Thursday, July 23, 2015

നിലക്കാത്ത ശബ്ദം


പള്ളിമുക്കിലെ കടയിൽനിന്നും രാത്രീലേക്കുള്ള  കപ്പയും വാങ്ങി നേരെ മീൻകാരൻ അബ്ദുള്ളയുടെ അടുത്തേക്ക് ഭാസ്കരൻ വേച്ച് വേച്ച് നടന്നു. ആടി ആടി മീൻകോട്ടയിലേക്ക് ഒന്ന് എത്തിനോക്കി പിന്നെ തലപെരുപ്പിക്കുന്ന കള്ളിന്റെ കരുത്തിൽ അബ്ദുല്ലയോടു ഒന്ന് കയർത്തു .

"മീനന്താ ഔള്ളാ നിന്നെപ്പോലെതന്നെ ചീഞ്ഞുപോയത് , നിനക്ക് നല്ല മീനൊന്നും തന്നൂടെ , ഞാനും പൈസല്ലേ ഡാ തരുന്നത് ?"

ഭാസ്കരനോടു തർക്കിക്കാൻ ഒട്ടും താൽപര്യമുണ്ടായിട്ടല്ല , എങ്കിലും ആ വാക്കുകൾ അബ്ദുള്ളയെ ഒരുത്തിരി ദേഷ്യംപിടിപ്പിച്ചു  "ഭാസ്കരാ അത് നിന്റെ വയറ്റിലെ കള്ളിന്റെ കൊഴപ്പാ , മീൻ ചീഞ്ഞതല്ല, നീ മെല്ലെ വീട്ടിൽ പോ വെറുതെ തർക്കിക്കാതെ " നിനക്കുള്ള മീൻ ഞാൻ വീട്ടിൽ തരും നീ ഇപ്പൊ പോ  ..

ഭാസ്കരനും വിടാൻ ഭാവമില്ലായിരുന്നു , " ആഹ!! നീ എനിക്ക് മീൻ തരില്ലേ , എന്താടാ എനിക്ക് കൊഴപ്പം , ഞാൻ പോലയനായതാ ? എന്റെതും കാശല്ലെ ? പകലന്തിയോളം വെയില് കൊണ്ട കാശാ ഇത് അറിയോ ?" ഭാസ്കരാൻ അബ്ദുള്ളയുടെ മീൻകോട്ടയിൽ കൈ വെച്ചു. അബ്ദുള്ളക്കോ കണ്ടു നിന്ന നാട്ടുകാർക്കോ എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപേ ഒറ്റ വലിക്കു മീൻ മുഴുവൻ റോഡിൽ വീണു ചിതറി ..

"ഭാസ്കരാ !!" അബ്ദുള്ള അലറി , കള്ള ഹിമാറെ നീ എന്റെ മീൻ............നിന്നെ ഞാൻ കൊല്ലൂടാ "

അബ്ദുള്ളയുടെ കൈ ഭാസ്കരന്റെ മുതുകിൽ ആഞ്ഞു പതിച്ചു .  കള്ള് തലയ്ക്കു പിടിച്ചു നേരെ നിലക്കാൻ കെൽപ്പില്ലാത്ത ഭാസ്കരൻ അടിയുടെ ശക്തിയിൽ റോഡരികിലെ ചെളിവെള്ളത്തിലേക്ക് തെറിച്ചു വീണു.

ആളുകൾ ചുറ്റും കൂടി , കൂട്ടത്തിൽ പഞ്ചായത്ത് മെമ്പർ കണാരെട്ടൻ പറഞ്ഞു "അബ്ദുള്ളാ ഇനി ഭാസകാരനെ അടിക്കരുത് ; കള്ളിന്റെ പൊറത്ത് ചെയ്തതാ , മീനിന്റെ കാശു നമുക്ക് വാങ്ങിക്കാം അവന്റെ കയ്യീന്ന് തന്നെ നീ സമാധാനിക്കു "

“എനിക്കവന്റെ കാശൊന്നും വേണ്ട കണാരേട്ടാ എന്നാലും അവനീപ്പണി ചെയ്യാവോ ; അവനും കൂടെയുള്ള മീനാ ഈ കൊട്ടലത് അറിയോ നിങ്ങള്‍ക്ക് ”  അബ്ദുള്ള ചോദിച്ചു

ചെളിയിൽ കിടന്നു പുളയ്ക്കുന്ന ഭാസകാരനെ പിടിചെഴുന്നെൽപ്പിക്കാൻ ഒന്ന് രണ്ടു പേർ അയാളുടെ അടുത്തെത്തി ,  "തൊടരുത് എന്നെ!!!, എനിക്കറിയാം ... എനിക്കറിയാം എന്താ വെണ്ടെന്ന് , ആരും വേണ്ടാ ഭാസ്കരൻ ഒറ്റക്കാ എന്നും ഒറ്റക്കാ !! ", ഭാസ്കരൻ എല്ലാവരോടുമായി പറഞ്ഞു..

ഉരുണ്ടു വീണു ഒരു വിധം എണീറ്റ ഭാസകര്ന്റെ കൈ അരയിലെ പിച്ചാത്തി കയ്യിൽ പിടിമുറുക്കി . ആടി ആടി അബ്ദുള്ളക്കടുതെക്ക് നടന്നടുത്തു ..

"ഭാസ്കരാ നീ പോ ", അടുത്തേക്ക് വരുന്ന ഭാസ്കരനെ പിന്നിലേക്ക്‌ തള്ളി അബ്ദുള്ള പറഞ്ഞു .. രണ്ടടി പിന്നോട്ട് മാറി പിന്നെ മുന്നോട്ട് കുതിച്ച ഭാസകരൻ കത്തി വലിച്ചൂരി അബ്ദുള്ളയുടെ കഴുത്തിൽ കുത്തി ഇറക്കി .

ഒരലർചയൊടെ അബ്ദുള്ള റോഡിലേക്ക് വീണു, ആളുകൾ ഓടിക്കൂടി .. സംഭവിച്ചതെന്താനെന്നു മനസ്സിലാക്കാൻ ഒരൽപം സമയമെടുത്തു എല്ലാവരും. കുത്തും എന്ന് ആരും പ്രതീക്ഷിച്ചില്ല അതിന്റെ അമ്പരപ്പ് എല്ലാവരിലും ഉണ്ടായിരുന്നു ..

"വേഗം ഒരു വണ്ടി എർപ്പാടാക്ക്  , പെട്ടന്ന് ആസ്പത്രീലെത്തിച്ചാ രക്ഷിക്കാം , മെഡിക്കൽ റപ്പ് നാരയണേട്ടൻ പറഞ്ഞു ..

അത് വഴി വന്ന 'ആപ്പ' ഓട്ടോറിക്ഷയിൽ അബ്ദുല്ലയെ കയറ്റി നേരെ ഇ എം എസ് ആശുപത്രിയിലേക്ക് വെച്ച് പിടിച്ചു .

"കഴുത്തിൽ ആഴത്തിൽ മുറിയുണ്ട് പെട്ടന്ന് മെഡിക്കൽ കോളേജിൽ എത്തിക്കണം , ആംബുലൻസ് എർപ്പാടാക്കണം" ഡോക്ടർ കൂടെ വന്നവരോട് പറഞ്ഞു .

"തലൂക്കാശ്പത്രീലെ ആബുലൻസു വിളിക്കാം നമ്മുടെ അജു അല്ലെ അതിലെ ഡ്രൈവർ , ഓനെ ഞാൻ വിളിക്കാം " കൂടെ വന്ന റഷീദ് പറഞ്ഞു. 

വിവരമറിഞ്ഞ അജു പെട്ടന്ന്തന്നെ ആംബുലന്‍സുമായി ആശുപത്രിയില്‍ എത്തി അബ്ദുള്ളയെയും കൊണ്ടു ആംബുലൻസ് മെഡിക്കൽ കോളെജിലേക്ക് കുതിച്ചു പാഞ്ഞു ..

ഭാസകാരനെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചിരുന്നു, കള്ളിന്റെ കെട്ടുവിട്ട ഭാസ്കരന് താന്‍ അബ്ദുള്ളയെ കുത്തി എന്ന സത്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. തൊട്ടടുത്ത വീട്ടിലെ, അതും ബാല്യകാലം മുതലേ തന്റെ ചങ്ങാതിയായ, എന്നും വീട്ടില്‍ കാശുവാങ്ങാതെ മീന്‍ തരാറുള്ള അബ്ദുള്ളയെ.... “എനിക്ക് വയ്യായേ, എന്റെ പടച്ചവനേ .. എന്നോടു പൊറുക്കണേ എന്റ്റെ മുത്തപ്പാ .. അബ്ദുള്ളക്കു ഒന്നും സംഭവിക്കല്ലേ.. മുത്തപ്പന് വെള്ളാട്ട് നേരാമേ  “ ഭാസ്കരന്‍ പോലീസ് സ്റെഷനില്‍ ഇരുന്നു കരയാന്‍ തുടങ്ങി ..

“ഒരുത്തനെ കുത്തി കൊല്ലാന്‍നോക്കീട്ടു കെടന്നു മോങ്ങുന്നോടാ പട്ടീ “, എസ് ഐ അലറി . ഇടിച്ചു നിറെ നെഞ്ചിന്‍കൂടു ഞാന്‍ പൊളിക്കും തെമ്മാടീ .. കള്ളുകുടിച്ചാ വയറ്റില്‍ കിടക്കണമെടാ .. അല്ലാതെ വല്ലോരുടെം നെഞ്ചത്ത് കേറി അഭ്യാസം കാണിച്ചാ ഇതാ ഗതി .. പട്ടി !!”

കലി തീരാതെ എസ് ഐ , ഭാസ്കരനെ കുനിച്ചു നിര്‍ത്തി രണ്ടു ഇടീം കൊടുത്തു ..

“സാറ് എന്നെ എത്ര വേണേലും തല്ലിക്കോ , എന്നെ കൊന്നോ എന്നാലും എന്റെ സങ്കടം തീരില്ലാ സാറേ , ഞാനും അബ്ദുള്ളയും  അങ്ങനെ നടന്നതാ സാറെ , അറിയാതെ ... ഈ കള്ളുകുടിച്ചതാ സാറേ എല്ലാത്തിനും കാരണം ഇനി കുടിക്കില്ല .. ഇനി കുടിക്കില്ല “ ഭാസ്കരന്റെ കണ്ണ് നിറഞ്ഞു ...

“ആഹ! ഇനി നീ കുടിക്കണ്ട, നീ ഇനി പുറത്തിറങ്ങീട്ട് വേണ്ടെടാ കുടിക്കാന്‍“ എസ് ഐ തിരിഞ്ഞു നടന്നു ..

ഐസിയുവില്‍ അബ്ദുള്ള പതിയെ കണ്ണ് തുറന്നു. ഒബ്സര്‍വേഷനിലുള്ള ഡോക്ടര്‍ പുറത്തു വന്നു അബ്ദുള്ളയുടെ ഭാര്യയോടും മറ്റും പറഞ്ഞു  

“കഴുത്തില്‍ വലിയ പരിക്കാണ് പറ്റിയത് , എന്തോ ഭാഗ്യം കൊണ്ടു രക്ഷ പെട്ടൂ , കണ്ണ് തുറന്നിട്ടുണ്ട് “.

“എന്റെ റബ്ബേ , പടച്ചതമ്പുരാന്‍ കാത്തു..” ആമിനഉമ്മയുടെ കണ്ണ് നിറഞ്ഞു. ഞാനൊന്നു കണ്ടോട്ടെ ഡാക്ടറെ, ഒന്ന് കണ്ടാ മാത്രം മതി .... ആമിന ഉമ്മ ഡോക്ടറോട് കെഞ്ചി . കഴിഞ്ഞ പത്തിരുപത് മണിക്കൂറായി അവര്‍ ഈ ചോദ്യം തന്നെ ചോദിക്കുന്നു .. പക്ഷെ ആരും അനുവദിച്ചില്ല ..

“ശരി , കണ്ടോളൂ , പക്ഷെ സംസാരിക്കരുത് , ദൂരെ നിന്ന് ഒന്ന് കണ്ടോളൂ “ ഡോക്ടരുടെ അനുമതി വരമായി സ്വീകരിച്ചു അവര്‍ ഐസി യുനിറ്റിലേക്ക് നടന്നു .

കഴുത്തില്‍ വലിയയൊരു കെട്ടുകെട്ടി കട്ടിലില്‍ മലര്‍ന്നു കിടക്കുന്ന അബ്ദുള്ളയെ കണ്ണീരോടെ കണ്ടു ആമിനഉമ്മ തിരിച്ചു നടന്നു ..

“ന്നാലും എന്റെ ഭാസ്കരാ നീ ഈപ്പണി ചെയ്തല്ലോ . എത്ര മീന്‍ നീ ഈ ഇക്കാന്റെ കയ്യീന്ന് വെറുതെ വാങ്ങി തിന്നതാ? ഒരിത്തിരി നന്ദി നിയ്യ് കാണിച്ചില്ലാലോ .. നിന്റെ ഒള് മരിച്ചപ്പോ ഞാനല്ലേ ഭാസ്കരാ നിറെ പെണ്മക്കളെ പോറ്റിയത് ?” ആമിനഉമ്മ ആരോടെന്നില്ലാതെ കരഞ്ഞു പറഞ്ഞു.

അബ്ദുള്ളയുടെയും ഭാസകരന്റെയും കുടുംബങ്ങള്‍ അത്ര ഒരുമയോടെ ആയിരുന്നു കഴിഞ്ഞത്. ഭാസ്കരന്റെ ഭാര്യ അസുഖം വന്നു മരിച്ചപ്പോള്‍ അയാളുടെ മക്കളെ വളര്‍ത്തിയതും ആ കുടുംബത്തിനു ആശ്വാസമായതും അബ്ദുള്ളയും ഭാര്യയും ആയിരുന്നു . മക്കളില്ലാതിരുന്ന അവര്‍ ഭാസ്കരന്റെ മക്കളെ സ്വന്തം മക്കളെ പോലെ വളര്‍ത്തി.

മക്കള്‍ വളര്‍ന്നെങ്കിലും ഇപ്പോഴും അവര്‍ക്ക് കൂട്ടിരിക്കുന്നത് ആമിനയുമ്മയാണ്. ഭാസ്കരന്റെ കള്ളുകുടി അവസാനിപ്പിക്കാന്‍ അവര്‍ എന്നും പറയുമായിരിന്നു ..

ഒടുവില്‍ അതെ ഭാസ്കരന്റെ കൈകൊണ്ടു തന്നെ ഇങ്ങനെ സംഭവിച്ചതിലുള്ള വേദന ആമിനഉമ്മ മറച്ചുവെച്ചില്ല.

മെഡിക്കല്‍ റിപ്പോര്‍ട്ട് പോലീസിനു കിട്ടി , അബ്ദുള്ള മരിച്ചിട്ടില്ല , ഭാസ്കരനെ വധശ്രമ കേസില്‍ പ്രതിയാക്കി കോടതിയില്‍ ഹാജരാക്കി കോടതി അയാളെ  പോലീസ് കസ്റ്റടിയില്‍ വിട്ടു കൊടുത്തു .

കോടതിയില്‍ നിന്നും തിരികെ പോരുമ്പോള്‍ ഭാസ്കരന്‍ കൂടെയുണ്ടായിരുന്ന പോലീസുകാരനോട് ചോദിച്ചു , “അബ്ദുള്ള , അബ്ദുള്ള മരിച്ചിട്ടില്ലാ ല്ലേ “?

“എന്താടാ .. നിനക്ക് ഇനീം കുത്തണോ അയാളെ ? എങ്കില്‍ പറയടാ നീ പിന്നെ പുറം ലോകം കാണില്ല തെമ്മാടീ ..”  പോലീസ്കാരന്‍ രോഷം കൊണ്ടു ചുവന്നു.

“ചവിട്ടി നിന്റെ നാഭി കലക്കും ഞാന്‍ “ പോലീസുകാരന്‍ ജീപ്പിന്റെ കമ്പിയില്‍ പിടിച്ചു കാലുയര്‍ത്തി.

“അയ്യോ സാറേ അതല്ല , ഞാന്‍ ഇന്നലെ മുത്തപ്പനോട്‌ നേര്ന്നതാ അവന്റെ ജീവന്ടുക്കല്ലേന്നു .. അറിയാതെ പറ്റിപ്പോയതാ സാറേ ,... കള്ളു തലേക്കേറിയപ്പം ഞാന്‍ .... “ ഭാസ്കരന്റെ ശബ്ദം നേര്‍ത്തുവന്നു .

ഭാസ്കരനെ സ്റെഷനിലെ സെല്ലില്‍ അടച്ചു. അയാളുടെ മനസ്സില്‍ കുറ്റബോധതിന്റെ കനല്‍ എരിയാന്‍ തുടങ്ങി . അബ്ദുള്ളയോടൊപ്പം ഒരുമിച്ചു കഴിഞ്ഞ കാലം മനസ്സിലൂടെ മിന്നി മാഞ്ഞു. കുട്ടിക്കാലം മുതലേ ഒന്നിച്ചു വളര്‍ന്നവരായിരുന്നു. പാടത്ത് പണിക്കു പോകുമ്പോള്‍ അബ്ദുള്ളയുടെ വീട്ടിലെ കഞ്ഞികുടിച്ചാണ് പോയിരുന്നത് . ഭാര്യ മരിച്ച ശേഷം ആമിന ഉമ്മയാണ് മക്കളെ വളര്‍ത്തിയത് ... എന്നിട്ടും ഏതോ നശിച്ച സമയത്ത് ഞാന്‍ അബ്ദുള്ളയെ .......... അയാളുടെ കണ്ണ് നിറഞ്ഞു

സമയം ഉച്ചയായി ഭാസ്കരന് ചോറ് കൊടുത്തു പക്ഷെ അയാള്‍ കഴിക്കാന്‍ കൂട്ടാക്കിയില്ല . അടുത്തുണ്ടയിരുന്ന പോലീസുകാരനോട്‌ അയാള്‍ ചോദിച്ചു

“എസ് ഐ സാറിനെ ഒന്ന് കാണാന്‍ പറ്റുമോ , ഒരു കാര്യം ചോദിക്കാനാ “

അയാള്‍ കേട്ട ഭാവം നടിച്ചില്ല , ഭാസ്കരന്‍ വീണ്ടും വീണ്ടും ചോദിച്ചു , ഒടുവില്‍ അയാള്‍ സമ്മതിച്ചു . അയാളെ എസ് ഐ യുടെ അടുത്ത് കൊണ്ടുപോയി .

“സാറേ എനിക്ക് അബ്ദുള്ളയെ ഒന്ന് കാണണം എനിക്കുറങ്ങാന്‍ പറ്റുന്നില്ല , ചോറ് കഴിക്കാന്‍ പറ്റുന്നില്ല. എന്നിക്ക് അബ്ദുള്ളയെ ഒന്ന് കാണണം സാര്‍”

“ഫ!! ഒരു മനുഷ്യനെ മൃതപ്രായനാക്കിട്ട് നിന്ന് കെഞ്ചുന്നോടാ”, എസ് ഐ അയാളെ ആട്ടി. “കൊണ്ടു പോയി സെല്ലില്‍ അടക്ക് അവിടെ പട്ടിണി കിടക്കട്ടെ”..

ഭാസകരനെ വീണ്ടും സെല്ലില്‍ അടച്ചു. ദിവസം രണ്ടു കഴിഞ്ഞു ഒരു പോലീസുകാരന്‍ എസ് ഐയെ കണ്ടു കാര്യം പറഞ്ഞു

“ആ ഭാസ്കരന്‍ രണ്ടു നാളായി വല്ലതും കഴിച്ചിട്ട് , അവന്‍ ചത്ത്‌ പോകും സാറേ , ആ വിക്ടിമിനെ കാണണം എന്ന ഒറ്റ ആവശ്യമാ .. നല്ല കുറ്റബോധം ഉണ്ടയാള്‍ക്ക്.. ഒന്ന് ആശുപത്രിയില്‍ കൊണ്ടുപോയി കാണിച്ചാലോ ”

താന്‍ ഒന്ന് മിണ്ടാതിരി, ഈ പ്രതി അയാളെ ആശുപത്രിയില്‍ വെച്ച് ആക്രമിച്ചാലോ? താന്‍ സമാധാനം പറയോ? അല്ലെങ്കില്‍ അയാളുടെ ബന്ധുക്കള്‍ ഇയാളെ വല്ലതും ചെയ്താലോ? തനിക്കു ജോലി വേണം എങ്കില്‍ മിണ്ടാതിരുന്നോ .. എസ് ഐ ഒരല്‍പം പരുഷമായി അയാളോട് പറഞ്ഞു .

കൂടുതല്‍ ഒന്നും പറയാതെ പോലീസുകാരന്‍ തിരികെ പോയി.

ആശുപത്രിയില്‍ അബ്ദുള്ളയുടെ നില മെച്ചപ്പെട്ടു വന്നു . അതെ സമയം ഭാസകന്റെ നില കൂടുതല്‍ വഷളായി അയാള്‍ ജലപാനം പോലുമില്ലാതെ ഒരേ കിടപ്പ് തന്നെ .ഒടുവില്‍ കാര്യങ്ങള്‍ കൈവിടുമെന്ന അവസ്ഥയില്‍ എസ് ഐ,  ഭാസ്കരനെ അബ്ദുള്ളയുടെ അടുത്ത് കൊണ്ടുപോകാന്‍ തീരുമാനിച്ചു .

ഭാസ്കരനെ കൂട്ടി പോലീസ് ആശുപത്രിയിലേക്ക് വന്നു. ബന്ധുക്കളുടെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. പക്ഷെ അവരെ പോലീസ് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി .

ഭാസ്കരന്‍ ഐ സി യുവില്‍ അബ്ദുള്ളയുടെ അടുത്തേക്ക് നടന്നു, അയാള്‍ നല്ല ഉറക്കമായിരുന്നു. പതിയെ അയാളുടെ കാലില്‍ മുഖം ചേര്‍ത്ത് കരഞ്ഞു. അബ്ദുള്ളയുടെ കാലുകള്‍ കണ്ണീരില്‍ കുതിര്‍ന്നു.

അബ്ദുള്ള മെല്ലെ കണ്ണ് തുറന്നു . അയാള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല .. മെല്ലെ കാലുകള്‍ ഇളക്കിയപ്പോള്‍ ഭാസ്കരന്‍ മുഖമുയത്തി അബ്ദുള്ളയെ നോക്കി. അബ്ദുള്ള കൈ പതിയെ ഉയത്തി ഭാസകര്നെ മാടി വിളിച്ചു..

ഒരു കൊച്ചുകുട്ടിയെ പോലെ വാവിട്ടു കരഞ്ഞു കൊണ്ടു അയാള്‍ പുലമ്പി

“പറ്റിപ്പോയി അറിയാണ്ട് പറ്റിപ്പോയി.. ഇനി കള്ളുകുടിക്കൂല ഞാന്‍.... സത്യം.... മുത്തപ്പനാണെ സത്യം .... എന്നോടു പൊറുത്തു എന്നൊന്ന് പറ അബ്ദുള്ള .. എന്റെ ഒരു സമാധാനത്തിനു മാത്രം ...  ഇതിന്റെ ശിക്ഷ എത്ര വലുതാണെലും ഞാന്‍ സഹിക്കും “

പക്ഷെ അബ്ദുള്ളയുടെ നാവ് അനങ്ങിയില്ല , അയാളുടെ കണ്ണില്‍ നിന്നും രണ്ടുതുള്ളി കണ്ണുനീര്‍ കവിളിലേക്ക് ഒലിച്ചിറങ്ങി ....

അബ്ദുള്ളയുടെ കയ്യില്‍ പിടിച്ചു വികാരാധീനനായി നില്‍ക്കുന്ന ഭാസ്കരനെ പോലീസുകാരന്‍ പിടിച്ചു മാറ്റി .. വേണ്ടെന്ന ഭാവത്തില്‍ അബ്ദുള്ള കൈയുയര്‍ത്തി തടയാന്‍ ശ്രമിച്ചെങ്കിലും അയാളെ പിടിച്ചു മാറ്റുക തന്നെ ചെയ്തു.

“ഇനി അബ്ദുള്ള സംസാരിക്കില്ല , ഒരിക്കലും“ പോലീസുകാരന്റെ വാക്കുകള്‍ ഒരു മിന്നല്‍പിണര്‍ പോലെ ഭാസ്കരന്റെ നാഡീവ്യൂഹത്തെ സ്തബ്ദ്മാക്കി.

ഭാസകരന്റെയും അബ്ദുള്ളയുടെയും കണ്ണില്‍ നിന്നും കണ്ണുനീര്‍ തുള്ളികള്‍ കവിളിലൂടെ ഒലിച്ചിറങ്ങി..

ഒരിക്കല്‍ കൂടെ അബ്ദുള്ളയെ തിരിഞ്ഞു നോക്കി ഭാസ്കരന്‍ പോലീസുകാരന്റെ കൂടെ പടികളിറങ്ങി; അരയിലെ പിച്ചാത്തി പിടിയില്‍ കൈ മുറുക്കിയ നിമിഷത്തെ വീണ്ടും വീണ്ടും ശപിച്ച് കൊണ്ടു അയാള്‍  ആ വലിയ കോണിപ്പടികളിലൂടെ താഴേക്കിറങ്ങി..

No comments:

Post a Comment

2018 അകലുമ്പോൾ