Tuesday, January 16, 2018

ബാലപാഠങ്ങള്‍ -2

ഒരേ പാത്രത്തില്‍ ഉണ്ട് ഒരെ പായയില്‍ ഉറങ്ങി എന്നൊക്കെ നമ്മള്‍ ഒരു മേമ്പൊടിക്ക് പറയാറുണ്ടെങ്കിലും അത് ശരിക്കും അനുഭവിച്ചത് ദുബായിലെ ദേര ഹയാത്തിനു സമീപത്തുള്ള ഞങ്ങളുടെ ആ ഫ്ലാറ്റില്‍ വെച്ചാണ്. ഒരേ സ്കൂളില്‍ പഠിച്ചവര്‍.. അതില്‍  ഭൂരിഭാഗം പേരെയും അച്ഛന്‍ സ്കൂളില്‍ പഠിപ്പിച്ചവര്‍ ,  അവരില്‍ ചിലര്‍ എന്റെ കൂടെ ഒരേ ക്ലാസില്‍ പഠിച്ചവര്‍, ഞങ്ങള്‍ ഒത്തു കൂടിയത് ഒരേ ഫ്ലാറ്റില്‍ ...

അതുവരെ അനുഭവിച്ച മുഴുവന്‍ പ്രയാസങ്ങള്‍ക്കും മറുമരുന്നായിരുന്നു ആ ഫ്ലാറ്റ്; പലകാരണങ്ങളാല്‍ താമസം ഒരു വലിയ വെല്ലുവിളിയായി മാറിയപ്പോഴാണ് സ്വന്താമായി ഒരു താമസസ്ഥലം എന്ന ആശയം മുഹമ്മദലി മുന്നോട്ട് വച്ചത്; പറ്റിയ ഒരു സ്ഥലവും  താങ്ങാവുന്ന വാടകയും ഒത്തു വന്നപ്പോള്‍ ഒരു വര്‍ഷത്തെ എഗ്രിമെന്റില്‍ ദേരയില്‍ ഫ്ലാറ്റ് ഞങ്ങള്‍ എടുത്തു. പിന്നീട് അങ്ങോട്ട് അവിടം ഒരു ദേശത്തുകാര്‍ക്ക് ഒത്തുചേരാനുള്ള ഒരു സ്ഥലമായി മാറിയത് പെട്ടന്നാണ്. അവരില്‍ ഞാന്‍ മാത്രമായിരുന്നു ആ പ്രദേശത്തുകാരന്‍ അല്ലായിരുന്നത്; പക്ഷെ അവരില്‍ ഒരാളായി.. അവരുടെ മഹല്‍കമ്മറ്റിയുടെ കീഴില്‍ രൂപീകരിച്ച കൂട്ടായ്മയില്‍ ഒരാളായി ചേര്‍ത്തു അവരോടൊപ്പം സഞ്ചരിച്ച രണ്ടു വര്ഷം ... ഒരിക്കലും മറക്കാത്ത,  പ്രവാസത്തിന്റെ സുവര്‍ണ്ണ കാലം....

പറയത്തക്ക ഒരു ബന്ധവും ഇല്ലാതിരുന്നിട്ടും കണാരന്‍മാഷിന്റെ മകന്‍ എന്ന ഒറ്റ ലേബല്‍ മാത്രം മതിയായിരുന്നു അവര്‍ക്ക് എന്നെഅറിയാന്‍; കാരണം മാഷിനെ അവര്‍ അത്രഏറെ ഇഷ്ടപെട്ടിരുന്നു .. ആ അച്ഛന്റെ മകനായതില്‍ അഭിമാനത്തോടെ, ആത്മഹര്‍ഷത്തോടെ പറയട്ടെ ..  ആ ഒരു പേര് മാത്രം മതിയായിരുന്നു എനിക്ക് ഒരു പ്രദേശത്തുകാരുടെ ഇഷ്ടക്കാരനാവാന്‍; അവരുടെ കൂടെ കൂട്ടാന്‍;

അവരില്‍ എല്ലാവരും തന്നെ തികഞ്ഞ മത വിശ്വാസികള്‍ ആയിരുന്നു ; പക്ഷെ മതവും, രാഷ്ട്രീയവും ,  വിശ്വാസങ്ങളും വ്യത്യസ്തമാവുമ്പോഴും സ്നേഹബന്ധങ്ങള്‍ തീര്‍ക്കുന്ന കെട്ടുറപ്പില്‍ ആയിരുന്നു അവിടെത്തെ ജീവിതം. അത്രയേറെ ഇഴചേര്‍ത്ത ബന്ധങ്ങള്‍ ആയിരുന്നു എല്ലാം .....

സ്വന്തം കൂടെ പിറപ്പിനെ പോലെ ; അല്ല സ്വന്തം കൂടെ പിറപ്പായ റഫ്സല്‍ ; ഓഫീസിലേക്ക് ഉച്ചഭക്ഷണം ഒരേ പാത്രത്തില്‍ കൊണ്ട്പോയി ഒന്നിച്ചു കഴിച്ചു; സ്വന്തമായി ഒരു കട്ടില്‍ ഉണ്ടായിട്ടും എന്റെ കൂടെ കിടന്നു ഉറങ്ങിയ എന്റെ പ്രിയ കൂട്ടുകാരന്‍ ; ദുബായില്‍ നിന്നും ഖത്തറിലേക്ക് യാത്രയാക്കുന്ന സമയത്ത് രണ്ട് തുള്ളി കണ്ണീരോടെ യാത്രയാക്കിയ എന്റെ പ്രിയ മിത്രം... അതിലേറെ, ദുബായില്‍ ഉണ്ടായിരുന്ന ലോണിനു ഒരു ഗ്യാരണ്ടറെ വേണമെന്ന് ബാങ്ക് പറഞ്ഞപ്പോ ഒരു മടിയും കൂടാതെ ഗ്യാരണ്ടി നിന്ന പ്രിയപെട്ടവന്‍; ഖത്തറില്‍ എത്തിയ ആദ്യ നാളുകളില്‍ ഏറെ നൊമ്പരപ്പെടുത്തിയ ഓര്‍മ്മകള്‍ക്ക് ഒരു കാരണക്കാരന്‍;

പിന്നെ അലി .. കൂട്ട് എന്ന് പറയുന്നതിനേക്കാള്‍ ഒരു മാര്‍ഗദര്‍ശി അതാവും ശരി; ആരോടും പരിഭവമില്ലാതെ പിണക്കമില്ലാതെ; മറ്റുള്ളവരെ കുറ്റം പറയുന്നത്പോലും തെറ്റാണ് എന്ന് കരുതുന്ന പച്ചമനുഷ്യന്‍ .. തികഞ്ഞ വിശ്വാസി .. ദുബായിലെ എന്റെ എല്ലാ പ്രയാസങ്ങളിലും ഒപ്പം നിന്ന, എന്നെ സഹായിച്ച എന്റെ സഹപാഠി ... അറിയില്ല ഇതിലേറെ എങ്ങനെ പറയണം എന്ന് .. അലി എനിക്ക് എല്ലാമായിരുന്നു.. സൗഹൃദങ്ങള്‍ ചിലപ്പോള്‍ രക്തബന്ധങ്ങളെക്കാള്‍ ദ്രിഡമാകുകയും പരസ്പരം മനസിലാക്കി, എന്നാല്‍ നിശ്ശബ്ദമായി സഹായിക്കാന്‍ ഏതറ്റംവരെയും പോകുന്ന ചില ബന്ധങ്ങള്‍..
... അങ്ങനെ ഒരു ബന്ധമായിരുന്നു അവന്‍ ...

നീ പറയണ്ട എന്ന് പറഞ്ഞാലും ഒരു സംഭവം എനിക്ക് പറയണം ..
 
ദുബായിലെ ഖിസൈസില്‍ നിന്നും ജോലിമാറി ദേരയിലെക്ക് താമസം മാറേണ്ടി വന്ന സമയം, ഒരു ബെഡ് സ്പേസിനു വേണ്ടി അറിയാവുന്ന സുഹൃത്തുക്കളെ ഒക്കെ വിളിച്ചു അന്വേഷിച്ചെങ്കിലും ഒരെണ്ണം തരപ്പെട്ടില്ല പലകാരണങ്ങളാല്‍!!!‍.  ഒടുവില്‍ റൂം മാറേണ്ട സമയം ആയി, സമയം രാത്രി 9 മണി ആയിക്കാണും, മാറാന്‍ ഒരിടം ഇല്ലാതെവല്ലാത്തൊരു  തൃശങ്കുവില്‍ ആയി. ഒടുവില്‍ "നീ വാ ദേരക്ക്, നമുക്ക് എന്തേലും ചെയ്യാം" എന്ന് അവന്‍  പറഞ്ഞപ്പോള്‍ പെട്ടിയുമെടുത്ത് നേരെ അവന്റെ അടുത്തേക്ക്. 4 പേര്‍ താമസിക്കുന്ന അവന്റെ റൂമില്‍ ഒരു ബെഡ് കാണിച്ചു തന്നിട്ട് പറഞ്ഞു തല്‍ക്കാലം ഇവിടെ കിടക്ക് നമുക്ക് വേറെ ശരിയാക്കാം എന്ന് പറഞ്ഞു അവന്റെ  അവന്റെ കട്ടിലില്‍ ചൂണ്ടികാട്ടി തന്നു അവന്‍ തൊട്ടടുത്തുള്ള മറ്റൊന്നിലേക്ക് മാറി.
പിറ്റേ ദിവസം ഓഫീസില്‍ പോയി തിരികെയെത്തിയപ്പോള്‍, അലി  കിടന്ന കട്ടിലില്‍ വേറൊരാള്... ‍, പരിചയപ്പെട്ടപ്പോല്‍ പറഞ്ഞു അയാള്‍ ആ റൂമിന്റെ ഓണര്‍ ആണ്. നാട്ടില്‍ ആയിരുന്നു തിരികെ വന്നു എന്ന്.

സൌഹൃദപരമായിരുന്നു സംഭാഷണം.  പതിവ്പോലെ കൂടുതല്‍ ഒന്നും ആലോചിക്കാതെ അലിയുടെ കട്ടിലില്‍ കയറി കിടന്നു,
പിറ്റേന്ന് രാവിലെ ഓഫീസില്‍ പോകാന്‍ നേരത്ത് വെറുതെ അലിയെ നോക്കി പക്ഷെ അവന്‍ അവിടെ ഉണ്ടായിരുന്നില്ല. അത്രേയും നേരത്തെ ഡ്യൂട്ടിക്ക് പോകുന്ന ആളല്ല അവന്‍ എന്നെനിക്ക്‌ അറിയാമായിരുന്നു. ഒരു പക്ഷെ പുറത്ത് പോയിക്കാണും എന്ന് കരുതി, ഞാന്‍ ഓഫീസില്‍ പോയി. വൈകിട്ട് അവനെ കണ്ടപ്പോള്‍ നീ ഇന്നലെ എവിടെ ആയിരുന്നു എന്നാ ചോദ്യത്തിനു "ഞാന്‍ ഒരു സുഹൃത്തിന്‍റെ റൂമില്‍ പോയിരുന്നു , പിന്നെ വൈകിയത്കൊണ്ട് വന്നില്ല"എന്നായിരുന്നു അവന്റെ മറുപടി.
അടുത്ത ദിവസവും അവന്‍ റൂമില്‍ അവന്‍ വന്നില്ല, പക്ഷെ അന്ന് രാത്രി ബാത്ത്റൂമില്‍ പോകാനായി എണീറ്റ ഞാന്‍ പാതിചാരിയ മെയിന്‍ വാതിലിലൂടെ പുറത്തെക്ക് വെറുതെ ഒന്ന് നോക്കി;

അവിടെ കണ്ട കാഴ്ചയില്‍ സ്തബ്ദനായിപ്പോയി ഞാന്‍!! അലി കോണിപ്പടിയില്‍ ഇരുന്നു ഉറങ്ങുന്നു....!!!

ഞാന്‍ ഓടി അവന്റെ അടുത്ത് ചെന്ന് ചോദിച്ചു എന്താടാ ഇത്? പറ എന്തിനാ നീ ഇവിടെ?

അവനോടു റൂം ഓണര്‍ പറഞ്ഞുവത്രേ ഞങ്ങള്‍ രണ്ടു പേരില്‍ ഒരാള്‍ക്ക് വേണേല്‍ നില്‍ക്കാം അതാരായാലും വേണ്ടില്ല,.  പക്ഷെ രണ്ടു പേര്‍ക്കുംകൂടെ റൂമില്‍ കിടക്കാന്‍ പറ്റില്ല ന്നു !!!
അങ്ങനെ എനിക്ക് വേണ്ടി അവന്‍ കോണിപ്പടിയില്‍ ഇരുന്നു ഉറങ്ങുന്നത് ഇതു രണ്ടാം ദിവസമാണ് എന്ന തിരിച്ചറിവ് എന്നില്‍ ഉണ്ടാക്കിയ വേദന അത്രക്ക് വലുതായിരുന്നു ...

കണ്ണ് നിറഞ്ഞു ഞാന്‍ അവനോടു പറഞ്ഞു ,
"നീ എന്നോട് ചെയ്യുന്നത് ക്രൂരതയാണ്, ഒരിക്കലെങ്കിലും എന്നോട് നീ പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ ഇവിടെ നില്‍ക്കില്ലായിരുന്നെടാ" !!

അന്ന് വൈകീട്ട്;  ഞാന്‍ ഒരിക്കലും പോകാന്‍ ഇഷ്ടപ്പെട്ടിട്ടില്ലാത്ത, ഇനി ഒരിക്കലും തിരിച്ചു എത്തരുത് എന്ന് ആഗ്രഹിച്ച ദേരയില്‍ ആ പഴയ വില്ലയിലേക്ക് പോകാന്‍ തീരുമാനിച്ചു. റൂമിന്റെ ഓണറെ വിളിച്ചു സംസാരിച്ചു, പക്ഷെ അവിടെയും
എനിക്ക് വേണ്ടി ഒഴിചിട്ടത് ഒരു കട്ടില്‍ ആയിരുന്നില്ല, മൂന്ന് നിലകളായി ഇട്ട കട്ടിലിന്‍റെ താഴെ വെറും നിലത്ത് ഒരു സ്ഥലം ഒഴിവുണ്ട് എന്ന് പറഞ്ഞു .. അവിടെ നീ കിടക്കണ്ട നീ വേറെ റൂം നോക്കിക്കോ എന്നും പറഞ്ഞു ;;;;

പക്ഷെ, എന്റെ സുഹൃത്തിന്‍റെ,  മനസ് പൊള്ളിക്കുന്ന,  ആ കട്ടിലില്‍ കിടക്കുന്നതിനേക്കാള്‍ സമാധാനം എനിക്ക് ആ തറയില്‍,  കട്ടില്‍ന്റെ അടിയില്‍ കിട്ടും എന്ന് ഉറപ്പായിരുന്നു... അങ്ങോട്ട്‌ തന്നെ പോകാന്‍ തീരുമാനിച്ചു .. സന്തോഷത്തോടെ .. എന്റെ സുഹൃത്തിനെ കോണിപ്പടിയില്‍ നിര്‍ത്തുന്നതിലും എത്രയോ ഭേദം ആ വില്ലയിലെ വെറും തറയാണ്  എന്ന തിരിച്ചറിവോടെ ....

സൗഹൃദങ്ങള്‍ ചിലപ്പോള്‍ രക്തബന്ധങ്ങളെക്കാള്‍ ദ്രിഡമാകുകയും പരസ്പരം മനസിലാക്കി, എന്നാല്‍ നിശ്ശബ്ദമായി സഹായിക്കാന്‍ ഏതറ്റംവരെയും പോകുന്ന ചില ബന്ധങ്ങള്‍.. അവരില്‍ ഒരാള്‍ ... നീ നീ മാത്രമായിരുന്നു അലി .. നിന്നെ ഞാന്‍ ഓര്‍ക്കും ... ഓര്‍മയുടെ അവസാനത്തെ കണികയും അലിഞ്ഞു തീരുംവരെ .....
 
ഇനിയും ഏറെ പറയാനുണ്ട്; മടുപ്പിക്കുന്ന വായനയെങ്കില്‍ തുറന്നു പറയാന്‍ മടിക്കരുത്

എന്തിനു ഈ കുറിപ്പ് എന്നാരെങ്കിലും ചിന്തിക്കുന്നു എങ്കില്‍ ഉത്തരം ഒന്നേ ഉള്ളൂ.. പ്രവാസത്തിന്റെ പതിമൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ കടന്നു പോയ വഴികളില്‍ കണ്ടതും അനുഭവിച്ചതും പങ്കുവെക്കാന്‍ .. ഒരു പക്ഷെ ഇതേ പോലെ ഇന്നും അനുഭവിക്കുന്ന പലര്‍ക്കും "എന്നെ പോലെ മറ്റു പലരും ഇവിടെ ജീവിച്ചിരുന്നു .. ജീവിക്കുന്നുണ്ട്" എന്നൊരു സൂചന തരാന്‍....  അത്രേ ഉള്ളൂ .. അത്ര മാത്രം .. .

ലൈകിനേക്കാള്‍ കമന്റിനേക്കാള്‍ വിലപ്പെട്ട സമയം ചിലവഴിച്ചു നിങ്ങള്‍ വായിച്ചു എന്നറിയുമ്പോള്‍ കിട്ടുന്ന സന്തോഷം.. 
     

1 comment:

2018 അകലുമ്പോൾ