ്വാസം പകരുന്ന സുരക്ഷിതമായ ഒരിടമാണ് ... അവര്‍ക്ക് വേണ്ടത് കാര്യങ്ങള്‍ തുറന്നു പറയാനും അത് കേള്‍ക്കാനുമുള്ള വിശ്വസനീയമായ ഒരിടമാണ് .. അത് ഒരുക്കാന്‍ അല്ലെങ്കില്‍ അവര്‍ക്ക് പറയാനുള്ള ഒരിടമായി മാറാന്‍ ഒരോ രക്ഷിതാവിനും കഴിയാത്തെടത്തോളം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും...

ഓര്‍ക്കുക .. നമുക്കും ഉണ്ട് ഒരു മകള്‍ അല്ലെങ്കില്‍ ഒരു സഹോദരി .. ഒരു അമ്മ ...... .... പെണ്കുഞ്ഞിനെ മാറോടണക്കുമ്പോള്‍ മനസ്സില്‍ വിരിയെണ്ടത് ഹീനചിന്തയല്ല സ്നേഹമാണ് ... മിഠായിപൊതികള്‍ക്കുള്ളില്‍ ഒളിച്ചു വെക്കേണ്ടത് കാമമല്ല വാത്സല്യമാണ്;

പെണ്മക്കള്‍ ..... അവരും ജീവിക്കാന്‍ അനുവദിക്കപ്പെട്ടവര്‍ തന്നെ...... അതും സുരക്ഷിതരായ !!!

2018 അകലുമ്പോൾ